'ആദ്യം വെറുപ്പായിരുന്നു അദ്ദേഹത്തോട്': മോഹന്‍ലാലിനെക്കുറിച്ച് ഭാര്യ സുചിത്ര
|ബറോസിന്റെ പൂജ ചടങ്ങിലാണ് സുചിത്ര മനസ്സുതുറന്നത്.
പൊതുവേദികളില്‍ അധികം സംസാരിക്കാത്ത വ്യക്തിയാണ് നടന് മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര. എന്നാല്‍, ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ പൂജ ചടങ്ങില്‍വച്ച് മനസ്സ് തുറന്നിരിക്കുകയാണവര്‍.
"കഴിഞ്ഞ കാലങ്ങളിലെല്ലാം ഞാന്‍ ഒരു ലോ പ്രൊഫൈല്‍ ബാക്ക് സീറ്റെടുക്കാന്‍ തീരുമാനിച്ച് മാറിനില്‍ക്കുകയായിരുന്നു" എന്ന് പറഞ്ഞാണ് സുചിത്ര സംസാരിക്കാന്‍ തുടങ്ങിയത്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ നിര്‍ബന്ധപ്രകാരമാണ് പൊതുവേദിയില്‍ സംസാരിക്കാന്‍ സന്നദ്ധയായതെന്നും സുചിത്ര പറഞ്ഞു.
"അപ്പുവിന്റെ (പ്രണവ് മോഹന്‍ലാല്‍) ആദ്യ സിനിമയുമായി ബന്ധപ്പെട്ടാണ് ഞാന്‍ ഒടുവില്‍ സംസാരിച്ചത്. ഇന്ന് ചേട്ടന്റെ (മോഹന്‍ലാല്‍) ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളില്‍ ഒന്നാണ്. ഒരു നടന് എന്ന നിലയില്‍ അദ്ദേഹം എല്ലാം നേടി. ഒരു സംവിധായകന് എന്ന നിലയില്‍ പുതിയ ഒരു തുടക്കമാണിത്. ഇന്ന് എന്തെങ്കിലും സംസാരിച്ചേ മതിയാകൂ," സുചിത്ര പറഞ്ഞു.
നവോദയയുടെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. അതും വില്ലനായി. അന്ന് ഞാന്‍ അദ്ദേഹത്തെ വെറുത്തു. വില്ലനായി അദ്ദേഹം അഭിനയിച്ചപ്പോഴെല്ലാം ഞാന്‍ അദ്ദേഹത്തെ വെറുത്തു. അങ്ങനെ വെറുപ്പ് തോന്നിയതിന് കാരണം, അദ്ദേഹം ചെയ്യുന്ന ജോലിയില്‍ നല്ലതായത് കൊണ്ടുമാത്രമാണെന്നും സുചിത്ര വ്യക്തമാക്കി.
"നവോദയയുടെ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രം മുതലാണ് അദ്ദേഹത്തെ ഇഷ്ടപ്പെടാന്‍ തുടങ്ങിയത്. ആ ഇഷ്ടം അവിടെ അവസാനിച്ചില്ല. ഞങ്ങള്‍ വിവാഹിതരായി. ഇന്ന് ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നടനാണ് അദ്ദേഹം,'' സുചിത്ര മനസ്സു തുറന്നു. ബറോസ് സംവിധാനം ചെയ്യാനുള്ള മോഹന്‍ലാലിന്റെ തീരുമാനം നല്ലതാണെന്നും താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സംവിധായകനായി മോഹന്‍ലാല്‍ മാറുമെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു.
ബറോസ് എന്ന ചിത്രത്തിലൂടെ നാല് പതിറ്റാണ്ടോളം നീണ്ട കരിയറില്‍ ഒരു സുപ്രധാന അധ്യായത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ വച്ചാണ് നടന്നത്. മമ്മൂട്ടി, പൃഥ്വിരാജ്, സിബി മലയില്‍, ഫാസില്‍ തുടങ്ങി ഒട്ടനവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.