ഇടവകക്കാര്‍ പിരിച്ചുണ്ടാക്കിയ കാശ് കൊണ്ട് പണിത വീട്,കല്യാണവീട്ടില്‍ പാടിക്കിട്ടുന്ന 500 രൂപ കൊണ്ട് കഴിഞ്ഞ കാലം; പഴയകാല ഓര്‍മകള്‍ പങ്കുവച്ച് മെറീന മൈക്കിള്‍
|പതിനഞ്ചു വയസ്സ് മുതല്‍ ഓര്‍ക്കസ്ട്രയില്‍ പാടാന്‍ തുടങ്ങി
കുറച്ചു ചിത്രങ്ങളിലെ അഭിനയിച്ചുള്ളുവെങ്കിലും വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ടനടിയായി മാറിയ താരമാണ് മെറീന മൈക്കിള്‍ കുരിശിങ്കല്‍. കോഴിക്കോട് തിരുവണ്ണൂർ സ്വദേശിയായ മെറീനക്ക് സിനിമയിലെത്തുന്നതിന് മുന്‍പ് കഷ്ടപ്പാട് നിറഞ്ഞ ജീവിതത്തിന്റെ കഥ കൂടി പറയാനുണ്ട്. ജോഷ് ടോക്കിലൂടെ മെറീന പങ്കുവച്ച പഴയ കാല ഓര്‍മ്മകള്‍ എവിടെ നിന്ന് തുടങ്ങുന്നു എന്നതല്ല, എത്ര ഉയരങ്ങളിലേക്ക് എത്തുന്നു എന്നതാണ് പ്രധാനം നമ്മെ പഠിപ്പിക്കുന്നു.
പതിനഞ്ചു വയസ്സ് മുതല്‍ ഓര്‍ക്കസ്ട്രയില്‍ പാടാന്‍ തുടങ്ങി, കല്യാണ വീടുകളിലൊക്കെ പാടി കിട്ടുന്ന അഞ്ഞൂറ് രൂപയൊക്കെ അമ്മയുടെ കൈകളില്‍ കൊടുക്കുമ്പോള്‍ കടുത്ത ദാരിദ്ര്യാവസ്ഥയില്‍ തിളങ്ങുന്ന ആ കണ്ണുകള്‍ എനിക്ക് പ്രചോദനമായെന്ന് താരം ജോഷ് ടോക്കിലൂടെ പറയുന്നു.
ഞാന്‍ എവിടെ നിന്ന് തുടങ്ങി,എന്തായിരുന്നു എന്നതിന്റെ സ്മരണയുണ്ടാവുക എന്നത് മാത്രമാണ് ഞാന്‍ മഹത്തായി കരുതുന്ന കാര്യമെന്നുംപ്രവര്‍ത്തിക്കുന്നതും സംസാരിക്കുന്നതുമൊക്കെ ആത്മാര്‍ത്ഥമായിരിക്കുക എന്നതാണ് താന്‍ ജീവിതത്തില്‍ പുലര്‍ത്തുന്ന പ്രധാനശൈലിയെന്നും ഒരു കലാകാരിയായി അംഗീകരിക്കപ്പെട്ടത് എന്റെ ദിനങ്ങളെ നിറമുള്ളതാക്കിയെന്നും മെറീന പറഞ്ഞു.ഓര്‍ക്കുട്ടില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തില്‍ നിന്നാണ് താരത്തിന് മോഡലിംഗ് രംഗത്തേക്കുള്ള അവസരം ലഭിക്കുന്നത്. ഇപ്പോള്‍ പതിനെട്ടു സിനിമകള്‍ പൂര്‍ത്തിയാക്കുന്നു. ഒരുപാട് നേട്ടങ്ങള്‍ ഒന്നും ഇല്ല, പക്ഷെ,ആരോടും ചോദിക്കാതെ ഭക്ഷണം കഴിക്കാന്‍,ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കാന്‍,അമ്മക്കിഷ്ടമുള്ള ആഭരണം വാങ്ങാനുള്ള കെല്‍പ് തനിക്കിപ്പോഴുണ്ട്, മെറിന പറയുന്നു.