'വിനായകന്റെ വിളിയും കാത്തിരിക്കാണ്'; പുതിയ സിനിമയും വിശേഷങ്ങളുമായി കുമ്പളങ്ങിയിലെ 'പ്രശാന്ത്' പോപ്സ് - അഭിമുഖം
|'ചേട്ടനാ കൂളിങ്ങ് ഗ്ലാസൊന്ന് വെച്ചേ.....കണ്ടോ...ഇപ്പോ വിനായകന്റെ ലുക്കില്ലേ..!''
കുമ്പളങ്ങി നൈറ്റ്സ് കണ്ടവരാരും മറക്കാത്തതാണ് ബോബിയുടെ ചങ്ക് സുഹൃത്ത് പ്രശാന്തിനെ. കൂളിങ്ങ് ഗ്ലാസെല്ലാമിട്ട് വിനായകന്റെ ഗ്ലാമറോടെ തിയേറ്ററില്‍ നിറഞ്ഞ കൈയ്യടി നേടിയ തേവര സ്വദേശിയായ സുരാജ്. സുരാജ് എന്നും കൂട്ടുകാര്‍ക്കിടയില്‍ പോപ്സ് എന്നും അറിയപ്പെടുന്ന പ്രശാന്ത് കുമ്പളങ്ങിക്ക് ശേഷമുള്ള തന്റെ ജീവിതവും സിനിമാ സ്വപ്നങ്ങളും മീഡിയ വണ്‍ ഓണ്‍ലൈനുമായി പങ്ക് വെക്കുന്നു.
കുമ്പളങ്ങിയിലെത്തി ചേര്‍ന്നത്
ഡാന്‍സ് ക്ലാസെല്ലാം കുമ്പളങ്ങിയിലായിരുന്നു. ശ്യാം പുഷ്ക്കരന്‍ സുഹൃത്തായിരുന്നു, അത് വഴിയായിരുന്നു കുമ്പളങ്ങി സിനിമയിലെത്തി ചേര്‍ന്നത്. സിനിമയിലെത്തും മുമ്പ് നാല് ഓഡിഷനുകളുണ്ടായിരുന്നു, നാല് ഓഡിഷനിലും നല്ല രീതിയില്‍ ചെയ്യാന്‍ പറ്റി, അങ്ങനെയാണ് കുമ്പളങ്ങി നൈറ്റ്സിലെത്തുന്നത്. ആറ് ഏഴ് വര്‍ഷം ഡാന്‍സ് ക്ലാസൊക്കെ കാരണം കുമ്പളങ്ങി തന്നെയായിരുന്നു ജീവിതം. കുമ്പളങ്ങിക്കും മുമ്പ് ശ്യാം പുഷ്ക്കരിന്റെ തിരക്കഥയില്‍ വന്ന ഇയ്യോബിന്റെ പുസ്തകത്തിലൊരു ചെറിയ വേഷം ചെയ്തു. ഡയലോഗൊന്നുമില്ലാതെ ഒരു ബില്‍ഡ് അപ്പിനായിരുന്നു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ കൂടെ അന്ന് നിന്നത്. ശ്യാമുമായുള്ള കൂട്ട് തന്നെയായിരുന്നു പിന്നീട് സിനിമയിലെത്തിച്ചത്, അല്ലാതെ അഭിനയജീവിതത്തില്‍ അങ്ങനെ ആഗ്രഹങ്ങളൊന്നുല്ലായിരുന്നു, കാരണം നമ്മക്ക് പറ്റുന്ന പണിയല്ലെന്ന മനോഭാവം കൊണ്ടായിരുന്നു ജീവിച്ചത്, പക്ഷേ കുമ്പളങ്ങിയിലെ ഓഡിഷനെല്ലാം കഴിഞ്ഞപ്പോ നല്ല കോണ്‍ഫിഡന്‍സായി, നമ്മളെ മുഖത്തും വരും സാധനങ്ങള്‍ എന്നൊക്കെ മനസ്സിലായത് കൊണ്ട് കുമ്പളങ്ങിയിലഭിനയിക്കാന്‍ പറ്റി. ഇതിന് മുമ്പ് ലാല്‍ ജോസ് സാറിന്റെ മുല്ലയില് ചെറിയൊരു വേഷം ചെയ്തിട്ടുണ്ട്, ഇയ്യോബിന്റെ പുസ്തകത്തിലും ബോബി സിംഹയുടെ കൂടെ ഒരു തമിഴ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. അതെല്ലാം ബില്‍ഡ് അപ്പിന് വേണ്ടി ഡയലോഗോ കാര്യങ്ങളോ ഇല്ലാതെ അറിയാതെ ചെയ്തതായിരുന്നു. എല്ലാം നല്ല കാര്യങ്ങളായിരുന്നു ചെയ്തത്. ബോബി സിംഹ നായകനായ ഉറുമീനില് നായകന്റെ നാക്കൊക്കെ മുറിച്ച് കളയുന്നതാണ്, പക്ഷെ കൈയ്യും കത്തിയും മാത്രേള്ളു, ഞാനില്ല. അങ്ങനെയും കൊറെ ചെയ്തിട്ടുണ്ട്. പടത്തിനോടൊന്നും വലിയ പേടിയില്ല, ക്യാമറ കാണുമ്പോയുള്ള പേടിയൊന്നുണ്ടായില്ല. കുമ്പളങ്ങി നൈറ്റ്സ് അങ്ങനെ ഫ്രീയായി ചെയ്യാന്‍ പറ്റി. ആ ഫുള്‍ ക്രൂ നമ്മളെ ആള്‍ക്കാരാണല്ലോ, അതോണ്ട് ഒന്നും പേടിക്കണ്ട, എല്ലാരും നമ്മളെ ആള്‍ക്കാര്, അതോണ്ട് ബിഹേവ് ചെയ്താ മതി, ശ്യാമിനും അത് തന്നെ ആയിരുന്നു വേണ്ടത്. അഭിനയിക്കണ്ട, താനെന്താണോ അത് തന്നെങ്ങ് ചെയ്താ മതി, അഭിനയിച്ച് ഒന്നും ഫലിപ്പിക്കണ്ടന്നൊക്കെയാണ് ശ്യാം പറഞ്ഞത്. ആദ്യത്തെ ഷോട്ടില്‍ നാടകീയത സംഗതികളൊക്കെ തോന്നിന്ന് പറഞ്ഞ് എന്റെ അഭിനയത്തില്‍. അത് വേണ്ട താനെങ്ങെനെയോ അത് തന്നെ ചെയ്താ മതിന്ന് ശ്യാം പറഞ്ഞു. അതോണ്ട് ഫ്രീയായി, അധികം പാട് പെടേണ്ടി വന്നില്ല.
സിനിമയിലെ വിനായകന്റെ റഫറന്‍സ് ഡയലോഗിന് പിന്നിലെ ബുദ്ധി
അതിന് പിന്നില്‍ ശ്യാമിന്റെ ബുദ്ധി തന്നെയാണ്. ശ്യാമിന്റെ കഴിവാണത്, നമ്മളെ കൂട്ടുകാരന്‍മാരുടെ എടേലും ചെറിയ വിനായകന്‍ ലുക്കിണ്ടെടാ എന്നൊക്കെ പറയാറിണ്ട്. ഇതൊക്കെ കേട്ടിട്ടാകും ശ്യാം ആ ഡയലോഗ് എഴുതിയിട്ടിണ്ടാകുക. അതേതായാവും ഉപകാരായി എന്നും പറയാ. പത്ത് പേര് അറിയിണ്ട്, കുമ്പളങ്ങിയിലെ വിനായകന്‍ എന്ന പേരാ എല്ലാരും പറയിണത്. അതൊക്കെ ശ്യാമിന്റെ തലയാണ്, അങ്ങേരെ മാത്രം കഴിവാണ്.
സിനിമ പുറത്തിറങ്ങിയതിന് ശേഷമുള്ള വിനായകന്റെ പ്രതികരണം
സിനിമ പുറത്തിറങ്ങിയതിന് ശേഷം പിന്നെ വിനായകന്‍ ചേട്ടനെ കണ്ടിട്ടില്ല. നമ്മടെ കസിന്റെ കസിനാണ് പുള്ളിയുടെ ഡ്രൈവറ്, നമ്മളെ ട്രോളും പടവൊക്കെ കണ്ടിട്ട് പുള്ളി നമ്മടെ നമ്പറ് വാങ്ങിണ്ട്. ഇത് വരെ വിളിച്ചിട്ടില്ല, ആ വിളിയും കാത്തിരിക്കാണ് ഞാന്‍. ഏറ്റവും വലിയ ഇഷ്ടപ്പെട്ട ആളാണ് വിളിക്കാന്‍ പോണത്. ലുക്കിലല്ല, കഴിവിലാണ് കാര്യം എന്ന് പടത്തില്‍ തെളിയിച്ച മനുഷ്യനാണ്. അപ്പോ ആ ഒരു മനുഷ്യന്റെ വിളി എപ്പോഴും നമ്മള് പ്രതീക്ഷിക്കും. എനിക്ക് ഇയ്യോബിന്റെ പുസ്തകത്തിലേ അറിയാ പുള്ളിയെ, എന്നെയുമറിയാ പുള്ളിക്ക്, അങ്ങനെ ഒരു പരിചയിണ്ട്, അവിടുന്ന് അടുത്തറിയാ. പിന്നീട് അങ്ങനെ കോണ്ടാക്ട്സൊന്നുല്ല, പിന്നെ പുള്ളി തെരക്കിലായി. പിന്നെ വിളിച്ച് ശല്യപ്പെടുത്തണത് ശരിയല്ലല്ലോ. നല്ല തിരക്കുള്ള ആളല്ലേ. അങ്ങനെ വിളിയൊന്നുല്ല. വിനായകന്‍ ചേട്ടന്റെ വിളിയും കാത്തിരിക്കാണ്, അങ്ങേര് വിളിച്ച് എന്തേലും പറയട്ടെ, ചീത്തയാണെലും നല്ലതാണെല്ലും പറയട്ടെ, അങ്ങേരുടെ വായിന്ന് കേള്‍ക്കാല്ലോ. എനിക്ക് സിനിമയില് ആദ്യം കൈയ്യടി നേടിതന്ന സീനാണ് വിനായകന്റേത്, ആ സീന് കണ്ടപ്പോ തന്നെ നമ്മളെ മേലൊക്കെ പൂത്ത് കേറി. മച്ചാനെ സാധനം ക്ലിക്കായി എന്ന് തോന്നി. സംഭവം അടിപൊളിയായിരുന്നു. തിയേറ്ററിന്ന് ഇറങ്ങിയപ്പോ ഞാന്‍ വേറൊരു ലോകത്തായിരുന്നു. ആള്‍ക്കാര് നമ്മളെ കണ്ട് ഇഷ്ടപ്പെട്ട് നല്ല അഭിപ്രായൊക്കെ പറഞ്ഞ് നന്നായിട്ടുണ്ട് അടിപൊളിയാട്ടിണ്ട്, മച്ചാനെ സെല്‍ഫി എടുക്കട്ടെ ഫോണ്‍ നമ്പറൊക്കെ ചോദിച്ച്.....വാട്ട്സ്ആപ്പിലൊന്നും ഒരു രക്ഷയില്ല, തൊറക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു പടം ഇറങ്ങിയിട്ടുള്ള മുന്ന്-നാല് ദിവസം.
ये à¤à¥€ पà¥�ें- ഉയിരില്‍ തൊടുന്ന കുമ്പളങ്ങി മാജിക്
സിനിമക്ക് ശേഷമുള്ള ജീവിതം, മാറ്റം...
സിനിമയിറങ്ങിയതിന് ശേഷം ജീവിതത്തില് വലിയ മാറ്റങ്ങളൊന്നുണ്ടായിട്ടില്ല. കാര്യ സ്ഥിതികളൊക്കെ അങ്ങനെ തന്നെ പോകുന്ന്. നമ്മളെ പത്ത് പേര് തിരിച്ചറിയാന്‍ തുടങ്ങി, കുമ്പളങ്ങി അഭിനയിച്ച ചേട്ടനല്ലേ എന്നൊക്കെ ചോദിച്ച് സിനിമയെ നല്ലതൊക്കെ പറയും. പടത്തിന് ശേഷമുള്ള മാറ്റം എന്നത് വേറൊരു സിനിമയില് അവസരം കിട്ടിയെന്നുള്ളതാണ്. ഫ്രൈഡേ ഫിലിംസിന്റെ ജനമൈത്രി എന്ന സിനിമയില് അഭിനയിക്കാനുള്ള അവസരം കിട്ടിയത്. ഇതാണ് വലിയൊരു മാറ്റവുണ്ടായത്. പിന്നെ നാട്ടുകാര്‍ക്കൊക്കെ ഭയങ്കര ഹാപ്പിയാണ്. നമ്മള് കാരണം തേവര-കോന്തുരുത്തി ഭാഗൊക്കെ അറിഞ്ഞുന്നുള്ള സീനാ. നീ വേണ്ടി വന്നു കോന്തുരുത്തിയൊക്കെ അറിയാന്‍. അത്തരത്തില്‍ മൊത്തം വൈബാണ്.
കുമ്പളങ്ങി ഇറങ്ങിയതിന് ശേഷമുള്ള സിനിമയില്‍ നിന്നുള്ള ആദ്യ പ്രതികരണം, പ്രശംസ...
കുമ്പളങ്ങി നൈറ്റ്സ് ഇറങ്ങി കഴിഞ്ഞിട്ട് ആദ്യം വിളിക്കുന്നത് അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമയുടെ തിരക്കഥ ഒരുക്കിയ ചേട്ടനാണ്. പുള്ളി വിളിച്ചിട്ട് പറഞ്ഞ് തനിക്ക് കൊറെ കാരക്ടര്‍ റോള് ചെയ്യാന്‍ കഴിയും, അതിന് ശേഷിയുള്ള മനുഷ്യനാണ്. താന്‍ കലയെ സ്നേഹിക്കുക, പടത്തെ സ്നേഹിക്കുക, ലഭിക്കുന്ന റോള്‍ ഭംഗിയാക്കുക, നിനക്ക് ഇനിയും കൊറെ വേഷങ്ങള്‍ കിട്ടും എന്നൊക്കെ പുള്ളിക്കാരന്‍ പറഞ്ഞു. നമ്മക്ക് അത് വലിയ കാര്യമാണ്, പടത്തിലൊക്കെ വര്‍ക്ക് ചെയ്യുന്ന ഒരാള്‍ നല്ലത് പറയുന്നത് വലിയ കാര്യാണ്. ഇനിയുള്ള എന്റെ പ്രതീക്ഷ ഫ്രൈഡേ ഫിലിംസിന്റെ അടുത്ത സിനിമയാണ്, അത് നന്നാകട്ടെ എന്നാണ് പ്രാര്‍ത്ഥന മുഴുവന്‍.
സിനിമയിലെ അഭിനയം കണ്ടിട്ട് ശ്യാം പുഷ്ക്കരന്‍ പറഞ്ഞത്
എനിക്ക് ശരിക്കും പറഞ്ഞാ ഈ പടത്തില് ചെറിയ ചെറിയ ഡയലോഗും കാര്യങ്ങളും മാത്രാണ് ണ്ടായിട്ടുള്ളത്. അത് കാരണം എടുത്താല്‍ പൊങ്ങാത്ത കാര്യങ്ങളൊന്നും തന്നിട്ടില്ല, പിന്നെ എനിക്ക് ആകെ പണിയെടുക്കണ്ടേ സീനെന്ന് വെച്ചത് ബാറ് സീനായിരുന്നു. ബാറില് ഷെയിന്‍ എന്നോട് ചോദിക്കാണ് നീ ചായ കുടിക്കാന്‍ വേണ്ടി ചായകട തൊടങ്ങാന്‍ പോവാണോന്ന്, ഇത്തിരി ഇമോഷണലും ദേഷ്യവും കാര്യങ്ങളുമൊക്കെയായി ചെയ്യേണ്ട ഒരു സംഭവായിരുന്നു അത്. അതായിരുന്നു ശ്യാം എനിക്ക് ടാര്‍ഗറ്റായിട്ട് തന്നത്, ഇത് ചെയ്താ മച്ചാനേ മച്ചാന്‍ അടിപൊളിയായി. നമ്മ തന്നെ വിളിച്ചതും തന്നെ ഇതിലേക്ക് കാസ്റ്റ് ചെയ്തതും കബൂറാക്കി. നമ്മ വിചാരിച്ച പോലെ വന്നില്ലെങ്കി തന്നെ വിളിച്ചെ വെറുതെയായി പോകും എന്ന് ശ്യാം എന്നോട് പറഞ്ഞു. അപ്പോ നമ്മക്ക് അത് നന്നാക്കണം എന്നുള്ള മൈന്റായി. മധുവേട്ടനും ശ്യാമും ഹാപ്പിയാണെന്ന് ഷൂട്ടിങ്ങ് കഴിഞ്ഞ് ചോദിച്ചപ്പോ മനസ്സിലായി. ക്രൂ കംപ്ലീറ്റ് ക്ലാപ്പ് ഒക്കെ തന്നു. ബാറിലെ സീനായിരുന്നു ഏറ്റവും ഇംബോര്‍ട്ടന്റ് സീന്‍, ഷെയിന്റെ ജീവിതത്തില്‍ മാറ്റമുണ്ടാക്കുന്ന സീനാണത്. ഏതായാലും ഭംഗിയായി ആ ഭാഗം ചെയ്യാന്‍ പറ്റി. അടിപൊളിയാണെന്ന് ശ്യാം മച്ചാന്‍ പറഞ്ഞു.
ഷെയിനുമായിട്ടുള്ള അഭിനയം
ഷെയിന്‍ സിനിമക്ക് മുമ്പ് നമ്മളെ കുമ്പളങ്ങിയിലെ ഡാന്‍സ് ക്ലാസിലൊക്കെ വന്നിട്ടുണ്ട്. അന്ന് ഞാന്‍ ക്ലാസിലേക്കൊക്കെ വരണത് കൊറവാണ്. ഇവന്‍ അബീക്കടെ മോനാണെന്ന് പറഞ്ഞ്, അബീക്കനെ നമ്മക്കൊക്കെ ഭയങ്കര കാര്യാണ്. ഷെയിന്റെ രണ്ടാമത്തെ സിനിമക്ക് ശേഷാണ് ഡാന്‍സിന് വരണത്. ഷെയിന്റെ വല്യ പെരുന്നാള് എന്ന പടം വരണിണ്ട്. അത് ഡാന്‍സ് ബേസ്ഡ് പടാണ്. അങ്ങനെ അതിന് വേണ്ടിയാണ് അവന്‍ അങ്ങട്ട് വരണത്. ഷെയിന്റെ കൂടെ അങ്ങനെ കമ്പനിയായി. ഷെയിന്‍ ഭയങ്കര എനര്‍ജിയുള്ള മനുഷ്യനാണ്, അവന് അവന്റിലേക്ക് കൊണ്ട് വരും നമ്മളെ. ഫുള്‍ ടൈം ഓണായിരിക്കും ചെക്കന്‍. അവന്‍ വന്നപ്പോ തന്നെ മച്ചാനെന്നൊക്കെ പറഞ്ഞ് ഭയങ്കര കമ്പനിയായി. അവിന്റെടുക്കന്ന് കൊറെ പഠിക്കാന്‍ പറ്റി. പടത്തില് മച്ചാന്‍ പൊളിച്ചിട്ടിണ്ട്, അടുത്ത പടം ഉറപ്പായും കിട്ടും മച്ചാനെന്നൊക്കെ പറഞ്ഞ്. ഇപ്പോഴും വിളിക്കാറിണ്ട് മച്ചാന്‍, മച്ചാനെ ഷൂട്ടിലാണ് അതാണ് ഇതാണ് ന്നൊക്കെ പറയും. ഓന്റെ ഉമ്മച്ചിക്കൊക്കെ ഭയങ്കര ഇഷ്ടാണ്. ഉമ്മച്ചിയൊക്കെ അടിപൊളിയാണ്. അവന് ഉമ്മച്ചിക്കൊക്കെ പരിചയപ്പെടുത്തിയത് ഇത് പോപ്സാണ് ഉമ്മാന്നൊക്കെ പറഞ്ഞാണ്. അബീക്കനൊക്കെ മുമ്പ് കണ്ടിട്ടിണ്ട്, ഞാന്‍ അവനോടും പറഞ്ഞിണ്ട്, നിന്റെ ഫാദറിന് പറ്റാത്തതൊക്കെ നീ നടത്തണം ന്നൊക്കെ. നമ്മ നടത്തും മച്ചാനെ പുറകിലുണ്ട് എന്നാെക്കെ പറഞ്ഞിണ്ട്. അവന് ഭയങ്കര എനര്‍ജിയാണ്, അവന്‍ അവന്റെ പകുതി എനര്‍ജി നമ്മക്ക് തരും. കുമ്പളങ്ങിയിലെ എല്ലാവരും നല്ല പിന്തുണയായിരുന്നു.