Entertainment
ഉന്നം തെറ്റാതെ ഉണ്ട 
Entertainment

ഉന്നം തെറ്റാതെ ഉണ്ട 

റോഷിന്‍ രാഘവന്‍
|
14 Jun 2019 12:22 PM GMT

'ചത്തീസ്ഗഡില്‍ തെര‍ഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസ് സംഘം ദുരിതത്തില്‍' എന്ന് 2014ല്‍ പ്രത്യക്ഷപ്പെട്ട ഒരു പത്രവാര്‍ത്തയുടെ നൂലുകള്‍ കണ്ടെത്തിയാണ് സംവിധായകന്‍ ഖാലിദ് റഹ്മാന്‍ ഉണ്ടയുടെ കഥയിലെത്തുന്നത്

ഒരു തെരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ മാവോയിസ്റ്റ് ബാധിത മേഖലയായ ചത്തീസ്ഗഡിലെ

ബസ്തറിലേക്ക് കേരളത്തില്‍ നിന്നും ഒരു പൊലീസ് ബറ്റാലിയണ്‍ യാത്ര തിരിക്കുന്നു. സംസ്ഥാനത്തിന്‍റെ

അഭിമാനമാകാന്‍ ഉത്തരേന്ത്യയിലേക്ക് വണ്ടി കയറിയ അവര്‍ അവിടെ വച്ച് താമസ സൌകര്യങ്ങളില്‍ നേരിട്ട

ബുദ്ധിമുട്ടുകള്‍ കാരണം പല ടീമുകളായി വിഭജിക്കുന്നു. അങ്ങനെ, തങ്ങളുടെ പോളിങ് സ്റ്റേഷനായ കാട്ടിനുള്ളിലെ

ഒരു സ്കൂളിലേക്ക് എസ്.ഐ മണികണ്ഠന്‍റെ നേതൃത്വത്തില്‍ ഒമ്പത് പേരടങ്ങുന്ന സംഘം ചെന്നെത്തുന്നു. അവിടെ

അവരെ കാത്തിരുന്ന അനുഭവങ്ങള്‍ അവരുടെ പ്രതീക്ഷകളില്‍ നിന്നും വ്യത്യസ്തമായിരുന്നു. വേണ്ട സജ്ജീകരണങ്ങളോ

ആയുധങ്ങളോ ഇല്ലാത്തതിനാല്‍ അവര്‍ക്ക് പല പ്രശ്നങ്ങളെയും അഭിമുഖീകരിക്കേണ്ടി വരുന്നു. എന്ത് പ്രശ്നങ്ങളാണ്

അവര്‍ക്ക് നേരിടേണ്ടി വരുന്നത്, ഈ പ്രശ്നങ്ങളെല്ലാം അവര്‍ എങ്ങനെ തരണം ചെയ്യുന്നു എന്നത് വളരെ രസകരമായ

രീതിയില്‍ റിയലിസ്റ്റിക്ക് സമീപനത്തിലൂടെ നോക്കി കാണുന്ന സിനിമയാണ് ഉണ്ട.

'ചത്തീസ്ഗഡില്‍ തെര‍ഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസ് സംഘം ദുരിതത്തില്‍' എന്ന് 2014ല്‍ പ്രത്യക്ഷപ്പെട്ട ഒരു

പത്ര വാര്‍ത്തയുടെ നൂലുകള്‍ കണ്ടെത്തിയാണ് സംവിധായകന്‍ ഖാലിദ് റഹ്മാന്‍ ഉണ്ടയുടെ കഥയിലെത്തുന്നത്. ഒരു

യഥാര്‍ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ടെഴുതിയ കഥയായതിനാല്‍ റിയലിസ്റ്റിക്ക് മാനറിലൂടെ

യാണ് കഥ പറഞ്ഞ് പോകുന്നത്. ദേഷ്യക്കാരായ, ആരും കണ്ടാല്‍ ഭയക്കുന്ന, സര്‍വകലകളിലും പ്രാവീണ്യമുള്ള

പൊലീസ് നായകന്മാര്‍ കൊടികുത്തി വാഴുന്ന മലയാള സിനിമയില്‍ ഉണ്ടയിലെ പൊലീസുകാര്‍ വ്യത്യസ്തരാണ്

. ആ വ്യത്യസ്തത തന്നെയാണ് ഉണ്ടയുടെ ഏറ്റവും വലിയ ശ്രദ്ധാ കേന്ദ്രം. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് പട്ടാളം ഉപേക്ഷിച്ച,

പൊട്ടുമെന്നുറപ്പില്ലാത്ത തോക്കുമായി മാവോയിസ്റ്റുകളെ നേരിടാനെത്തിയ മണി സാറും പിള്ളേരും പൊലീസുകാരും

മനുഷ്യരാണ് എന്ന സത്യം സരസമായി വര്‍ണ്ണിക്കുന്നു.

ഒമ്പത് പൊലീസുകാരിലൂടെയാണ് സിനിമയുടെ യാത്ര. സാധാരണ മനുഷ്യര്‍ക്ക് ഉണ്ടാവാന്‍ സാധ്യതയുള്ള എല്ലാ പ്രശ്നങ്ങളിലൂടെയും സന്തോഷങ്ങളിലൂടെയും ജീവിതം കൊണ്ട് പോകുന്ന ഒമ്പത് പേര്‍. സാധാരണക്കാരുമായി വളരെയധികം ചേര്‍ന്നു നില്‍ക്കുന്ന ഇവരെ സിനിമയില്‍ അവതരിപ്പിച്ചിട്ടുള്ള രീതി മനോഹരമാണ്. ഓരോ കഥാപാത്രത്തിനും വ്യക്തമായ പൊസിഷന്‍ കൊടുത്തും ബാക്ക് സ്റ്റോറികള്‍ രൂപപ്പെടുത്തിയും അവരെ പ്രേക്ഷകന്‍റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങാന്‍ സഹായിക്കുന്നതില്‍ തിരക്കഥ വിജയിക്കുക തന്നെ ചെയ്തു. കേരളത്തോളം വലിപ്പം വരുന്ന ബസ്തര്‍ എന്ന ചത്തീസ്ഗഡിലെ ജില്ലയുടെ ഒരു അപകട മേഖലയില്‍ പെട്ടു പോകുന്ന കുറച്ച് പൊലീസുകാരില്‍ മാത്രം കഥ ഒതുങ്ങുന്നതിനാല്‍ കഥാപാത്രങ്ങളിലെ ഡീറ്റെയിലിങ് കഥക്ക് അടിത്തറ പാകുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.

ഒരുപാട് പൊലീസ് കഥാപാത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ച മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും വ്യത്യസ്തമായ

പൊലീസ് വേഷമാണ് സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠന്‍ സി.പി. ഒരു വെടിവെപ്പ് പോലും നടത്താത്ത, മര്യാദക്ക്

ഒരു കള്ളന്‍റെ പിന്നാലെ പോലും ഓടാത്ത എസ്.ഐ മണി തന്‍റെ സത്യസന്ധതയിലൂടെയാണ് കയ്യടി നേടുന്നത്.

ചില സാഹചര്യങ്ങളില്‍ തളരുമെങ്കിലും പ്രശ്നങ്ങള്‍ വരുമ്പോള്‍ സധൈര്യം മുന്നോട്ട് പോകുന്ന ഒരു പക്കാ കേരള

പൊലീസ്. ഏച്ചുകെട്ടലുകളില്ലാതെ മമ്മൂട്ടി അത് മനോഹരമായി അവതരിച്ചപ്പോള്‍ ഉണ്ടയിലെ മണി സാര്‍ സമീപകാലത്തെ

ഏറ്റവും മികച്ച മമ്മൂട്ടി പ്രകടനങ്ങളിലൊന്നായി.

അര്‍ജ്ജുന്‍ അശോകന്‍, ലുക്മാന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങി വളരെ കുറച്ച് ഡലയോഗുകള്‍ മാത്രമുള്ള ഗ്രിഗറി പോലും തങ്ങളുടെ റോളുകള്‍ വ്യക്തമായി മനസ്സിലാക്കിക്കൊണ്ട് അവതരിപ്പിച്ചു. ലുക്മാന്‍ അവതരിപ്പിച്ച ബിജു ഇന്നും ആദിവാസി, ദലിത് വിഭാഗം നേരിട്ടുകൊണ്ടിരിക്കുന്ന വര്‍ഗീയമായ പ്രശ്നങ്ങളുടെ പ്രതിനിധിയായി നിലകൊള്ളുന്നു. ഇതുപോലെ, ബസ്തറിലെ എല്‍.ടി.പി.ഐ ഓഫീസര്‍ കപില്‍ ദേവില്‍ തുടങ്ങി അവിടുത്തെ ആദിവാസികള്‍ വരെ രാഷ്ട്രീയ പരമായ പല ചോദ്യങ്ങളും സിനിമ കണ്ടിറിങ്ങുന്ന പ്രേക്ഷകനോട് ചോദിക്കുന്നു. ഹര്‍ഷദിന്‍റെ തിരക്കഥയും ഖാലിദ് റഹ്മാന്‍റെ കഥയും തന്നെയാണ് ഉണ്ടയുടെ തുറുപ്പുചീട്ട്. സജിത്ത് പുരുഷന്‍റെ ഫ്രെയിമുകള്‍ റിയലിസ്റ്റിക് മേക്കിങ്ങിനെ വളരെയധികം സഹായിച്ചിട്ടുണ്ട്. പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതവും സിനിമയെ അതിന്‍റെ പൂര്‍ണ്ണതയിലേക്ക് നയിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു.

ന്യൂനപക്ഷങ്ങള്‍ ഇന്നത്തെ സമൂഹത്തില്‍ വലിയ രീതിയില്‍ വേട്ടയാടപ്പെടുന്നു. നാടുകടത്തപ്പെടുന്നു. ദുരിതം അനുഭവിക്കുന്നു. ഇങ്ങനെ വേട്ടയാടപ്പെടുന്ന, നാടുകടത്തപ്പെടുന്ന, ദുരിതം അനുഭവിക്കുന്നവര്‍ എങ്ങനെ തീവ്രവാദികളും മാവോയിസ്റ്റുകളുമായി അവര്‍ പോലുമറിയാതെ മുദ്ര കുത്തപ്പെടുന്നു എന്നതും ഉണ്ടയിലെ ചര്‍ച്ചാ വിഷയമാണ്. ഉത്തരേന്ത്യയായതിനാല്‍, പോളിങ് ബൂത്തില്‍ പ്രശ്നമുണ്ടാക്കാന്‍ വരുന്നവരുടെ ജീപ്പില്‍ ജയ് റാം എന്നെഴുതിയതും ചോദ്യചിഹ്നമാണ്. ചിത്രത്തിന്‍റെ സംവിധായകന്‍ ഖാലിദ് റഹ്മാന്‍ പറഞ്ഞത് പോലെ, ഉണ്ടയിലെ വില്ലന്‍ ഭയമാണ്. മനുഷ്യന്മാര്‍ തമ്മില്‍ തമ്മിലുള്ളത്‌, മനുഷ്യര്‍ക്ക് മനുഷ്യരല്ലാത്തവരോടുള്ളത്. സ്‌റ്റേറ്റിന് മനുഷ്യരോടുള്ളത്. മനുഷ്യര്‍ക്ക് സ്‌റ്റേറ്റിനോടുള്ളത്. അങ്ങനെ ഭയം പലവിധം. ഇങ്ങനെ പല വിധം ഭയങ്ങളെ തരണം ചെയ്യാന്‍ ആര്‍ക്കും സാധിക്കണമെന്ന് ഉണ്ട പറയാതെ പറയുന്നു.

തുടക്കം മുതല്‍ റിയലിസ്റ്റിക്കായി കഥ പറയുകയും ക്ലൈമാക്സില്‍ സിനിമാറ്റിക്കായി പല നാടകീയതകളും

കൊണ്ടുവരികയും ചെയ്യുന്നതാണ് പല റിയലിസ്റ്റിക്ക് സിനിമകളും. മധു സി നാരായണന്‍റെ കുമ്പളങ്ങി

നൈറ്റ്സും എബ്രിഡ് ഷൈനിന്‍റെ പൂമരവുമെല്ലാം ഇതിന് ഉദാഹരണമാണ്. ഈ ഗണത്തില്‍ ഉണ്ടയെയും

പെടുത്താവുന്നതാണ്. തന്‍റെ പ്രശ്നങ്ങള്‍ എല്ലാവരോടുമായി വിവരിക്കുന്ന ബിജു അത് നേരിട്ട് പറയുന്നതിനേക്കാള്‍

ചില സന്ദര്‍ഭങ്ങളിലൂടെ പറഞ്ഞിരുന്നെങ്കില്‍ റിയലിസം കുറച്ച് കൂടി സ്വാധീനിച്ചേനേ. പൊതുവെ സ്ലോ പേസില്‍ കഥ

പറഞ്ഞ സിനിമ ചില സാഹചര്യങ്ങളില്‍ വലിച്ചു നീട്ടുന്ന പ്രതീതിയുണ്ടാക്കി. ആരാധകര്‍ക്ക് വേണ്ട അമാനുഷികനായല്ലാതെ

ക്ലൈമാക്സ് വരെ പ്രത്യക്ഷപ്പെട്ട മമ്മൂട്ടിക്ക് അവസാനം ചില സ്ലോ മോഷന്‍ ഷോട്ടുകളും ബി.ജി.എമ്മുമെല്ലാം കൂടുതല്‍

നല്‍കിയത് ആരാധക സംതൃപ്തി നല്‍കുമെങ്കിലും ചെറിയ രീതിയില്‍ മുഴച്ച് നിന്നു.

രാജ്യം ഉറ്റ്നോക്കിയ ഒരു തെരഞ്ഞെടുപ്പിലെ വാര്‍ത്തകളും വിവാദങ്ങളും ഇന്നും ചര്‍ച്ചാ വിഷയങ്ങളാകുന്ന സാഹചര്യമാണ്

ഇന്ന് നിലനില്‍ക്കുന്നത്. വോട്ടിങ് മെഷീനില്‍ ക്രമക്കേട്, പോള്‍ ചെയ്ത വോട്ടുകളെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ എണ്ണിയ

പ്പോള്‍ ലഭിച്ചു എന്നിങ്ങനെ തെരഞ്ഞെടുപ്പിനെക്കുറിച്ച് ഇന്നും പരക്കുന്ന വാര്‍ത്തകള്‍ ഏറെ. വോട്ട് നമ്മുടെ അവകാശമാ

യതിനാല്‍ ഓരോ ഇന്ത്യക്കാരനും ഈ തെരഞ്ഞെടുപ്പ് വിലപ്പെട്ടതുമായിരുന്നു. ഇങ്ങനെയുള്ള വാര്‍ത്തകളും ഉണ്ടയുടെ

പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

വോട്ട് ഓരോരുത്തരുടെയും അവകാശമാണ്. നമ്മെ ആര് നയിക്കണം എന്ന് നാം തീരുമാനിക്കുന്ന

ജനാധിപത്യ പ്രക്രിയ. പോളിങ് ബൂത്തില്‍ നടക്കുന്ന കഥയായതിനാല്‍ ജനാധിപത്യത്തിന് നേരെ

ഉയരുന്ന വെല്ലുവിളികള്‍ എങ്ങനെ പ്രതിരോധിക്കണം എന്നും പറയാതെ പറയുന്ന ഉണ്ട മികച്ച ഒരു

പൊളിറ്റിക്കല്‍ എന്‍റര്‍ടെയിനറാണ്. മാവോയിസ്റ്റും തെരഞ്ഞെടുപ്പുമെല്ലാം കഥയില്‍ ചര്‍ച്ചാ വിഷയങ്ങ

ളുകുമ്പോള്‍ ഹിന്ദി ചിത്രം ന്യൂട്ടണുമായി സാമ്യമുള്ള കഥയാണോ ഉണ്ടയുടേത് എന്ന് ഏവരും ഭയപ്പെ

ട്ടിരുന്നെങ്കിലും തികച്ചും ന്യൂട്ടണില്‍ നിന്നും വ്യത്യസ്തമായ യാത്രയാണ് ഉണ്ട നടത്തുന്നത്. സ്ലോ പേസ്

എന്‍റര്‍ടെയിനറായ ഉണ്ടയെയും ഉണ്ടയിലെ മമ്മൂട്ടിയുടെ മണി സാറിനെയും ഏവര്‍ക്കും ഇഷ്ടപ്പെടും

എന്നതില്‍ സംശയമില്ല.

Similar Posts