‘എമ്പുരാന്‍’ അങ്കിളിന് വേണ്ടിയുള്ളതാണ്’ രണ്ടാം ചിത്രം ഭരത് ഗോപിക്ക് സമര്‍പ്പിച്ച് പൃഥ്വിരാജ്
|പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിന്‍റെ വന്‍ വിജയത്തിന് ശേഷമാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുന്നത്
മലയാള സിനിമയിലെ എക്കാലത്തേയും മികച്ച അഭിനയതാക്കളില്‍ ഒരാളാണ് ഭരത് ഗോപി. അദ്ദേഹം വിടപറഞ്ഞിട്ട് ഇന്നേക്ക് 12 വര്‍ഷം പൂര്‍ത്തിയാവുകയാണ്. മലയാളി പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രതിഭാശാലിക്ക് ആദരമര്‍പ്പിക്കുകയാണ് മലയാളികളുടെ പ്രിയ നടന്‍ പൃഥ്വിരാജ്.
സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ‘എമ്പുരാന്‍’ ഭരത് ഗോപിക്ക് സമര്‍പ്പിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് പൃഥ്വി ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. ഭരത് ഗോപിയുടെ മകനും നടനുമായ മുരളി ഗോപിയുടേതാണ് ചിത്രത്തിന്‍റെ തിരക്കഥ.
'ജീവിച്ചിരുന്നതില്‍ ഏറ്റവും മികച്ച നടന്മാരില്‍ ഒരാള്‍. ഞങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല അദ്ദേഹത്തിന്‍റെ മകനുമായി ഇത്ര മികച്ച ആത്മബന്ധമുണ്ടാകുമെന്ന്. സഹോദരന്മാര്‍ എന്ന നിലയില്‍ മാത്രമല്ല എഴുത്തുകാരനും സംവിധായകനും എന്ന നിലയിലും ഞങ്ങള്‍ തമ്മില്‍ മികച്ച ബന്ധമാണ്. 'എമ്പുരാന്‍' അങ്കിളിന് വേണ്ടിയുള്ളതാണ്' പൃഥ്വിരാജ് കുറിച്ചു. ലെജന്‍ഡ് എന്ന ടാഗിലാണ് പോസ്റ്റ്.
One of the greatest actors to have lived. Little did I know during the times we met, that his son and I would grow up to forge a bond not just as brothers..but as a writer and director too. Empuraan is for you uncle! #Legend pic.twitter.com/5nZuf1lVpJ
— Prithviraj Sukumaran (@PrithviOfficial) January 29, 2020
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിന്‍റെ വന്‍ വിജയത്തിന് ശേഷം ചിത്രത്തിന്‍റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍. 'എമ്പുരാന്‍' എന്നു പേരിട്ട രണ്ടാം ഭാഗത്തിന്‍റെ പ്രാരംഭ ചര്‍ച്ചകളും ആരംഭിച്ചു. മുരളി ഗോപി തന്നെയാണ് എമ്പുരാന്‍റയും തിരക്കഥ ഒരുക്കുന്നത്. മുരളി തിരക്കഥ നല്‍കിയാല്‍ ആറു മാസത്തില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് പൃഥ്വിരാജ് അടുത്തിടെ പറഞ്ഞിരുന്നു.
മലയാള സിനിമക്ക് ഒട്ടനവധി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച പ്രതിഭയാണ് ഭരത് ഗോപി. യവനിക, പാളങ്ങള്‍, കാറ്റത്തെ കിളിക്കൂട്, പഞ്ചവടിപ്പാലം, ഓര്‍മ്മക്കായി തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ പ്രധാന ചിത്രങ്ങള്‍. കൊടിയേറ്റം എന്ന ചിത്രത്തിന് മികച്ച നടനുള്ള ദേശിയ പുരസ്‌കാരം നേടി. ഭരത്, പത്മശ്രീ പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 2008 ജനുവരി 29 നായിരുന്നു അദ്ദേഹത്തിന്‍റെ വിയോഗം.