'30 സെക്കന്‍റ് കൊടുക്ക് അഭിലാഷേ'; കുഞ്ചാക്കോ ബോബനും മോഹൻകുമാർ ഫാൻസിനുമെതിരെ നിയമനടപടിയുമായി രാഹുല്‍ ഈശ്വര്‍
|'അഭിലാഷേ മുപ്പത് സെക്കന്‍റ് തരൂ, കഷ്ടമാണിത്' എന്ന് രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെടുന്ന രംഗമാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയത്
കുഞ്ചാക്കോ ബോബന്‍ പ്രധാനകഥാപാത്രമായി സംവിധായകന്‍ ജിസ് ജോയ് ഒരുക്കിയ 'മോഹന്‍കുമാര്‍ ഫാന്‍സ്' എന്ന സിനിമക്കെതിരെയും ഇതിലെ താരങ്ങള്‍ക്കെതിരെയും നിയമനടപടിയുമായി രാഹുല്‍ ഈശ്വര്‍. സിനിമയിലൂടെ തന്നെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തു എന്നാരോപിച്ചാണ് രാഹുലിന്‍റെ പരാതി.
അവതാരകന്‍ അഭിലാഷുമായി മുമ്പ് ഒരു ടെലിവിഷന്‍ ചര്‍ച്ചക്കിടെ രാഹുല്‍ ഈശ്വര്‍ നടത്തിയ പരാമര്‍ശങ്ങളാണ് സിനിമയില്‍ കോമഡിയായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. 'അഭിലാഷേ മുപ്പത് സെക്കന്‍റ് തരൂ, കഷ്ടമാണിത്' എന്ന് രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെടുന്ന രംഗമാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയത്. 'മുപ്പത് സെക്കന്‍റ് കൊടുക്ക് അഭിലാഷേ' എന്ന് സിനിമയിൽ കുഞ്ചാക്കോ ബോബനും സൈജു കുറുപ്പും അലൻസിയറും മറുപടിയായും പറയുന്നുണ്ട് . ഈ സംഭാഷണത്തിനെതിരെയാണ് രാഹുല്‍ ഈശ്വര്‍ നിയമനടപടിക്കൊരുങ്ങുന്നത്. ഐ.പി.സി സെക്ഷന്‍ 499, 500 എന്നിവ അടിസ്ഥാനപ്പെടുത്തി കേസെടുക്കണമെന്ന് രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു. ഇന്ന് പൊലീസില്‍ പരാതി നല്‍കുമെന്നും രാഹുല്‍ അറിയിച്ചു.
മീഡിയവണ്ണില്‍ സീനിയര്‍ ന്യൂസ് എഡിറ്ററാണ് അഭിലാഷ്.
രാഹുല്‍ ഈശ്വറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
ശ്രീ കുഞ്ചാക്കോ ബോബന് എതിരെ, മോഹന്‍കുമാര്‍ ഫാന്‍സ് എന്ന സിനിമക്കെതിരെ, ഡയറക്ടര്‍ ജിസ് ജോയ്, ശ്രീ സൈജുകുറുപ്പ് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചുകൊള്ളുന്നു.
വ്യക്തിപരമായി അപകീർത്തിപ്പെടുത്തി, അധിക്ഷേപം എന്നീ പരാതികളിൽ ഐ.പി.സി സെകഷന്‍ 499, 500 എന്നിവ അടിസ്ഥാനപ്പെടുത്തി കേസെടുക്കണമെന്ന് പൊലീസിൽ പരാതി നൽകും. ഇന്ന് തന്നെ നൽകും.