ലൂസിഫറിന് തുടര്‍ച്ച ഇനി എമ്പുരാന്‍; പ്രഖാപിച്ചത് സംവിധായകന്‍ പൃഥിരാജ്
|ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ എന്ന പേരില്‍ നടന്‍ പൃഥിരാജ് പ്രഖ്യാപിച്ചു. നായകനായ മോഹന്‍ലാല്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, തിരക്കഥാകൃത്ത് മുരളി ഗോപി എന്നിവര്‍ പ്രഖ്യാപനവേളയില്‍ സന്നിഹിതരായിരുന്നു. കൊച്ചിയില്‍ മോഹന്‍ലാലിന്റെ വീട്ടില്‍വെച്ചുള്ള വാര്‍ത്താസമ്മേളനത്തിലാണ് ലൂസിഫറിന്റെ തുടര്‍ച്ച പ്രഖ്യാപിച്ചത്. സീക്വല്‍ ആണെന്നുകരുതി ലൂസിഫറില്‍ കണ്ടതിന്റെ തുടര്‍ച്ച മാത്രമല്ല ചിത്രത്തില്‍ ഉണ്ടാവുകയെന്നും പല കഥാപാത്രങ്ങളുടെയും മുന്‍കാലവും പറയുന്ന ചിത്രമായിരിക്കും വരികയെന്നും പൃഥ്വിരാജും മുരളി ഗോപിയും പറഞ്ഞു. രണ്ടാം ഭാഗത്തിന് പുറമെ തുടര്‍ച്ച ഇനിയും വരുമെന്ന് സൂചന നല്‍കിയാണ് പൃഥിരാജും മുരളി ഗോപിയും സംസാരിച്ചത്. നേരത്തെ സീരീസ് രൂപത്തിലാണ് ചിത്രം പ്ലാന്‍ ചെയ്തതെന്നും പൃഥിരാജ് പറഞ്ഞിരുന്നു.
'ലൂസിഫര്‍ ആലോചിക്കുമ്പോള്‍ മലയാളത്തില്‍ 30 കോടി ബജറ്റുള്ള ഒരു ചിത്രം എന്നത് ചിന്തിക്കുക ബുദ്ധിമുട്ടായിരുന്നു. പക്ഷേ ലൂസിഫര്‍ നേടിയ വിജയത്തിന്റെ വലിപ്പം മലയാളസിനിമയുടെ വിപണി തന്നെയാണ് വലുതാക്കിയിരിക്കുന്നത്. കുറച്ചുകൂടി വലിയ കാന്‍വാസ് വേണ്ട സിനിമയാണ് ലൂസിഫറിന്റെ സീക്വല്‍. ഇത് സാധ്യമാവുന്നത് ലൂസിഫര്‍ വലിയ വിജയം നേടിയതുകൊണ്ടാണ്'; പൃഥ്വിരാജ് പറഞ്ഞു. 'ഒരു മഞ്ഞുകട്ടയുടെ അറ്റം മാത്രമാണ് നിങ്ങള്‍ കണ്ടതെന്നാണ് ഞാന്‍ നേരത്തേ പറഞ്ഞിരുന്നത്. അത് ഇപ്പോഴും ആവര്‍ത്തിക്കുന്നു. കുറച്ചുകൂടി ഉള്‍പ്പിരിവുകള്‍ രണ്ടാം ഭാഗത്തില്‍ ഉണ്ടാവും', മുരളി ഗോപി പറഞ്ഞു.