പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ചരിത്രം പറയുന്ന ബിഗ് ബഡ്ജറ്റ്ചിത്രവുമായി വിനയന്‍
|ഫേസ്ബുക്കിലൂടെയാണ് വിനയന്‍ തന്‍റെ എക്കാലത്തെയും സ്വപ്ന ചിത്രം പ്രഖ്യാപിച്ചത്
തന്‍റെ എക്കാലത്തെയും സ്വപ്നചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ വിനയന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ചിത്രം പ്രഖ്യാപിച്ചത്. പത്തൊമ്പതാം നൂറ്റാണ്ട് എന്നാണ് ചിത്രത്തിന്‍റെ പേര്. പത്തൊമ്പതാം നൂറ്റാണ്ടിലെ പഴയ തിരുവതാംകൂറിന്‍റെ ചരിത്രം പറയുന്ന ബിഗ് ബഡ്ജറ്റ് സിനിമയാണ് അണിയറയിലൊരുങ്ങുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ സാഹസിക പോരാളിയും നവോഥാന നായകനുമായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടേയും തിരുവതാംകൂറിനെ കിടുകിടാ വിറപ്പിച്ച ആസ്ഥാന തസ്ക്കരന്‍ കായംകുളം കൊച്ചുണ്ണിയുടേയും, മാറുമറക്കല്‍ സമര നായിക നങ്ങേലിയുടേയുമടക്കം നിരവധി ചരിത്ര വ്യക്തികളുടെ കഥയാണ് ചിത്രം പറയുന്നത്. നൂറോളം പ്രമുഖ കലാകാരന്‍മാരും ആയിരത്തിലേറെ ജൂനിയര്‍ ആര്‍ടിസ്റ്റുകളും സിനിമയില്‍ അണിനിരക്കുന്നുണ്ട്. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ഗോഗുലം ഗോപാലനാണ് നിര്‍മ്മിക്കുന്നത്.
''വർഷങ്ങളായുള്ള ചർച്ചയ്ക്കും, വായനയ്ക്കും, വിശകലനങ്ങൾക്കും ശേഷം പത്തൊമ്പതാം നുറ്റാണ്ടിലെ തിരുവിതാംകൂറിൻെറ അമ്പരപ്പിക്കുന്ന ഇതിഹാസം അഭ്രപാളികളിലെത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു എന്ന സന്തോഷവാർത്ത ഇവിടെ അറിയിക്കട്ടെ. ആ പഴയ കാലഘട്ടം പുനർ നിർമ്മിക്കുന്നതിലൂടെയും, നൂറോളം കലാകാരൻമാരേയും, ആയിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകളേയും പങ്കെടുപ്പിക്കേണ്ടി വരുന്നതിലൂടെയും വളരെ അധികം നിർമ്മാണച്ചെലവു വരുന്ന ഈ സിനിമ നിർമ്മിക്കുന്നത് ശ്രീഗോകുലം മൂവീസിനു വേണ്ടി ശ്രീ ഗോകുലം ഗോപാലനാണ്. കോവിഡിൻെറ കാഠിന്യം കുറയുന്നെങ്കിൽ ഈ ഡിസംബർ പകുതിക്കു ഷൂട്ടിംഗ് തുടങ്ങാമെന്നു പ്രത്യാശിക്കുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരും, തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയും, മാറുമറയ്ക്കൽ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷൻമാരും കഥാപാത്രങ്ങളാകുന്ന ഈ സിനിമ എൻെറ ചലച്ചിത്ര ജീവിതത്തിലെ ഒരു ഡ്രീം പ്രോജക്ടാണ്.
ബഹുമാന്യരായ ശ്രീ മമ്മൂട്ടിയും മോഹൻ ലാലും ഈ ടൈറ്റിൽ പോസ്റ്റർ ഷെയർ ചെയ്യുന്നു എന്നു പറഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നി. ഈ നൂറ്റാണ്ടിലെ ഏറ്റവും ജനകീയവും മഹത്തരവുമായ കലയാണു സിനിമ. നല്ല ശബ്ദ സംവിധാനത്തോടെ തീയറ്ററുകളിൽ കണ്ടാൽ മാത്രമേ അതിൻെറ പൂർണ്ണത ലഭിക്കു. മഹാമാരിയുടെ ദുരന്തം മൂലം ഇപ്പോൾ നമുക്കു നഷ്ടപ്പെട്ടിരിക്കുന്ന ആ സാഹ ചര്യം അടുത്ത വർഷം ആദ്യ പാദത്തിലെങ്കിലും തിരിച്ചു കിട്ടുമെന്നാണു വിദഗ്ദ്ധർ പറയുന്നത്. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനശ്ശക്തി ഉണ്ടങ്കിലേ വിജയം നമുക്കു പ്രതീക്ഷിക്കാനാകൂ.. ആ പരിശ്രമത്തിലാണ് ഞാൻ..
നിങ്ങളേവരുടെയും അനുഗ്രഹാശിസുകൾ ഉണ്ടാകണം''....
വിനയന്‍