ജാതി സംഘര്‍ഷം പ്രമേയമാക്കി മാരി ശെല്‍വരാജ്, നായക വേഷത്തില്‍ ധനുഷ്; കര്ണന് ട്രെയിലര്‍ വീഡിയോ
|1991ല്‍ തമിഴ്നാട് കൊടിയന്‍കുളത്ത് നടന്ന ജാതി സംഘര്‍ഷമാണ് കര്‍ണന്റെ പ്രമേയം
പരിയേറും പെരുമാളിന് ശേഷം മാരി ശെൽവരാജ് സംവിധാനം ചെയ്യുന്ന കര്ണന് സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ജാതി സംഘര്‍ഷം പ്രമേയമാകുന്ന സിനിമയില്‍ ധനുഷാണ് നായകന്. ധനുഷിന് പുറമേ രജിഷ വിജയൻ, ലാൽ, യോഗി ബാബു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഏപ്രില്‍ ഒമ്പതിന് റിലീസ് ചെയ്യും.
1991ല്‍ തമിഴ്നാട് കൊടിയന്‍കുളത്ത് നടന്ന ജാതി സംഘര്‍ഷമാണ് കര്‍ണന്റെ പ്രമേയം. കഴിഞ്ഞ ഡിസംബറില്‍ കര്‍ണന്റെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. കലൈപുലി എസ് തനുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
മാർച്ച് രണ്ടിന് പുറത്തിറങ്ങിയ പണ്ടാരത്തി പുരാണം എന്ന ചിത്രത്തിലെ ഗാനം വിവാദത്തില്‍പ്പെട്ടിരുന്നു. ഗാനത്തിലെ ചില വരികൾ തമിഴ്നാട്ടിലെ ചില സമുദായങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് കാട്ടി മധുരൈ സ്വദേശി പ്രഭുവാണ് ഹൈക്കോടതിയെ സമീപിച്ചത്. വിവാദമായ പാട്ട് നീക്കം ചെയ്യുന്നതുവരെ സിനിമയുടെ റിലീസ് തടയണമെന്നാണ് പരാതിക്കാരൻ ആവശ്യപ്പെട്ടത്. ഹർജി പരിഗണിച്ച കോടതി ഏപ്രിൽ 16ലേക്ക് മാറ്റിയിരിക്കുകയാണ്. നിര്‍മാതാക്കൾക്കും സെൻസർ ബോർഡിനും യൂട്യൂബിനും നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു.
ആദിത്യവര്മ്മയിലൂടെ വെള്ളിത്തിരയിലെത്തിയ ധ്രുവ് വിക്രമുമൊന്നിച്ചാണ് മാരി ശെല്‍വരാജിന്റെ അടുത്ത സിനിമ. സ്പൊര്‍ട്സ് വിഭാഗത്തില്‍ വരുന്ന ചിത്രം പാ രഞ്ജിത്താണ് നിര്‍മ്മിക്കുന്നത്. ധ്രുവ് കബഡി താരമായാണ് ചിത്രത്തില്‍ വരിക.
'ദി ഗ്രേ മാന്‍' എന്ന ഹോളിവുഡ് ചിത്രമാണ് ധനുഷിന്റെതായി അടുത്തതായി പുറത്തുവരുന്നത്. ഇതിന്റെ ചിത്രീകരണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.