അന്ന് ഞാനൊരു മണ്ടനായിരുന്നു, ആര്.എസ്.എസ് ശാഖയില്‍ പോയിട്ടില്ല; ശ്രീനിവാസന്
|മട്ടന്നൂര്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് ശ്രീനിവാസന് ശാഖയില്‍ പോയിരുന്നുവെന്നായിരുന്നു ‘അംബേദ്കറൈറ്റ് മുസ്ലിം ജീവിതം പോരാട്ടം’ എന്ന പുസ്തകത്തില്‍ വി പ്രഭാകരന് എഴുതിയത്
താന്‍ ആര്.എസ്.എസ് ശാഖയില്‍ പോയിരുന്നുവെന്ന വി. പ്രഭാകരന്റെ പ്രസ്താവനയെ തള്ളി നടന് ശ്രീനിവാസന്. കണ്ണൂര്‍ മട്ടന്നൂര്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് ശ്രീനിവാസന് ശാഖയില്‍ പോയിരുന്നുവെന്നായിരുന്നു ‘അംബേദ്കറൈറ്റ് മുസ്ലിം ജീവിതം പോരാട്ടം’ എന്ന പുസ്തകത്തില്‍ വി പ്രഭാകരന് എഴുതിയത്. ഇതിനെ തള്ളിയാണ് ശ്രീനിവാസന് രംഗത്തുവന്നത്.
മട്ടന്നൂര്‍ കോളേജില്‍ പഠിക്കുമ്പോള്‍ തനിക്ക് രാഷ്ട്രീയത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് ശ്രീനിവാസന് 'മാധ്യമ'-ത്തോട് പറഞ്ഞത്.
മട്ടന്നൂര്‍ കോളജില്‍ പഠിക്കുന്ന കാലത്ത് താനടക്കം ആര്‍ക്കും രാഷ്ട്രീയത്തന്റെ മണ്ണാങ്കട്ടയറിയില്ല. അക്കാലത്ത് താനൊരു മണ്ടനായിരുന്നു. കൂട്ടുകാര്‍ പറയുന്നതിനനുസരിച്ച് ചാടിക്കളിച്ച കാലമാണത്. ഇഷ്ടമുള്ള ആളുകള്‍ കെ.എസ്.യുവില്‍ ഉണ്ടായിരുന്നു. അപ്പോള്‍ അവരോടൊപ്പം കെ.എസ്.യുക്കാരനായി. അതുപോലെ എസ്.എഫ്.ഐ, എ.ബി.വി.പി തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളിലും പോയി. അതെല്ലാം ഭയങ്കര രാഷ്ട്രീയമാണെന്ന് പറയുന്നവര്‍ക്ക് വട്ടാണ്. അഴിമതിക്കുള്ള പ്ലാറ്റ്ഫോമാണ് ഇന്നത്തെ രാഷ്ട്രീയം. പാര്‍ട്ടി അനുഭാവികള്‍ക്കെല്ലാം സര്‍ക്കാര്‍ ജോലി കൊടുക്കാനാണ് ഇപ്പോഴത്തെ രാഷ്ട്രീയ പ്രവര്‍ത്തനമെന്നും ശ്രീനിവാസന് കുറ്റപ്പെടുത്തി.
1968ൽ മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ് കോളജിൽ ഡിഗ്രിക്ക് പഠിച്ചിരുന്ന കാലത്ത് ശ്രീനിവാസന് ആർ.എസ്.എസ് ശാഖക്ക് പോയിരുന്നുവെന്നാണ് പ്രഭാകരൻ പറയുന്നത്. 'അന്ന് ആര്.എസ്.എസ് നിശ്ശബ്ദ പ്രവർത്തനമായിരുന്നു. ബന്ധുവീട്ടിൽ തങ്ങിയാണ് ശാഖയിൽ പോയത്'- പ്രഭാകരൻ പറയുന്നു.
നേരത്തെ ട്വന്റി ട്വന്റിക്ക് പരസ്യ പിന്തുണ അറിയിച്ച് ശ്രീനിവാസന് രംഗത്തെത്തിയിരുന്നു. കേരളം ട്വന്റി ട്വന്റി മോഡല്‍ ആകണമെന്നും കേരളത്തില്‍ ട്വന്റി ട്വന്റി അധികാരത്തില്‍ എത്തുന്ന ഒരു ദിവസം വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.