മനോരോഗി പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഷെയ്ന്; സ്വീകാര്യമല്ലെന്ന് നിര്‍മാതാക്കള്‍, തര്‍ക്കങ്ങള്‍ ഉടന്‍ തീരില്ല
|തന്റെ പ്രസ്താവനയിൽ ആർക്കെങ്കിലും വിഷമം ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും മനപൂര്‍വ്വമായല്ല പരാമര്‍ശം നടത്തിയതെന്നും ഷെയ്ൻ സിനിമ സംഘടനകൾക്കയച്ചു കത്തിൽ പറയുന്നു.
നിർമാതാക്കളെ മനോരോഗികൾ എന്ന് വിളിച്ചതിനു നടൻ ഷെയ്ൻ നിഗം മാപ്പ് അപേക്ഷിച്ചെങ്കിലും നിർമ്മാതാക്കളുമായുള്ള തർക്കങ്ങൾ ഉടൻ പരിഹരിക്കപ്പെടില്ല എന്ന് സൂചന. മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം ഷെയ്നുമായി ചർച്ച നടത്താൻ കഴിയില്ലെന്ന നിലപാടിലാണ് നിർമ്മാതാക്കളുടെ സംഘടന. നിർമാതാക്കളെ മനോരോഗികൾ എന്ന് വിളിച്ചതിനു ആണ് ഷെയ്ൻ ഇന്നലെ മാപ്പ് അപേക്ഷിച്ചത്.
തന്റെ പ്രസ്താവനയിൽ ആർക്കെങ്കിലും വിഷമം ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും മനപൂര്‍വ്വമായല്ല പരാമര്‍ശം നടത്തിയതെന്നും ഷെയ്ൻ സിനിമ സംഘടനകൾക്കയച്ചു കത്തിൽ പറയുന്നു. ഷെയ്ൻ അയച്ച കത്ത് കിട്ടിയതായി പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ അധ്യക്ഷന്‍ എം രഞ്ജിത്ത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഷെയ്ന്റെ മാപ്പപേക്ഷ സ്വീകാര്യമല്ല എന്ന നിലപാടിലാണ് നിർമ്മാതാക്കളുടെ സംഘടന. തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കിടെയാണ് നിര്‍മ്മാതാക്കള്‍ക്കെതിരെ ഷെയ്ന് നിഗം വിവാദപരാമര്‍ശം നടത്തിയത്. തുടർന്ന് ഷെയ്ൻ പരസ്യമായി മാപ്പ് പറയണമെന്നും ഉല്ലാസം സിനിമയുടെ ഢബിംഗ് എത്രയും പെട്ടെന്ന് പൂർത്തിയാക്കിയതിന് ശേഷമേ തുടർ ചർച്ചകളെ കുറിച്ച് ആലോചിക്കൂ എന്നും നിർമ്മാതാക്കൾ വ്യക്തമാക്കിയിരുന്നു.
പക്ഷേ ഇന്നലെ ഷെയ്ൻ നൽകിയ കത്തിൽ ഡബിംഗ് പൂർത്തീക്കരിക്കുന്നതിനെ കുറിച്ച് യാതൊന്നും പരാമർശിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഷെയ്നുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾക്ക് തയ്യാറല്ല എന്ന നിലപാടിൽ നിർമ്മാതാക്കൾ തുടരുന്നത്. ജനുവരിയില്‍ താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ നടക്കുന്നുണ്ട്. ഇതിനുശേഷം മാത്രമേ ഷെയ്ന് വിഷയത്തിലെ ഭാവിനടപടികളെ കുറിച്ച് വ്യക്തമാവൂ.