‘രാജമാണിക്യത്തിൽ മമ്മൂക്കയുടെ അനുജൻ, ഇപ്പോൾ ദുൽഖറിന്റെ ചേട്ടൻ’
|ദുൽഖർ ..എന്തൊരു സ്വീറ്റ് പേഴ്സൺ ആണ് മോനെ നീ…ലവ് യൂ
നായകനായും വില്ലനായും സഹനടനായും കൊമേഡിയനായുമെല്ലാം തിളങ്ങിയ താരമാണ് മനോജ് കെ.ജയന്. മമ്മൂട്ടി,മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള മനോജ് അവരുടെ മക്കള്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സല്യൂട്ട് എന്ന ചിത്രത്തില്‍ യുവനടന് ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിച്ച അനുഭവം പങ്കുവയ്ക്കുകയാണ് താരം. 2005ല്‍ പുറത്തിറങ്ങിയ രാജമാണിക്യത്തില്‍ മനോജ് മമ്മൂട്ടിയുടെ അനുജനായിട്ടാണ് എത്തിയതെങ്കില്‍ 2021ലെ സല്യൂട്ടില്‍ ദുല്‍ഖറിന്റെ ചേട്ടനായിട്ടാണ് താന്‍ അഭിനയിക്കുന്നതെന്ന് മനോജ് കെ.ജയന് കുറിച്ചു.
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സല്യൂട്ട്. ആക്ഷന്‍ ഡ്രാമാ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ഡയാന പെന്റിയാണ് നായിക.
മനോജ് കെ.ജയന്റെ കുറിപ്പ്
‘ഒരുപാട് സന്തോഷവും സ്നേഹവും മനോഹരമായ കുറെ ഓർമ്മകളും സമ്മാനിച്ച് സല്യൂട്ട് എന്ന എന്റെ പ്രിയപ്പെട്ട സിനിമ പാക്കപ്പ് ആയി. ‘2005 ‘ൽ രാജമാണിക്യത്തിൽ മമ്മൂക്കയുടെ അനുജനായി വേഷമിടുമ്പോൾ ഞാൻ ഒട്ടും ചിന്തിച്ചിരുന്നില്ല …2021-ൽ ,ദുൽഖറിന്റെ ചേട്ടനായി എനിക്ക് വേഷമിടേണ്ടി വരുമെന്ന് … ഇതൊരു അപൂർവ്വഭാഗ്യം…ദുൽഖർ ..എന്തൊരു സ്വീറ്റ് പേഴ്സൺ ആണ് മോനെ നീ…ലവ് യൂ…. . റോഷൻ, ഇത് എന്റെ ചേട്ടനാണന്ന് തികഞ്ഞ ആത്മാർത്ഥതയോടെ, സ്നേഹത്തോടെ എന്നെ ചേർത്ത് പിടിച്ച് ,പല തവണ ,പല സമയത്ത് സെറ്റിൽ വച്ച് എല്ലാവരോടുമായി പറഞ്ഞപ്പോൾ എനിക്കുണ്ടായ സന്തോഷം.,അഭിമാനം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. എന്നിലെ നടന് തന്ന കരുതലിനും സപ്പോർട്ടിനും നൂറു നന്ദി…
ബോബി സഞ്ജയ്മാരുടെ ഒരു തിരക്കഥയിൽ കഥാപാത്രമാവാൻ ഞാൻ ആഗ്രഹിച്ചിരുന്നു കുറെ നാളായി.. കാരണം നവ മലയാള സിനിമയിലെ ഏറ്റവും വിശിഷ്ടമായ സ്ക്രിപ്റ്റ് റൈറ്റേഴ്സ് ആണ് അവർ. കുറച്ച് താമസിച്ചായാലും അവരുടെ മികച്ച ഒരു കഥാപാത്രമാവാൻ എനിക്ക് സാധിച്ചു ..’