Entertainment
ഓസ്കര്‍ 2019; പത്തു വീതം നോമിനേഷനുകളുമായി ‘റോമ’യും ‘ദ ഫേവറെയ്റ്റും’
Entertainment

ഓസ്കര്‍ 2019; പത്തു വീതം നോമിനേഷനുകളുമായി ‘റോമ’യും ‘ദ ഫേവറെയ്റ്റും’

Web Desk
|
22 Jan 2019 5:25 PM GMT

നിരൂപക പ്രശംസയും പ്രേക്ഷക ശ്രദ്ധയും പിടിച്ചു പറ്റിയ ബ്ലാക്ക് പാന്തറും മികച്ച ചിത്രത്തിനായി മത്സര രംഗത്തുണ്ട്

ഈ വര്‍ഷത്തെ ഓസ്‌കര്‍ നോമിനേഷന്‍ ലിസ്റ്റ് പുറത്തു വന്നപ്പോള്‍, ഏറ്റവും കൂടുതല്‍ നോമിനേഷനുകളുമായി ‘റോമ’യും, ‘ദ ഫേവറെയ്റ്റും’ മുന്നില്‍. പത്ത് വീതം നോമിനേഷനുകളാണ് ഇരു ചിത്രങ്ങളും നേടിയിരിക്കുന്നത്. എട്ട് ചിത്രങ്ങളാണ് ഇക്കുറി മികച്ച ചിത്രത്തിനുള്ള ഓസ്കറിനായി മത്സരിക്കുന്നത്. ബ്ലാക്ക് പാന്തര്‍, ബ്ലാക്ക്ക്ലാന്‍സ്മാന്‍, ബൊഹീമിയന്‍ റാപ്സഡി, ദ ഫേവറെയ്റ്റ്, ഗ്രീന്‍ ബുക്ക്, റോമ, എ സ്റ്റാര്‍ ഈസ് ബോണ്‍, വൈസ് എന്നിവയാണ് മികച്ച ചിത്രങ്ങള്‍ക്കായി മത്സരിക്കുന്നത്.

വലിയ നിരൂപക പ്രശംസ നേടിയ അല്‍ഫോന്‍സ് കുറോണിന്റെ റോമക്ക്, മികച്ച ചിത്രത്തിനും മികച്ച സംവിധായകനും ഉള്‍പ്പടെയുള്ള നാമനിര്‍ദേശങ്ങളാണ് ലഭിച്ചിരിക്കുന്നത്. യര്‍ഗസ് ലന്റിമസ് സംവിധാനം ചെയ്ത ദ ഫേവറിറ്റും ഓസ്‌കാര്‍ സാധ്യത പട്ടികയില്‍ ഒന്നാമതുണ്ട്. ചിത്രത്തിലെ പ്രകടനത്തിന് ഒലീവിയ കോള്‍മാനിന് മികച്ച നടിക്കുള്ള പുരസ്‌കാരത്തിനും, മികച്ച സഹ നടിമാര്‍ക്കുള്ള അവാര്‍ഡിന് റേച്ചല്‍ വെയ്‌സിനും, എമ്മാ സ്‌റ്റോണിനും നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്. മികച്ച നടനും നടിക്കും ഉള്‍പ്പടെ എട്ടോളം നോമിനേഷനുകളുമായി ബ്രാഡ്‌ലി കൂപ്പറിന്റെ എ സ്റ്റാര്‍ ഈസ് ബോണ്‍ ചിത്രവും സാധ്യതാ പട്ടികയില്‍ മുന്നിലുണ്ട്.

ജോര്‍ജ് ഡബ്ല്യൂ ബുഷിന്റെ കാലത്തെ അമേരിക്കന്‍ വൈസ് പ്രസിഡന്റായിരുന്ന ഡിക്ക് ചെനിയുടെ കഥ പറയുന്ന ‘വൈസി’ന്, മികച്ച നടനുള്ള അവാര്‍ഡുള്‍പ്പടെ എട്ടോളം നോമിനേഷനുകള്‍ ലഭിച്ചിട്ടുണ്ട്. നിരൂപക പ്രശംസയും പ്രേക്ഷക ശ്രദ്ധയും പിടിച്ചു പറ്റിയ ബ്ലാക്ക് പാന്തറും മികച്ച ചിത്രത്തിനായി മത്സര രംഗത്തുണ്ട്. ഒരു സൂപ്പര്‍ ഹീറോ ചിത്രം ഈ വിഭാഗത്തില്‍ നോമിനേഷന്‍ നേടുന്നുവെന്ന റെക്കോര്‍ഡ് ഇതോടെ ബ്ലാക്ക് പാന്തറിന് സ്വന്തമായിരിക്കുകയാണ്. ഹൃസ്വ ചിത്ര വിഭാഗത്തില്‍ ‘ബ്ലാക്ക് ഷീപ്പിന്’ നോമിനേഷന്‍ ലഭിച്ചു.

വൈസിലെ പ്രകടനത്തിന് ക്രിസ്റ്റ്യന്‍ ബെയ്ല്‍, എ സ്റ്റാര്‍ ഈസ് ബോണിലെ ജാക്സണെ അവതരിപ്പിച്ച ബ്രാഡ്ലി കൂപ്പര്‍, അറ്റ് എറ്റേര്‍ണിറ്റ് ഗേറ്റില്‍ പ്രശസ്ത ചിത്രകാരന്‍ വിന്‍സെന്റ് വാന്‍ഗോഗായെത്തിയ വില്യം ദഓഫെ, ബൊഹീമിയന്‍ റാപ്സഡിയിലെ ഗായകന്‍ ഫ്രെഡ്ഡി മെര്‍ക്കുറിയായ റാമി മാലിക്, ഗ്രീന്‍ ബുക്കിലെ പ്രകടനത്തിന് വിഗോ മോര്‍ട്ടെന്‍സന്‍ എന്നിവരാണ് മികച്ച നടനുള്ള ഓസ്കറിനായി മത്സരിക്കുന്നത്.

റോമയിലെ പ്രകടനത്തിന് എലിറ്റ്സ് അപ്പാരിഷി യോ, ദ ഫാവറിറ്റിലെ പ്രകടനത്തിന് ഒലിവിയ കോള്‍മാന്‍, എ സ്റ്റാര്‍ ഈസ് ബോണിലെ പ്രകടനത്തിന് ലേഡി ഗാഗ, മെലിസ മക്കാര്‍ത്തി എന്നിവരാണ് മികച്ച നടിക്കുള്ള നോമിനേഷന്‍ നേടിയത്. മഹര്‍ഷാല അലി, ആദം ഡ്രൈവര്‍, സാം എലിയറ്റ് റിച്ചാര്‍ഡ് ഇ ഗ്രാന്റ്, സാം റോക്ക് വെല്‍ എന്നിവര്‍ സഹനടനുള്ള നോമിനേഷന്‍ നേടിയപ്പോള്‍, ആമി ആദംസ്, മറീന ദേ തവീര, റെജിന കിങ്, എമ്മ സ്റ്റോണ്‍, റേയ്ച്ചല്‍ വെയ്സ് എന്നിവര്‍ സഹനടിക്കുമുള്ള നോമിനേഷന്‍ നേടി.

മികച്ച ഡയറക്ഷനായുള്ള നോമിനേഷനില്‍ ഒരു വനിതാ സംവിധായിക പോലുമില്ലാത്തത് ഇത്തവണ ശ്രദ്ധേയമായി. 2010ല്‍ ‘ദ ഹാര്‍ട്ട് ലോക്‌റി’ലൂടെ മികച്ച സംവിധായികക്കുള്ള അക്കാദമി അവാര്‍ഡ് നേടിയ കാതറിന്‍ ബിഗ്‌ലോക്കിന് ശേഷം ഒരു വനിതക്ക് ഇപ്രാവശ്യം ഓസ്‌കാര്‍ നേടാമെന്ന പ്രതീക്ഷ ഇതോടെ ഇല്ലാതായിരിക്കുകയാണ്.

മികച്ച ചിത്രത്തിന് പുറമെ വിദേശ ഭാഷാ ചിത്രത്തിനുള്ള നോമിനേഷനും റോമ നേടി. ലെബനീസ് ചിത്രം കാപ്പര്‍നോം, ജപ്പാനില്‍ നിന്നുള്ള ഷോപ്പ് ലിഫ്റ്റേഴ്സ്, പോളിഷ് ചിത്രം കോള്‍ഡ് വാര്‍, ജര്‍മനിയില്‍ നിന്നുള്ള നെവര്‍ ലുക്ക് എവെ എന്നിവയാണ് നോമിനേഷന്‍ നേടിയ മറ്റ് വിദേശ ഭാഷാ ചിത്രങ്ങള്‍.

Similar Posts