'കേസ് കൊടുത്ത്' നേടിയത് 25 കോടി; ബോക്സ് ഓഫീസ് തല്ലി തകര്‍ത്ത് ടോവിനോ
|ദുല്‍ഖര്‍ സല്‍മാന്‍ നായകനായ തെലുഗു ചിത്രം സീതാരാമവും തിയറ്റര്‍ ഹിറ്റാണ്
നീണ്ട ഇടവേളക്ക് ശേഷം സംസ്ഥാനത്തെ തിയറ്ററുകളെ സജീവമാക്കി പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ് ചിത്രങ്ങള്‍ക്ക് ഗംഭീര കളക്ഷന്‍. പുറത്തിറങ്ങി നാല് ദിവസങ്ങള്‍ക്കുള്ളിലാണ് ഇരുചിത്രങ്ങളും മികച്ച അഭിപ്രായവും കളക്ഷനും നേടി മുന്നേറുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ തെലുഗു ചിത്രം സീതാരാമവും തിയറ്റര്‍ ഹിറ്റാണ്. ചിത്രം ആഗോള വ്യാപകമായി 50 കോടി നേടിയതായി ദുല്‍ഖര്‍ അറിയിച്ചു.
ഓഗസ്റ്റ് 11ന് റിലീസ് ചെയ്ത ന്നാ താന്‍ കേസ് കൊട് ആറ് ദിവസം കൊണ്ട് നേടിയത് 25 കോടിയാണ്. നിര്‍മാതാവ് സന്തോഷ് ടി കുരുവിളയാണ് ബോക്സ് ഓഫീസ് കണക്ക് ഔദ്യോഗികമായി പുറത്തുവിട്ടത്. കുഞ്ചാക്കോ ബോബന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് ചിത്രം കുതിക്കുന്നത്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രം പ്രമേയത്തിന്‍റെ കരുത്തും ശൈലിയും കൊണ്ടാണ് പ്രേക്ഷകരിലേക്ക് ഇടിച്ചുകയറിയത്. ആദ്യ ദിനത്തിലെ ചിത്രത്തിന്‍റെ പോസ്റ്ററുമായി ഉയര്‍ന്ന കുഴി വിവാദവും ചിത്രത്തെ തിയറ്ററുകളില്‍ തുണച്ചു. തിയറ്റർ ലിസ്റ്റ് പങ്കുവച്ചു കൊണ്ടുള്ള പോസ്റ്ററിലെ 'തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന വാചകം ഇടതു അനുഭാവികളെ ചൊടിപ്പിച്ചിരുന്നു. സര്‍ക്കാരിന് എതിരെയാണ് പോസ്റ്റര്‍ എന്ന തരത്തില്‍ കമന്‍റുകള്‍ പ്രത്യക്ഷപ്പെട്ടു. പിന്നാലെ ചിത്രം കാണരുതെന്നും ബഹിഷ്കരിക്കണമെന്നുമുള്ള പ്രചരണങ്ങൾ നടന്നിരുന്നു. വൈകാതെ സിനിമയ്ക്ക് അകത്തും പുറത്തുമുള്ളവര്‍ ചിത്രത്തിന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു. കുഞ്ചാക്കോ ബോബന് പുറമെ ഗായത്രി ശങ്കര്‍, രാജേഷ് മാധവന്‍, ഉണ്ണിമായ പ്രസാദ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.
ടോവിനോ നായകനായി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത തല്ലുമാലയും തിയറ്ററുകളെ ഇളക്കി മറിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 12ന് പുറത്തിറങ്ങിയ ചിത്രം ആഗോള വ്യാപകമായി തന്നെ ഇതിനോടകം 25 കോടി നേടിയെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ഇതിന് മുന്നേ ടോവിനോ നായകനായ തീവണ്ടിയാണ് തിയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം. ഇന്ത്യക്ക് പുറത്ത് യു.എ.ഇയില്‍ ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിങ് ചദ്ദയേക്കാളും കാണികള്‍ ചിത്രം കാണാന്‍ തിയറ്ററിലെത്തി. കല്യാണി പ്രിയദര്‍ശനാണ് തല്ലുമാലയിലെ നായിക. ടോവിനോയും കല്യാണിയും ആദ്യമായി ഒന്നിച്ച ചിത്രമാണ് തല്ലുമാല. ടോവിനോയ്ക്കും കല്യാണിയ്ക്കും പുറമെ ഷൈൻ ടോം ചാക്കോ, ലുക്മാൻ അവറാൻ, ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തിയിട്ടുണ്ട്. മുഹ്സിന്‍ പരാരി, അഷ്റഫ് ഹംസ എന്നിവരാണ് തല്ലുമാലയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.