Entertainment
ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം രജനീകാന്തിന്
Entertainment

ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം രജനീകാന്തിന്

Web Desk
|
1 April 2021 4:53 AM GMT

ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരമാണ് ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

അമ്പത്തിയാന്നാമത് ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം രജനീകാന്തിന്. ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരമാണ് ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

അമ്പത് വര്‍ഷമായി ചലച്ചിത്ര മേഖലയ്ക്ക് നല്‍കിവരുന്ന സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. മോഹന്‍ലാല്‍, ശങ്കര്‍ മഹാദേവന്‍, ആശാ ബോസ്‍ലേ, സുഭാഷ് ഗയ് എന്നിവരായിരുന്നു പുരസ്കാരം നിര്‍ണയസമിതി അംഗങ്ങള്‍.

1975 ലാണ് രജനീകാന്ത് തന്‍റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. അപൂര്‍വരാഗങ്ങളാണ് ആദ്യ ചിത്രം. മുത്തു, ബാഷ, പടയപ്പ എന്നീ ചിത്രങ്ങള്‍ പുറത്തുവന്നതോടെ തമിഴ്ജനതയുടെ ഒരു വികാരമായി മാറാന്‍ രജനീകാന്തിന് കഴിഞ്ഞു.

ഇന്ത്യന്‍‌ ചലച്ചിത്രത്തിന്‍റെ പിതാവായി വിശേഷിപ്പിക്കുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ പേരിലുള്ള ഈ പുരസ്കാരം അദ്ദേഹത്തിന്‍റെ 100ാം ജന്മവാര്‍ഷികമായ 1969 മുതലാണ് നല്‍കിത്തുടങ്ങിയത്. 2018ല്‍ അമിതാഭ് ബച്ചനായിരുന്നു പുരസ്കാരം ലഭിച്ചത്.

തമിഴ്‍നാട്ടില്‍ നിയമസഭാ തെരഞ്ഞടുപ്പ് നടക്കുന്നതിനിടെയാണ് രജനീകാന്ത് ഫാല്‍ക്കേ പുരസ്കാരത്തിന് അര്‍ഹനായിയെന്നുള്ള പ്രഖ്യാപനം വരുന്നത്. തമിഴ്‍നാട്ടുകാരുടെ ഒരു വികാരമാണ് രജനീകാന്ത്. അതുകൊണ്ടുതന്നെ ഈ പ്രഖ്യാപനത്തിന് രാഷ്ട്രീയമായി വലിയ മാനങ്ങളുണ്ട്. നേരത്തെ താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു. അതിനിടെ ബിജെപിയുമായി രജനീകാന്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പിന്നീട് സ്വന്തം പാര്‍ട്ടിയെന്ന തീരുമാനത്തില്‍ നിന്ന് അദ്ദേഹം പിന്മാറുകയായിരുന്നു.

എന്തായാലും തമിഴ്‍നാട് നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ വന്ന പുരസ്കാര വാര്‍ത്ത രാജ്യമെങ്ങും കൌതുകമുണര്‍ത്തിയിട്ടുണ്ട്. വലിയൊരു വോട്ടുബാങ്ക് തന്നെയാണ് തമിഴ്‍നാട്ടിലെ രജനി ആരാധകര്‍.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts