‘ചാര്‍ലി’ കണ്ട് വിഷാദരോഗത്തില്‍ നിന്ന് മുക്തനായി; നന്ദിസൂചകമായി മകന് ‘ദുല്‍ഖര്‍ സല്മാന്’ എന്ന് പേരുമിട്ടു ഈ ബംഗ്ലാദേശുകാരന്
|ബംഗ്ലാദേശ് സ്വദേശിയായ സെയ്ഫുദ്ദീന്‍ ഷകീൽ ആണ് തന്റെ നാട്ടിലെ ദുല്‍ഖര്‍ ആരാധകന്റെ കഥ ട്വിറ്ററിലൂടെ പങ്കുവച്ചത്.
മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലും ആരാധകരുള്ള താരമാണ് നമ്മുടെ ദുല്‍ഖര്‍ സല്മാന്. ദാ..ഇപ്പോള്‍ ഡിക്യൂവിന് ബംഗ്ലാദേശില്‍ നിന്നും കട്ട ആരാധകനെത്തിയിരിക്കുകയാണ്. ആരാധന മൂത്ത് സ്വന്തം മകന് ദുല്‍ഖര്‍ സല്‍മാനെന്ന് പേരുമിട്ടു ഇദ്ദേഹം. ബംഗ്ലാദേശ് സ്വദേശിയായ സെയ്ഫുദ്ദീന്‍ ഷകീൽ ആണ് തന്റെ നാട്ടിലെ ദുല്‍ഖര്‍ ആരാധകന്റെ കഥ ട്വിറ്ററിലൂടെ പങ്കുവച്ചത്.
“എന്റെ നാട്ടിൽ ഒരാൾ ദുൽഖർ സൽമാന്റെ ‘ചാർലി’ എന്ന ചിത്രം കണ്ട് വിഷാദരോഗത്തിൽ നിന്നും രക്ഷപെട്ടു. അദ്ദേഹം മകന് ദുൽഖർ സൽമാൻ എന്ന പേരിടുകയും ചെയ്യും. ബംഗ്ലാദേശിലും ദുൽഖറിന് നിരവധി ആരാധകരുണ്ട്.” എന്നായിരുന്നു സെയ്ഫുദീന്റെ ട്വീറ്റ്.
സെയ്ഫുദീന്റെ ട്വീറ്റ് കണ്ട ദുൽഖർ സന്തോഷം അറിയിച്ചു. ഒരുപാട് നന്ദി. ബംഗ്ലാദേശിലെ എല്ലാവര്ക്കും ഒരുപാട് സ്നേഹം. കോളജ് സമയത്ത് എനിക്ക് ഏറെ ബംഗ്ലാദേശി സുഹൃത്തുക്കളുണ്ടായിരുന്നു. അവരുമായുള്ള അടുപ്പം ഇപ്പോഴും സൂക്ഷിക്കുന്നു’ എന്നായിരുന്നു ദുല്‍ഖറിന്റെ റീട്വീറ്റ്.
മാര്ട്ടിന് പ്രക്കാട്ടിന്റെ സംവിധാനത്തില്‍ 2015ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ചാര്‍ലി. പാര്‍വ്വതി, അപര്‍ണ ഗോപിനാഥ് എന്നിവരായിരുന്നു നായികമാര്‍. മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ, മികച്ച ഛായാഗ്രാഹകൻ എന്നിവയുൾപ്പടെ 8 സംസ്ഥാന അവാർഡുകൾ ചാർലി സ്വന്തമാക്കിയിരുന്നു.