Entertainment
ഷേക്സ്പിയർ കയ്യടിക്കുക മാത്രമല്ല  ദിലീഷിനെ ഒന്നുമ്മ വച്ചിരിക്കുകയും ചെയ്തു ജോജി വിഷയത്തില്‍ സച്ചിദാനന്ദന് അരുണ്‍ സദാനന്ദന്‍റെ മറുപടി
Entertainment

''ഷേക്സ്പിയർ കയ്യടിക്കുക മാത്രമല്ല ദിലീഷിനെ ഒന്നുമ്മ വച്ചിരിക്കുകയും ചെയ്തു'' ജോജി വിഷയത്തില്‍ സച്ചിദാനന്ദന് അരുണ്‍ സദാനന്ദന്‍റെ മറുപടി

Web Desk
|
10 April 2021 5:29 AM GMT

ഷേക്സ്പിയർ പൊട്ടിക്കരയുകയോ പൊട്ടിച്ചിരിക്കുകയോ ഒന്നുമല്ല, ജോജി കണ്ട ഷേക്സ്പിയർ മി. ശ്യാം പുഷ്കരനെയും മി. ദിലീഷ് പോത്തനേയും കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയാണെന്ന് പറഞ്ഞു വയ്ക്കാൻ കൂടിയാണ്

ദിലീഷ് പോത്തന്‍ ചിത്രം ജോജിയെ വിമര്‍ശിച്ച എഴുത്തുകാരന്‍ സച്ചിദാനന്ദന് മറുപടിയുമായി സിനിമാപ്രവര്‍ത്തകനായ അരുണ്‍ സദാനന്ദന്‍. എഴുതി വയ്ക്കുന്നത് വെറുതെ പകർത്തി വയ്ക്കുന്ന ഒരു സംവിധായകനല്ല ദിലീഷ് പോത്തനെന്ന് അരുണ്‍ സദാനന്ദന്‍ കുറിച്ചു.

അരുണ്‍ സദാനന്ദന്‍റെ കുറിപ്പ്

ഇന്നലെ വൈകുന്നേരം നല്ലൊരു വൈകുന്നേരമായിരുന്നു, നമ്മൾ ജോജിയിലെ ബ്രില്യൻസുകൾ അടുക്കി പെറുക്കി വെച്ചു. സ്ക്രീൻ ഡീറ്റെയിൽസിന് അപ്പുറത്ത് എന്നെ ആകർഷിച്ച രണ്ടു ബ്രില്യൻസുകൾ ആണ് ചുവടെ, ഇതെഴുതാൻ കാരണം സച്ചിദാനന്ദൻ സർ പറഞ്ഞത് പോലെ ഷേക്സ്പിയർ പൊട്ടിക്കരയുകയോ പൊട്ടിച്ചിരിക്കുകയോ ഒന്നുമല്ല, ജോജി കണ്ട ഷേക്സ്പിയർ മി. ശ്യാം പുഷ്കരനേയും മി. ദിലീഷ് പോത്തനേയും കയ്യടിച്ച് പ്രോത്സാഹിപ്പിക്കുയാണെന്ന് പറഞ്ഞു വയ്ക്കാൻ കൂടിയാണ്. കാര്യത്തിലേക്ക് കടക്കാം, സ്‌പോയിലേഴ്‌സ് സ്വാഭാവികം!

ഇന്നലെ നമ്മുടെ ജിഷ്ണു ഡോക്റ്റർ മാക്ബെത്തിലെ കീ ഡയലോഗിൽ ഒന്നാണ് ഇതെന്ന് നമുക്ക് പറഞ്ഞു തന്നു, “O, neverShall sun that morrow see!Your face, my thane, is as a book where menMay read strange matters. To beguile the time,Look like the time. Bear welcome in your eye,Your hand, your tongue. Look like th’ innocent flower,But be the serpent under ‘t."

മാക്ബത്തിനെ ആധാരമാക്കി എടുക്കപ്പെട്ട സിനിമകളിലും നാടകങ്ങളിലും ഒക്കെ ലേഡി മാക്ബത്തിന്റെ ഈ ഉപദേശം ഉണ്ടാവും. മി.ജയരാജ് 'വീരം' ചെയ്തപ്പോൾ അദ്ദേഹം ഈ പ്രസ്തുത ഡയലോഗിന് മൊഴി മാറ്റം വരുത്തുന്നത് ഇങ്ങനെയാണ്, "ഇങ്ങളെ ഈ മുഖം ആളോള് സംശയിക്കും. ഓറെ പറ്റിക്കുന്ന മുഖമാ വേണ്ടെ. കാഴ്ചയ്ക്ക് പൂ പോലെ, കാര്യത്തിന് പൂവിന്‍റെ അടിയിലെ പാമ്പ് പോലെ". എഴുത്ത് ഭംഗികൊണ്ട് എനിക്ക് അങ്ങേയറ്റം പ്രിയപ്പെട്ട മലയാളം ആണിത്.

ഇനി ജോജിയിലേയ്ക്ക് വരുമ്പോൾ ബിൻസി റാന്നി സെന്‍റ് തോമസ് കോളേജിൽ നിന്നും ബി എ ഇംഗ്ലീഷ് കഴിഞ്ഞതാണോ എന്ന് തിട്ടമില്ല, പക്ഷെ കഥ മാക്ബെത്ത് ആവുമ്പോൾ മേൽപ്പറഞ്ഞ ഡയലോഗ് ബിൻസി പറഞ്ഞു തന്നെ ആകണം. അവിടെയാണ് ബിൻസി ഒറ്റ വരിയിൽ 'മാസ്‌ക്ക് എടുത്ത് വയ്ക്കൂ' എന്ന് പറയുന്നത്. ആളുകളെയാണ് പറ്റിക്കേണ്ടത്, ആൾക്കൂട്ടം - ചാക്കാലയ്ക്ക് വന്നവർ - നമ്മളെ കാണിച്ചതിന് ശേഷമാണ് ഈ ഡയലോഗ്. പ്രിയപ്പെട്ട ശ്യാമിനെ എഴുന്നേറ്റ് നിന്ന് കയ്യടിച്ച് ഞാൻ ആദരിച്ച ഒരു നിമിഷം. തന്‍റെ വർക്കിന്‍റെ ഇത്രയും ഗംഭീരമായ - അവസരോചിതമായ (കോവിഡ്‌) - ഒരു മാറ്റിയെഴുത്ത് കണ്ടാൽ ഷേക്സ്പിയറും കയ്യടിക്കും.

എഴുതി വയ്ക്കുന്നത് വെറുതെ പകർത്തി വയ്ക്കുന്ന ഒരു സംവിധായകനല്ല മി.ദിലീഷ്. കാഴ്ചയിൽ പൂവ് പോലെ ആവണം, പക്ഷെ കാര്യത്തിന് നീ പൂവിനടിയിലെ പാമ്പാവണം എന്ന് ബിൻസി ജോജിയോട് പറഞ്ഞു കഴിഞ്ഞു. ഇനി അറിയേണ്ടത് ജോജി പാമ്പായോ എന്നാണ്, ആയെങ്കിൽ തന്നെ കഥയുടെ ഏത് പോയിന്റിൽ, അതെങ്ങനെ ദിലീഷ് പോത്തൻ നമുക്ക് കാണിച്ചു തന്നു?

ഷർട്ടിടാതെ ഗേറ്റ് ചാരുന്ന ജോമോൻ അപ്പന്റെ മിനിയേച്ചർ ആണെന്ന് ജോജി കാണുന്ന ആ നിമിഷം. അടുത്ത ഷോട്ടിന് സ്‌ക്രീൻ ഷോട്ട് നോക്കൂ. പൂവിനടിയിലെ പാമ്പിനെ കണ്ടോ? വെറുതെ ആർട്ട് ഡയറക്റ്റർ വിരിച്ചു കൊടുത്ത ഒരു ബെഡ് ഷീറ്റ് അല്ലത്! ജോജി ജോമോനെ കൊത്തും എന്ന് ഞാനുറപ്പിച്ച നിമിഷമായിരുന്നുവത്! ഇത് വരെ കൊച്ചു കൊച്ചു ബ്രില്യൻസുകൾ കളിച്ചു നടന്ന മി. ദിലീഷ് പോത്തന്‍റെ ബ്രില്യൻസിന്‍റെ ടവറിങ് പോയിന്റ്.

ഇത് കണ്ട ഷേക്സ്പിയർ കയ്യടിക്കുക മാത്രമല്ല അങ്ങേയറ്റം പ്രിയപ്പെട്ട ദിലീഷിനെ ഒന്നുമ്മ വച്ചിരിക്കുകയും ചെയ്തു എന്ന് ഞാൻ പറഞ്ഞാൽ സച്ചിദാനന്ദൻ സാറിന് എങ്ങനെ തർക്കിച്ചു ജയിക്കാൻ പറ്റും?

ये भी पà¥�ें- ഒരു നല്ല സിനിമ പോകട്ടെ, നല്ല എന്‍റര്‍ടെയ്നര്‍ പോലുമല്ല 'ജോജി'യെന്ന് സച്ചിദാനന്ദന്‍

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts