അന്തിമ പട്ടികയില്‍ 30 സിനിമകള്‍; ചലച്ചിത്ര പുരസ്കാരങ്ങള്‍ ആര്‍ക്കെല്ലാമെന്ന് ഇന്നറിയാം
|80 ചിത്രങ്ങള്‍ ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നു
2020ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. 30 സിനിമകള്‍ അന്തിമ പട്ടികയിലുണ്ട്. നടിയും സംവിധായികയുമായ സുഹാസിനി മണിരത്നമാണ് ഏഴംഗ അന്തിമ ജൂറിയുടെ അധ്യക്ഷ.
ആദ്യമായാണ് ദേശീയ മാതൃകയിൽ രണ്ടുതരം ജൂറികൾ സംസ്ഥാന അവാർഡിൽ സിനിമകള്‍ വിലയിരുത്തുന്നത്. സംവിധായകൻ ഭദ്രനും കന്നഡ സംവിധായകൻ പി.ശേഷാദ്രിയും അധ്യക്ഷൻമാരായ പ്രാഥമിക ജൂറികൾ തെരഞ്ഞെടുത്ത 30 സിനിമകളുടെ പട്ടിക സുഹാസിനി മണിരത്നം അധ്യക്ഷയായ അന്തിമ ജൂറിക്ക് കൈമാറി. ബിജു മേനോൻ, ഫഹദ് ഫാസിൽ, ജയസൂര്യ, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട്, ടൊവിനോ തോമസ് എന്നിവര്‍ മികച്ച നടനാകാന്‍ മത്സരിക്കുമ്പോള്‍ ശോഭന, പാര്‍വതി തിരുവോത്ത്, നിമിഷ സജയന്‍, അന്ന ബെന്‍, സംയുക്ത മേനോന്‍ എന്നീവര്‍ മികച്ച നടിക്കുള്ള അവാര്‍ഡിനായി രംഗത്തുണ്ട്. അന്തരിച്ച നെടുമുടി വേണു, അനില്‍ നെടുമങ്ങാട്, സംവിധായകന്‍ സച്ചി എന്നിവരുടെ പേരുകളും വിവിധ വിഭാഗങ്ങളില്‍ പരിഗണിക്കുന്നു.
വെള്ളം, ഒരിലത്തണലില്‍, സൂഫിയും സുജാതയും, ആണും പെണ്ണും, കയറ്റം, അയ്യപ്പനും കോശിയും, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നിവയാണ് മികച്ച സിനിമകളുടെ അന്തിമ പട്ടികയിലുള്ളത്. നാല് കുട്ടികളുടെ ചിത്രങ്ങൾ ഉൾപ്പെടെ 80 ചിത്രങ്ങള്‍ ഇക്കുറി മത്സരരംഗത്തുണ്ടായിരുന്നു. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മന്ത്രി സജി ചെറിയാനാകും സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുക.