രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരിതെളിയും; അനുരാഗ് കശ്യപ് മുഖ്യാതിഥി
|ഏഴ് വ്യത്യസ്ത വിഭാഗങ്ങളിലായി 173 ചിത്രങ്ങളാണ് ഇത്തവണ പ്രദർശിപ്പിക്കുക.
ഇരുപത്തിയാറാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരിതെളിയും. മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപാണ് മുഖ്യാഥിതി. 15 തിയേറ്ററുകളില്‍ ഏഴ് വ്യത്യസ്ത വിഭാഗങ്ങളിലായി 173 ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുക. മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന പകുതി ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത് വനിതാ സംവിധായകരാണെന്ന പ്രത്യേകതയും മേളയ്ക്കുണ്ട്.
കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് രണ്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടും തലസ്ഥാനത്ത് തിരിതെളിയുന്നത്. അന്താരാഷ്ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ്, നെടുമുടി വേണുവിന് ആദരം തുടങ്ങി ഏഴ് വിഭാഗങ്ങളില്‍ നിന്നുള്ള സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.
താരാ രാമാനുജം സംവിധാനം ചെയ്ത നിഷിദ്ധോ, കൃഷാന്ത് സംവിധാനം ചെയ്ത ആവാസ വ്യൂഹം എന്നിവയാണ് മത്സര വിഭാഗത്തിലെ മലയാള ചിത്രങ്ങള്‍. വിനോദ് രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം കൂഴങ്ങള്‍, ഐ ആം നോട്ട് ദി റിവര്‍ ഝലം എന്നിവയാണ് മത്സര വിഭാഗത്തിലുള്ള മറ്റ് ഇന്ത്യന്‍ ചിത്രങ്ങള്‍. ബംഗ്ലാദേശിലെ ഒരധ്യാപികയുടെ ജീവിത കഥ പറയുന്ന രഹ്ന മറിയം നൂര്‍ ആണ് മേളയുടെ ഉദ്ഘാടനചിത്രം.
ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറിന്, ഗായത്രി അശോകനും സൂരജ് സാത്തെയും ചേർന്നൊരുക്കുന്ന ശ്രദ്ധാഞ്ജലിയോടെയാണ് ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിക്കുക. ഐ.എസിന്റെ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുർദിഷ് സംവിധായിക ലിസ ചലാന്‍ ചടങ്ങിൽ മുഖ്യമന്ത്രി സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് സമ്മാനിക്കും. നെടുമുടി വേണു, കെ.പി.എ.സി ലളിത ഉള്‍പ്പെടെ മണ്മറഞ്ഞവര്ക്ക് ആദരസൂചകമായി വിവിധ സിനിമകളും മേളയില്‍ പ്രദര്‍ശിപ്പിക്കും.