Entertainment
“തുറന്നുപറഞ്ഞാല്‍ ഇതാണ് സംഭവിക്കുക”; മീ ടൂ വെളിപ്പെടുത്തലിന് ശേഷം ജീവിതം മാറിയെന്ന് ചിന്മയി
Entertainment

“തുറന്നുപറഞ്ഞാല്‍ ഇതാണ് സംഭവിക്കുക”; മീ ടൂ വെളിപ്പെടുത്തലിന് ശേഷം ജീവിതം മാറിയെന്ന് ചിന്മയി

Web Desk
|
30 Nov 2018 7:11 AM GMT

തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരായ മീ ടൂ വെളിപ്പെടുത്തല്‍ തന്‍റെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചെന്ന് വിശദീകരിക്കുകയാണ് ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ചിന്മയി

"മീ ടൂ വെളിപ്പെടുത്തലിന് മുന്‍പ് ഒരു മാസം 10 മുതല്‍ 15 പാട്ടുകള്‍ വരെ പാടാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. ഇപ്പോള്‍ അവസരമില്ല. ഡബ്ബിങ് യൂണിയന്‍ എന്നെ പുറത്താക്കി. ഇതിനകം കരാറിലേര്‍പ്പെട്ട രണ്ട് സിനിമകളുടെ ഡബ്ബിങില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. ഇതൊന്നും യാദൃച്ഛികമല്ല", തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരായ മീ ടൂ വെളിപ്പെടുത്തല്‍ തന്‍റെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചെന്ന് വിശദീകരിക്കുകയാണ് ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ചിന്മയി ശ്രീപദ. ‘ദ ഹിന്ദു’വിന് നല്‍കിയ അഭിമുഖത്തിലാണ് ചിന്മയി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

തനിക്ക് മാത്രമല്ല, മലയാളത്തിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി അംഗങ്ങള്‍ക്കും വെളിപ്പെടുത്തലിന് ശേഷം അവസരങ്ങള്‍ ലഭിക്കുന്നില്ല. നിര്‍മാതാക്കള്‍ അകറ്റിനിര്‍ത്തുകയാണെന്ന് ഡബ്ല്യു.സി.സി അംഗങ്ങള്‍ പറഞ്ഞിട്ടുണ്ട്. തുറന്നുപറഞ്ഞാല്‍ ഇതാണ് സംഭവിക്കുകയെന്ന് മറ്റ് സ്ത്രീകള്‍ക്ക് ഞങ്ങളെ ചൂണ്ടിക്കാണിച്ചുകൊടുക്കുകയാണ് അവര്‍. ഇരകള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിന് പകരം മീ ടൂവിനെ ദുരുപയോഗം ചെയ്യരുത് എന്ന ഓര്‍മപ്പെടുത്തലാണ് എങ്ങും. അതേസമയം തെലുങ്കില്‍ മീ ടൂ വെളിപ്പെടുത്തല്‍ നല്ല മാറ്റമുണ്ടാക്കി. ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലോടെ അവിടെ വനിതാ കൂട്ടായ്മ രൂപീകരിക്കപ്പെട്ടെന്നും ചിന്മയി പറഞ്ഞു.

"വെളിപ്പെടുത്താന്‍ എന്തുകൊണ്ട് 13 വര്‍ഷം വൈകിയെന്നാണ് ഖുശ്ബുവിനെ പോലുള്ള സ്ത്രീകള്‍ വരെ എന്നോട് ചോദിച്ചത്. 13 വര്‍ഷം കഴിഞ്ഞിട്ട് പോലും ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ നിങ്ങള്‍ തയ്യാറല്ല. പിന്നെ 19 വയസ്സുണ്ടായിരുന്ന എന്നെ അന്ന് കേള്‍ക്കുമായിരുന്നോ?", എന്നാണ് ചിന്മയിയുടെ ചോദ്യം.

അടുത്ത കാലത്ത് സൂപ്പര്‍ ഹിറ്റായ 96ല്‍ നായികയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത് ചിന്മയി ആയിരുന്നു. അംഗത്വ ഫീസ് അടച്ചില്ലെന്ന് പറഞ്ഞാണ് ഡബ്ബിങ് യൂണിയന്‍ തന്നെ പുറത്താക്കിയത്. എന്നാല്‍ 2016 ഫെബ്രുവരിയില്‍ 5000 രൂപ ഫീസടച്ചതാണ്. അടുത്ത കാലത്ത് ഇരുമ്പുതുറൈ, 96 എന്നീ സിനിമകള്‍ തനിക്ക് ഡബ്ബ് ചെയ്യാന്‍ ലഭിച്ചതില്‍ നിന്ന് തന്നെ താന്‍ യൂണിയനില്‍ അംഗമായിരുന്നെന്ന് വ്യക്തമാണെന്നും ചിന്മയി പറയുന്നു.

ഓരോ സിനിമയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് 10 ശതമാനം നിര്‍ബന്ധിച്ച് ഈടാക്കുന്ന സംഘടനയാണ് ഡബ്ബിങ് യൂണിയന്‍. യൂണിയനുമായി എനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ പൊലീസില്‍ പരാതി നല്‍കുകയോ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയോ ചെയ്യരുത്. അങ്ങനെ ചെയ്താല്‍ അംഗത്വം നഷ്ടപ്പെടുമെന്ന് യൂണിയന്‍റെ നിയമാവലിയില്‍ പറയുന്നു. അതായത് ഡബ്ബിങ് യൂണിയന്‍ പ്രസിഡന്‍റ് രാധാരവിക്കെതിരെ തനിക്കൊരു പരാതിയുണ്ടെങ്കില്‍ അദ്ദേഹത്തെ തന്നെ സമീപിക്കണമെന്നാണ് യൂണിയന്‍റെ നിയമമെന്നും ചിന്മയി വിശദീകരിച്ചു

സിനിമാ പ്രവര്‍ത്തകരെ സംബന്ധിച്ച് തൊഴില്‍ ചെയ്യുന്ന സ്ഥലം ഏതെന്ന് നിര്‍വചിക്കല്‍ എളുപ്പമല്ല. അതാണ് വെല്ലുവിളി. പീഡന പരാതികള്‍ പരിഗണിക്കാന്‍ ഓരോ യൂണിയനും ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്നും ചിന്മയി ആവശ്യപ്പെട്ടു.

സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ഒരു ആല്‍ബത്തില്‍ പാടാനായി പോയപ്പോഴുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയതോടെയാണ് ചിന്മയിക്ക് അവസരങ്ങള്‍ ഇല്ലാതായത്. കൂടെയുള്ളവരെ പറഞ്ഞയച്ച് തന്നോടും അമ്മയോടും മാത്രം നില്‍ക്കാന്‍ പറഞ്ഞ സംഘാടകര്‍ വൈരമുത്തുവിനെ ഹോട്ടലില്‍ ചെന്ന് കാണാന്‍ പറഞ്ഞു. 'സഹകരിക്കണം' എന്നായിരുന്നു ആവശ്യം. എന്തിന് സഹകരിക്കണം എന്ന് തിരിച്ചുചോദിച്ചു. അവരുടെ ആവശ്യം നിരാകരിച്ചു. നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നിങ്ങളുടെ കരിയര്‍ ഇതോടെ തീരും എന്നായിരുന്നു ഭീഷണിയെന്നും ചിന്മയി വെളിപ്പെടുത്തുകയുണ്ടായി.

ये भी पà¥�ें- ആരോപണങ്ങള്‍ തള്ളി വൈരമുത്തു, നുണയനെന്ന് ചിന്മയി

ये भी पà¥�ें- മീ ടൂ വെളിപ്പെടുത്തല്‍ നടത്തി; ചിന്മയിയെ സംഘടനയില്‍ നിന്നും പുറത്താക്കി

Similar Posts