Entertainment
കറുത്ത് തടിച്ച മഞ്ജുവിന്‍റെ ഭര്‍ത്താവായി ഞാനെങ്ങിനെ അഭിനയിക്കുമെന്ന് ആ സീരിയല്‍ നടന്‍ ചോദിച്ചു; ബോഡി ഷേമിംഗിനെക്കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്
Entertainment

കറുത്ത് തടിച്ച മഞ്ജുവിന്‍റെ ഭര്‍ത്താവായി ഞാനെങ്ങിനെ അഭിനയിക്കുമെന്ന് ആ സീരിയല്‍ നടന്‍ ചോദിച്ചു; ബോഡി ഷേമിംഗിനെക്കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ജെയ്സി തോമസ്
|
28 Nov 2020 6:18 AM GMT

എന്‍റെ ഭര്‍ത്താവിന്‍റെ റോളായിരുന്നു അദ്ദേഹത്തിന് വേണ്ടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഞാനെങ്ങിനെ മഞ്ജുവിന്‍റെ ഭര്‍ത്താവായി അഭിനയിക്കും, അതിനൊരു കാരണം വേണ്ടേ എന്നാണ് അദ്ദേഹം ചോദിച്ചത്

തൊലിയുടെ നിറം, തടിച്ചതോ അല്ലെങ്കില്‍ മെലിഞ്ഞ ശരീരം..തുടങ്ങിയ ശാരീരിക പ്രത്യേകതകള്‍ ഒരു വലിയ കുറ്റമായി കാണുന്ന പൊതുസമൂഹം...അവിടെ സാധാരണക്കാരനെന്നോ സെലിബ്രിറ്റിയോ എന്ന വേര്‍തിരിവൊന്നുമില്ല. മേല്‍പ്പറഞ്ഞ തട്ടുകളിലിരുത്തി ആ കണ്ണുകളിലൂടെ അവരെ നോക്കാനാണ് സമൂഹത്തിന് താല്‍പര്യം. സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടെ അത്തരം കാഴ്ചപ്പാടുകള്‍ പരസ്യമായി പ്രകടിപ്പിക്കാന്‍ ഒരു വേദി തന്നെയുണ്ടായി. സിനിമാരംഗത്തുള്ളവരാണ് സമൂഹ മാധ്യമങ്ങളിലൂടെയുള്ള ബോഡി ഷേമിംഗിന് കൂടുതലും ഇരയാകുന്നത്. ഒരു ഫോട്ടോയിട്ടാല്‍ വരുന്ന കമന്‍റുകളില്‍ ഭൂരിഭാഗവും പ്രസ്തുത നടിയെയോ നടനെയോ വ്യക്തിപരമായി അധിക്ഷേപിക്കുന്നതായിരിക്കും.

റിയാലിറ്റി ഷോയിലൂടെ അഭിനയരംഗത്ത് എത്തിയ നടിയാണ് മഞ്ജു പത്രോസ്. ഒരു സാധാരണക്കാരിയായ വീട്ടമ്മയില്‍ നിന്നും സ്വഭാവിക അഭിനയം കൊണ്ട് മഞ്ജു പ്രേക്ഷകരുടെ ഇഷ്ടം നേടുകയും ചെയ്തു. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും നിരവധി അവസരങ്ങള്‍ മഞ്ജുവിനെ തേടിയെത്തിയിട്ടുമുണ്ട്. എന്നാല്‍ ഇതിനെല്ലാത്തിലുമുപരി സോഷ്യല്‍ മീഡിയയില്‍ ബോഡി ഷേമിംഗിന് ഏറ്റവും കൂടുതല്‍ ഇരയാകുന്ന, ഇരയായിക്കൊണ്ടിരിക്കുന്ന നടി കൂടിയാണ് മഞ്ജു. തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് മീഡിയവണ്‍ ഓണ്‍ലൈനിനോട് തുറന്നു പറയുകയാണ് മഞ്ജു.

എന്തുകൊണ്ടാണ് മഞ്ജു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍‌ ചിലരെ മാത്രം അലോസരപ്പെടുത്തുന്നത്?

എന്താണെന്ന് എനിക്കറിയില്ല.എന്‍റെ നിറം എന്തുകൊണ്ട് അവര്‍ക്കൊരു പ്രശ്നമായി മാറുന്നുവെന്ന്. എന്നെ സ്നേഹിക്കുന്ന സാധാരണക്കാരിയായ തരക്കേടില്ലാത്ത ഒരു വീട്ടമ്മയാണ് ഞാന്‍. ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഷ്ടപ്പെടുന്നയാള്‍. ഞാന്‍ ഒരിടത്തും പ്രശ്നമുണ്ടാക്കാനോ, മോശമായ വഴിയിലൂടെ പണമുണ്ടാക്കാനോ ശ്രമിക്കാറില്ല. എനിക്ക് എന്നോട് തന്നെ ബഹുമാനമുണ്ട്. പക്ഷെ ഇത്തരത്തിലുള്ള കളിയാക്കലുകള്‍ കേട്ടാല്‍ തീര്‍ച്ചയായും പ്രതികരിക്കും. അത് എന്‍റെ സുഹൃത്തുക്കള്‍ക്കായാല്‍ പോലും. പക്ഷെ അത് കേട്ടിട്ട് പറയുന്ന ആളുകള്‍ നന്നാകുമെന്നോ, നാളെ അത് അവര്‍ മറ്റുള്ളവരോട് പറയാതിരിക്കുമോ കരുതുന്നില്ല. പക്ഷെ പ്രതികരിക്കേണ്ടത് എന്‍റെ കടമയാണ്. പക്ഷെ ഈ കളിയാക്കുന്ന ആളുകള്‍ക്ക് അവരുടെ മക്കളിലൂടെയായിരിക്കും തിരിച്ചുകിട്ടാന്‍ പോകുന്നത്. അവര്‍ക്കുണ്ടാകാന്‍ പോകുന്ന മക്കള്‍ വെളുത്തതാണോ കറുത്തതാണോ തടിച്ചതാണോ മെലിഞ്ഞതാണോ എന്നൊന്നും പറയാന്‍ സാധിക്കില്ല. അതെല്ലാം തീരുമാനിക്കുന്നത് മുകളിലിരിക്കുന്ന ആളാണ്. അവരുടെ മക്കള്‍‌ അത്തരം സാഹചര്യങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ അവര്‍ക്കൊരു തിരിച്ചറിവുണ്ടാകും.

കുറച്ചു നാള്‍ മുന്‍പ് തിരുവനന്തപുരത്ത് സൂപ്പര്‍മാര്‍ക്കറ്റില്‍ വച്ചുണ്ടായ ഒരു സംഭവത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നല്ലോ. എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത്?

എനിക്ക് നേരിട്ട മോശമായ അനുഭവത്തെക്കുറിച്ച് എന്നെ സ്നേഹിക്കുന്ന ആളുകള്‍ അറിയണമെന്ന് വിചാരിച്ച് എന്‍റെ പേജില്‍ ഞാന്‍ വളരെ സത്യസന്ധമായിട്ട് എഴുതിയ കാര്യമാണത്. പക്ഷെ അതിന് പിന്നീട് കൊടുത്ത വ്യാഖ്യാനം വളരെ ഹെവിയായിരുന്നു. വര്‍ഗീയമായി അധിക്ഷേപിച്ചു എന്നൊക്കെ തരത്തിലാണ് പലരും അതിനെ കണ്ടത്. പക്ഷെ എനിക്കങ്ങനെ ഫീല്‍ ചെയ്തിരുന്നില്ല. ഞാന്‍ മേക്കപ്പിടാത്തതോ വെളുത്തതാണോ കറുത്തതാണോ, തടിച്ചതാണോ, മെലിഞ്ഞതാണോ, പണ്ട് നിറമുള്ളതായിരുന്നോ ഇതൊന്നും ആളുകളെ ബാധിക്കുന്ന പ്രശ്നമല്ല. എന്‍റെ ജോലി ഞാന്‍ നന്നായി ചെയ്യുന്നുണ്ടോ എന്ന് മാത്രം നോക്കിയാല്‍ മതി. വെളുപ്പിലും കറുപ്പിലുമല്ല നമ്മുടെ ജീവിതമാണ് നമ്മുടെ ക്വാളിറ്റി.

ഒരു മാസം മുന്‍പാണ് വഴുതക്കാടുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ പോയത്. കടയില്‍ നിന്നും സാധനങ്ങള്‍ എടുക്കുമ്പോള്‍ എന്‍റെ പിറകില്‍ നിന്ന കടയിലെ സ്റ്റാഫായ പെണ്‍കുട്ടി സ്റ്റാഫായ മറ്റൊരു പയ്യനോട് എന്നെക്കുറിച്ചു പറഞ്ഞുകൊടുക്കുകയാണ്. ഞാന്‍ തിരിഞ്ഞു നിന്നു അവരെ നോക്കി ചിരിച്ചു. എന്നാല്‍ ഞാന്‍ മാസ്ക് വച്ചതുകൊണ്ട് അവരത് ശ്രദ്ധിച്ചോ എന്നറിയില്ല. ഞാന്‍ ഇപ്പുറത്തെ സൈഡിലേക്ക് മാറിയപ്പോള്‍ അവന്‍റെ അടക്കിപ്പിടിച്ച സംസാരം കേട്ടു.. അയ്യേ..എന്താണ് ഇവള്‍ കാണിച്ചുവച്ചിരിക്കുന്നത്. എന്തൊരു കറുത്തിട്ടായിരുന്നു ഇവള്‍. എന്തൊരു പുട്ടിയാ ഇട്ടിരിക്കുന്നേ.അയ്യേ...അപ്പോള്‍ ഞാന്‍ മാസ്ക് താഴ്ത്തിയിട്ട് പറഞ്ഞു. നീ ടെന്‍ഷനടിക്കേണ്ട..ഞാനിപ്പോഴും കറുത്ത് തന്നെയാണ് ഇരിക്കുന്നത്. വര്‍ക്കില്ലാതെ വീട്ടിലിരിക്കുന്നതുകൊണ്ട് കുറച്ച് വെട്ടം വച്ചതാണ്. ഇനി വര്‍ക്ക് വരുമ്പോള്‍ ഞാന്‍ കറുത്തോളും..നീ ടെന്‍ഷനടിക്കണ്ട...അതാണ് സംഭവിച്ചത്. ഇക്കാലത്തിനിടയില്‍ ഞാന്‍ നേരിട്ട സംഭവങ്ങളിലൊന്നു മാത്രമാണിത്.

പക്ഷെ എനിക്ക് വിഷമം തോന്നിയ കാര്യം എന്താന്ന് വച്ചാല്‍ പുതിയ തലമുറയിലെ കുട്ടികള്‍ നിറം, മേക്കപ്പ് തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നവരാണെന്ന് എനിക്ക് തോന്നിയിട്ടില്ല. സഹജീവികള്‍ക്കോ സാമൂഹികമായോ ഒരു പ്രശ്നം വരുമ്പോള്‍ പ്രതികരിക്കുന്നവരായിട്ടാണ് അവരെ ഞാന്‍ കണ്ടിട്ടുള്ളത്. അപ്പോള്‍ ഏജ് ഗ്രൂപ്പിലുള്ളവരില്‍ നിന്നും ഇങ്ങിനെയൊരു പ്രതികരണം ഉണ്ടായപ്പോള്‍ വിഷമം തോന്നി. ഈ തലമുറയും ഇങ്ങിനെയാണോ എന്ന് ചിന്തിച്ചുപോയി. എന്നെ സംബന്ധിച്ചിടത്തോളം വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്ത ഞാനില്‍ നിന്നും ഫിസിക്കലി ഒരു പാട് വ്യത്യാസം വന്നിട്ടുണ്ട്. ഒന്ന് ഞാനെന്‍റെ ഭക്ഷണം ക്രമീകരിച്ചു. വണ്ണമുള്ളതുകൊണ്ട് മോശമാണ് എന്നു കരുതിയത് കൊണ്ടല്ല അത്. എനിക്ക് മുട്ടുവേദനയുള്ളതുകൊണ്ട് ഡോക്ടറെ കണ്ടപ്പോള്‍ ശരീരഭാരം കുറയ്ക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നെ എനിക്ക് എല്ലാ ഡ്രസുകളും ഇടാന്‍ ഇഷ്ടമാണ്.വണ്ണം കുറച്ചപ്പോള്‍ അവയൊക്കെ ഇടാന്‍ സാധിക്കാറുണ്ട്. എനിക്ക് അതാണ് കംഫര്‍ട്ട്. അതാണ് എന്‍റെ സ്വാതന്ത്ര്യം. ഇത് കണ്ട് കളിയാക്കുന്നവര്‍ കളിയാക്കിക്കോട്ടെ. പക്ഷെ ഇതൊന്നും കേരളം അഭിമുഖീകരിക്കുന്ന പ്രശ്നമല്ലെന്നും എനിക്കറിയാം.

സയനോര,സിതാര കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ബോഡി ഷേമിംഗിനെതിരെ പരസ്യമായി തന്നെ രംഗത്ത് വന്നിരുന്നു. ശരിക്കും ഇതൊരു മാറ്റം തന്നെയല്ലേ?

തീര്‍ച്ചയായിട്ടും അതൊരു നല്ല മാറ്റം തന്നെയാണ്. പ്രതികരിച്ചതുകൊണ്ട് കാര്യമുണ്ടായിട്ടല്ല. പക്ഷെ പ്രതികരിക്കണം. എല്ലാവരും പുട്ടിയിട്ടു, മേക്കപ്പ് കൂടുതലാണ് എന്നൊക്കെ പറഞ്ഞ് കളിയാക്കാറുണ്ട്. കണ്ണാടിയില്‍ മുമ്പില്‍ പോയി പൌഡര്‍ കുടഞ്ഞ് മുഖത്തിടുന്നതു പോലെ അത്ര എളുപ്പമുള്ള കാര്യമല്ല മേക്കപ്പ്. അതിനെക്കുറിച്ച് പഠിക്കണം. ചുമ്മാ എന്തെങ്കിലും ഒരു സാധനം മുഖത്തേക്കിട്ടാല്‍ അത് മേക്കപ്പ് ആകില്ല. ഇവര് വിചാരിക്കുന്നതു പോലെ, കളിയാക്കുന്നതു പോലെ മോശമായ കാര്യവുമല്ല മേക്കപ്പ്. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ ചെയ്യുന്ന വര്‍ക്കുകളില്‍ അധികവും മേക്കപ്പ് വേണ്ടാത്തതാണ്. ചിലപ്പോള്‍ കണ്ണെഴുതും, അല്ലെങ്കില്‍ പൊട്ട് കുത്തും. കൂടി വന്നാല്‍ ലിപ്സ്റ്റിക് ഇടും. അല്ലാതെ അത്ര വലിയ ഫൌണ്ടേഷനൊന്നും വേണ്ട. ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ മിക്കതും അങ്ങിനെയാണ്. ഇനി മേക്കപ്പ് ചെയ്ത് വന്നാല്‍ നമുക്ക് ചിലപ്പോള്‍ ഒരു സെല്‍ഫി എടുക്കാന്‍ തോന്നും. അത് നമ്മുടെ പേജില്‍, വേറാരുടെയും പേജിലല്ല, പോസ്റ്റ് ചെയ്യാന്‍ തോന്നും . അതു നമ്മുടെ സന്തോഷമാണ്. അത് പോസ്റ്റ് ചെയ്യുമ്പോള്‍ എന്തിനാണ് ചിലര്‍ അസ്വസ്ഥരാകുന്നത്. ലൈക്കിനും കമന്‍റിനും വേണ്ടി കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുന്നുവെന്നാണ് പറയുന്നത്. ഞാനീ ലൈക്കും കമന്‍റും കൊണ്ടുപോയി കടയില്‍ കൊടുത്തല്ല അരി മേടിക്കുന്നത്. എനിക്കെന്‍റെ സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവയ്ക്കാനുള്ള വേദി മാത്രമാണത്. പ്രശസ്തി പ്രതീക്ഷിച്ച് സിനിമയില്‍ വന്നൊരു ആളല്ല ഞാന്‍. ഞാനൊരു സാധാരണക്കാരിയാണ്.

സിനിമയില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടോ ?

സിനിമയില്‍ നിന്നും ഒരിക്കലുമുണ്ടായിട്ടില്ല. പക്ഷെ സീരിയല്‍ രംഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. ഒരു പ്രോജക്ടുമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരുന്ന സമയത്ത് വളരെ പ്രശസ്തനായ ഒരു നടന്‍റെ ഭാഗത്ത് നിന്നാണ് അത്തരത്തിലൊരു അനുഭവം ഉണ്ടായത്. എന്‍റെ ഭര്‍ത്താവിന്‍റെ റോളായിരുന്നു അദ്ദേഹത്തിന് വേണ്ടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഞാനെങ്ങിനെ മഞ്ജുവിന്‍റെ ഭര്‍ത്താവായി അഭിനയിക്കും, അതിനൊരു കാരണം വേണ്ടേ എന്നാണ് അദ്ദേഹം ചോദിച്ചത്. അതെന്തിനാണ് കാരണം എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ മഞ്ജുവിനെപ്പോലെ കറുത്ത് തടിച്ച ഒരാളെ ഞാന്‍ കല്യാണം കഴിക്കുമ്പോള്‍ ഒരു കാരണം വേണ്ടേ എന്നാണ് അയാള്‍ പറഞ്ഞത്. പ്രണയ വിവാഹമാണെങ്കില്‍ പ്രേമത്തിന് കണ്ണും മൂക്കുമില്ലെന്ന് പറയാം. അല്ലെങ്കില്‍ മഞ്ജുവിന്‍റെ അച്ഛന് കുറെ കാശുണ്ടെന്ന് കാണിക്കാം. അതായിരുന്നു അയാളുടെ വാദം. അതായത് കറുത്ത് തടിച്ച ഒരു സ്ത്രീക്ക് അയാളെപ്പോലുള്ള ഒരാള്‍ മാച്ചാകില്ല എന്നാണ് അദ്ദേഹത്തിന്‍റെ ഉള്ളിലുള്ള ചിന്താഗതി. അല്ലെങ്കില്‍ അതിനെന്തെങ്കിലും കാരണമുണ്ടായിരിക്കണമെന്നും. പക്ഷെ എനിക്ക് തോന്നിയത് എന്‍റെ ഹസ്ബന്‍ഡായി അഭിനയിക്കാന്‍ അദ്ദേഹത്തിന് എന്ത് യോഗ്യതയാണുള്ളതെന്നാണ്.

സിനിമയില്‍ ഞാന്‍ സീനിയര്‍ നടന്‍മാരായ സിദ്ധിഖ്, ബൈജു, ബാബുരാജ് എന്നിവരുടെ ഭാര്യയായി അഭിനയിച്ചിട്ടുണ്ട്. അവരൊന്നും എന്നോട് ഇത്തരത്തില്‍ സംസാരിച്ചിട്ടില്ല. കാരണം അവര്‍ക്ക് അഭിനയിക്കാനറിയാം. അവര്‍ അവര്‍ക്ക് ലഭിക്കുന്ന പെയറിന്‍റെ രൂപം നോക്കിയല്ല അഭിനയിക്കുന്നത്. അവര്‍ക്ക് ആ നടിയോട് ബഹുമാനമുണ്ട്. അവരുടെ കഴിവില്‍ വിശ്വാസവുമുണ്ട്.

നെഗറ്റീവ് കമന്‍റുകള്‍ മാറ്റിനിര്‍ത്തിയാല്‍ പോസിറ്റീവ് കമന്‍റുകള്‍ മഞ്ജുവിലെ അഭിനേത്രിയെ പ്രോത്സാഹിപ്പിക്കുന്നതല്ലേ?

എന്നെ ഞാനായി തന്നെ, ഇങ്ങിനെ തന്നെ കാണാന്‍ ഇഷ്ടപ്പെടുന്ന ഒരു പാട് ആളുകളുണ്ട്. അവര്‍ തരുന്ന സ്നേഹവും പ്രോത്സാഹനവും ഒരിക്കലും മറക്കാന്‍ സാധിക്കുന്നതില്ല. മഞ്ജു തുറന്നു പറയുന്നതാണ് ഇഷ്ടമെന്നാണ് അവര്‍ പറയുന്നത്. പക്ഷെ എന്നെ ഇഷ്ടപ്പെടുന്നയാളുകളുടെ കമന്‍റിനൊന്നും പലപ്പോഴും മറുപടി കൊടുക്കാന്‍ സാധിക്കാറില്ല. എന്‍റെ അഭിനയം ഇഷ്ടമാണെന്ന് സിദ്ധിഖ് ഇക്കയെപ്പോലുള്ളവര്‍ പറയുമ്പോള്‍ വളരെയധികം സന്തോഷം തോന്നാറുണ്ട്.

പഴയ മഞ്ജുവില്‍ നിന്നും പുതിയ മഞ്ജുവിലേക്കുള്ള മാറ്റം?

ശരിക്കും ഒന്നും അറിയാത്ത ആളായിരുന്നു പഴയ മഞ്ജു. അടുത്ത മാസത്തെ വാടക കൊടുക്കാന്‍ എന്തു ചെയ്യും, ആത്മഹത്യ ചെയ്താലോ എന്ന് ചിന്തിക്കുന്ന ഒരാളായിരുന്നു ഞാന്‍. ഒറ്റക്ക് കടയില്‍ പോകാനോ, ബസില്‍ കയറാനോ പേടിയായിരുന്നു. നിസ്സാര കാര്യങ്ങളില്‍ പോലും സങ്കടപ്പെടുന്ന, വെറുതെ ഇരുന്ന് കരയുന്ന ഒരാള്‍. അതില്‍ നിന്നൊക്കെ ഇപ്പോള്‍ ഒരുപാട് മാറിയിട്ടുണ്ട്. പഴയ മഞ്ജുവിനെ പേടിയോടെയാണ് ഞാന്‍ ഇപ്പോള്‍ കാണുന്നത്. അന്ന് ഒരു ജോലിയുണ്ടായിരുന്നില്ല. ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. ഇന്നൊരു ജോലി ഉണ്ടായപ്പോള്‍ എനിക്ക് കോണ്‍ഫിഡന്‍സ് ആയി. എന്നെ സ്നേഹിക്കുന്നവര്‍ ഒരുപാട് പേരുണ്ടെന്ന് എനിക്ക് മനസിലായി. വളരെ ബുദ്ധിമുട്ടിയാണെങ്കിലും ഡ്രൈവിംഗ് പഠിച്ചു. വണ്ടി മേടിച്ചു. ടെന്‍ഷനും പേടിയൊക്കെ മാറി ബോള്‍ഡായി എന്ന് എനിക്ക് തന്നെ തോന്നാറുണ്ട്.

Similar Posts