ഒ.ടി.ടിയല്ലേ എല്ലാം; തിയേറ്ററിൽ നിന്ന് സിനിമ ഇറങ്ങിപ്പോയ വർഷം
|ആണഹന്തയുടെ ഹുങ്കിനിട്ട് കൊട്ടിയ 'ദ ഗ്രേറ്റ് ഇന്ത്യൻ അടുക്കള' മുതൽ 'മിന്നൽ മുരളി' വരെയുള്ള ഒരുപിടി മികച്ച ചിത്രങ്ങൾ 2021ൽ കാഴ്ചക്കാരിലെത്തി.
മലയാള സിനിമയ്ക്ക്, കോവിഡ് മഹാമാരിയുണ്ടാക്കിയ വെല്ലുവിളി അവസരമാക്കി മാറ്റിയ വർഷമാണ് 2021. ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ അരങ്ങുവാണ വർഷം. ആമസോൺ പ്രൈമും നെറ്റ്ഫ്ളിക്സും മാത്രമല്ല, നീസ്ട്രീം പോലെയുള്ള ചെറുകിട പ്ലാറ്റ്ഫോമുകളും മലയാളിക്ക് പരിചിതമായി. പ്രതിസന്ധിക്കാലത്തും സിനിമ മൊബൈൽ സ്ക്രീനുകളിലൂടെ കാഴ്ചക്കാരിലെത്തി എന്നതാണ് ഈ വർഷം എടുത്തു പറയേണ്ടത്. തിയേറ്റർ റിലീസുകൾക്ക് ശേഷം സിനിമ ഒ.ടി.ടിയിലെത്തുന്നതും പതിവായി. ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും സിനിമാ ലോകം സാക്ഷിയായി. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം മരക്കാർ ഒടിടി-തിയറ്റർ ചർച്ചയ്ക്ക് ചൂടു പകർന്നത്.
ആണഹന്തയുടെ ഹുങ്കിനിട്ട് കൊട്ടിയ 'ദ ഗ്രേറ്റ് ഇന്ത്യൻ അടുക്കള' മുതൽ 'മിന്നൽ മുരളി' വരെയുള്ള ഒരുപിടി മികച്ച ചിത്രങ്ങൾ 2021ൽ കാഴ്ചക്കാരിലെത്തി. കഴിഞ്ഞ വർഷം മലയാള സിനിമ കണ്ട അഞ്ചു വിശേഷങ്ങൾ, വിവാദങ്ങൾ.
1-ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ
പുരുഷ മേൽക്കോയ്മ ഇതിവൃത്തമാക്കി ജിയോ ബേബി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, മഹത്തായ ഭാരതീയ അടുക്കള നിരവധി ചർച്ചകൾക്ക് വഴിയൊരുക്കി. നിത്യസാധാരണമായ സ്ത്രീ ജീവിതത്തെ യഥാർത്ഥരൂപത്തിൽ വരച്ചു കാട്ടുകയായിരുന്നു ചിത്രത്തിലൂടെ ജിയോ ബേബി. നായികയായി വേഷമിട്ട നിമിഷ സജയനും നായകനായി എത്തിയ സുരാജ് വെഞ്ഞാറമ്മൂടും സൂക്ഷ്മാഭിനയം കൊണ്ട് കൈയടി നേടി.
ഒ.ടി.ടി പ്ലാറ്റ്ഫോമിന്റെ സാധ്യത ചലചിത്ര മേഖലയെ ബോധ്യപ്പെടുത്തിയ ചിത്രം കൂടിയായിരുന്നു ഇത്. പ്രമുഖ പ്ലാറ്റ്ഫോമുകൾ തുടക്കത്തിൽ നിരസിച്ച സിനിമ റിലീസ് ചെയ്തത് നീസ്ട്രീം എന്ന പ്ലാറ്റ്ഫോമിൽ. പ്രേക്ഷക പ്രീതി ലഭിച്ചതോടെ ആമസോൺ അടക്കമുള്ള പ്ലാറ്റ്ഫോമുകൾ സിനിമ ഏറ്റെടുത്തു. സംസ്ഥാന സിനിമാ പുരസ്കാരവും നേടി.
2- മരക്കാരെത്തിയ വഴി
ഈ വർഷം ഏറ്റവും കൂടുതൽ ഹൈപ്പ് കിട്ടിയ മലയാള സിനിമയാണ് പ്രിയദർശന്റെ മോഹൻലാൽ ചിത്രം മരക്കാർ. പ്രഖ്യാപിച്ചതു മുതൽ അവസാന നിമിഷം വരെ ചിത്രം വാർത്തകളിൽ ഇടംപിടിച്ചു. സന്തോഷ് ശിവൻ മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാർ എന്ന ചിത്രം പ്രഖ്യാപിച്ചതിനു ശേഷമായിരുന്നു പ്രിയൻ മരക്കാർ: അറബിക്കടലിൻറെ സിംഹത്തെക്കുറിച്ച് പറയുന്നത്. ഒരു ചരിത്രകഥാപാത്രമായി ലാൽ എത്തുന്നതിൻറെ കല്ലുകടി ആദ്യമേ തൊട്ടുണ്ടായിരുന്നു. ഒടുവിൽ ചിത്രീകരണം പൂർത്തിയായി റിലീസിനൊരുങ്ങുമ്പോഴായിരുന്നു അടുത്ത വിവാദം. കോവിഡ് മാറി എന്നു തിയറ്റർ തുറക്കുന്നോ അന്നായിരിക്കും മരക്കാർ റിലീസ് ചെയ്യുക എന്നായിരുന്നു നിർമാതാവ് ആൻറണി പെരുമ്പാവൂർ പറഞ്ഞത്. പിന്നീട് അത് ഒടിടിയിലേക്ക് മാറി.
ഒടുവിൽ സർക്കാർ ഇടപെട്ട് നടന്ന ചർച്ചകൾക്ക് ശേഷം മരക്കാർ തിയറ്ററിൽ തന്നെ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ചിത്രത്തിന് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ല. ഇപ്പോൾ ആമസോൺ പ്രൈമിലും ചിത്രം പ്രേക്ഷകർക്ക് കാണാനുള്ള അവസരമുണ്ട്.
2. മാലിക് കൊളുത്തിയ വിവാദം
ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തിന്റെ രാഷ്ട്രീയത്തിനെതിരെ കടുത്ത വിമർശമാണ് ഉയർന്നത്. 2009 മെയ് 17ന് തിരുവനന്തപുരം ബീമാപ്പള്ളിയിൽ നടന്ന വെടിവെപ്പിൻറെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ഇസ്ലാമോഫോബിക് ഘടകങ്ങളുണ്ടെന്നും മുസ്ലിം വിരുദ്ധമാണെന്നും സമൂഹ മാധ്യമങ്ങളിൽ ആരോപണമുയർന്നു.
എല്ലാവർക്കും അറിയാവുന്ന കഥയാണ് മാലികിലൂടെ മഹേഷ് പറഞ്ഞത്. വെടിവെപ്പുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചിത്രത്തിൽ എളുപ്പത്തിൽ റിലേറ്റ് ചെയ്യാനും സാധിച്ചിരുന്നു. സംഭവത്തെ കഥാവൽക്കരിച്ചതിൽ സംവിധായകൻ സത്യസന്ധത കാണിച്ചില്ല എന്ന ആരോപണം മുഴച്ചു നിന്നു. സിനിമയിൽ ഫഹദും ജോജുവും വിനയ്ഫോർട്ടും നിമിഷയും ജലജയും വേഷങ്ങൾ ഗംഭീരമാക്കി.
3.നാദിർഷയുടെ ഈശോ
ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന സിനിമയും വിവാദങ്ങൾക്ക് തിരിതെളിച്ചു. സിനിമയുടെ ടൈറ്റിലായിരുന്നു വിമർശകരെ ചൊടിപ്പിച്ചത്. ഈശോ എന്ന പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ കോൺഗ്രസ് രംഗത്തെത്തി.
ക്രൈസ്തവരെ സംബന്ധിച്ച് ഈശോ എന്നത് വളരെ പ്രാധാന്യമർഹിക്കുന്നതാണെന്നായിരുന്നു വാദം. ക്രൈസ്തവരെ സംബന്ധിച്ച് ഒരേയൊരു ദൈവം ആണ് ഉള്ളത്. ആ ദൈവത്തെ ഈശോ എന്നാണ് വിളിക്കുന്നത്. അതുകൊണ്ടുതന്നെ ആ പേരിൽ ഒരു സിനിമ ഇറങ്ങുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു കത്തോലിക്ക കോൺഗ്രസിൻറെ വാദം. ടൈറ്റിൽ വിവാദത്തിൽ മലയാളസിനിമയും ഫെഫ്ക, മാക്ട പോലുള്ള സംഘടനകളും നാദിർഷക്ക് പിന്തുണ നൽകിയിരുന്നു.
4. ചുരുളിയും തെറിയും
ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച് മികച്ച അഭിപ്രായം നേടിയ ചുരുളി പക്ഷേ, ഒടിടിയിലെത്തിയപ്പോൾ ഒരുപാട് വിവാദങ്ങളെയും കൂടെകൊണ്ടുവന്നു. സിനിമയിലെ തെറി തന്നെയായിരുന്നു പ്രശ്നം. പച്ചയ്ക്ക് തെറി പറയുന്ന കഥാപാത്രങ്ങൾ ആസ്വാദകന് ശീലമില്ലായിരുന്നു. എ സർട്ടിഫിക്കറ്റ് ലഭിച്ച സിനിമയിലെ ഭാഷാപ്രയോഗത്തിനെതിരെ ഹൈക്കോടതി രംഗത്തെത്തിയിരുന്നു.
തൃശൂർ സ്വദേശി നൽകിയ ഹരജിയിൽ ലിജോ ജോസ് പെല്ലിശ്ശേരി, ജോജു ജോർജ് എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് നൽകുകയും ചെയ്തു. തങ്ങളുടെ നാടിനെയും നാട്ടുകാരെയും അപമാനിച്ചെന്നാരോപിച്ച് യഥാർഥ ചുരുളി നിവാസികളും രംഗത്തു വന്നിരുന്നു.
5. വാരിയംകുന്നൻ
വാരിയംകുന്നൻ സിനിമാ പ്രഖ്യാപനം മുതൽ സംഘ്പരിപാർ ആക്രമണം നേരിട്ട ചിത്രമായിരുന്നു വാരിയംകുന്നൻ. പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു പ്രഖ്യാപിച്ച ചിത്രമായിരുന്നു ഇത്.
പൃഥ്വിയും ആഷിഖും റിമാകല്ലിങ്കലും മല്ലിക സുകുമാരനും വരെയുള്ളവർക്കെതിരെ വലിയ രീതിയിൽ സൈബർ ആക്രമണം ഉണ്ടായി. ഒടുവിൽ ചിത്രത്തിൽ നിന്നും പൃഥ്വിയും ആഷിഖും നാടകീയമായി പിൻമാറുകയായിരുന്നു. ഇതിനൊപ്പം അലി അക്ബർ വാരിയൻകുന്നനെ കുറിച്ച് പ്രഖ്യാപിച്ച പുഴ മുതൽ പുഴ വരെ എന്ന ചിത്രവും ചർച്ചകളിൽ ഇടംപിടിച്ചു.