Entertainment
3 men erecting banner of actor Yash to celebrate his birthday die of electrocution
Entertainment

നടൻ യഷിന് ജന്മദിനാശംസാ ബാനർ കെട്ടുന്നതിനിടെ മൂന്ന് ആരാധകർ ഷോക്കേറ്റ് മരിച്ചു

Web Desk
|
8 Jan 2024 2:51 PM GMT

അർധരാത്രി സ്ഥാപിക്കാൻ ശ്രമിച്ച കൂറ്റൻ ബാനറിന്റെ മെറ്റൽ ഫ്രെയിം വൈദ്യുതി ലൈനിൽ സ്പർശിച്ചതോടെയായിരുന്നു ദുരന്തം.

ബെം​ഗളൂരു: നടൻ യഷിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് ആശംസാ ബാനർ സ്ഥാപിക്കുന്നതിനിടെ ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ് മൂന്ന് പേർക്ക് ദാരുണാന്ത്യം. കർണാടകയിലെ ​ഗദഗ് ജില്ലയിലെ സുരനാ​ഗി ഗ്രാമത്തിൽ തിങ്കളാഴ്ച പുലർച്ചെ ഒന്നോടെയാണ് സംഭവം. ആരാധകരായ ഹനുമാന്ത് ഹരിജൻ (24), മുരളി നടുവിനാമതി (20), നവീൻ ​ഗാജി (20) എന്നിവരാണ് മരിച്ചത്.

അർധരാത്രി സ്ഥാപിക്കാൻ ശ്രമിച്ച കൂറ്റൻ ബാനറിന്റെ മെറ്റൽ ഫ്രെയിം വൈദ്യുതി ലൈനിൽ സ്പർശിച്ചതോടെയായിരുന്നു ദുരന്തം. ജനുവരി എട്ടായ ഇന്നാണ് യഷിന്റെ ജന്മദിനം. ഇതോടനുബന്ധിച്ച് ബാനർ സ്ഥാപിക്കാനൊരുങ്ങുകയായിരുന്നു യുവാക്കൾ.

'ആരാധക സംഘം ബാനറിന് ഇരുമ്പ് ഫ്രെയിം സ്ഥാപിക്കുകയായിരുന്നു. ഇതിനിടെ ഇവരിൽ മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു'- ഗദഗ് പൊലീസ് സൂപ്രണ്ട് ബാബാസാഹേബ് നേമഗൗഡ പറഞ്ഞു.

ഹെസ്‌കോം (ഹൂബ്ലി ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ്) കേബിളിലാണ് ബാനറിന്റെ മെറ്റൽ ഫ്രെയിം തട്ടിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മെറ്റൽ ഫ്രെയിമുള്ള ബാനറുകൾ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്ന് ഷിർഹട്ടി എംഎൽഎ ചന്ദ്രു ലമാനി ജനങ്ങളോട് അഭ്യർഥിച്ചു.

അതേസമയം, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മൂന്ന് പേരുടെയും കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. നടൻ യഷിന്റെ ജന്മദിന ഫ്‌ളെക്‌സ് സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് യുവാക്കൾ മരിച്ച വാർത്ത കേട്ടതിൽ ദുഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സൂപ്പർ ഹിറ്റ് ചിത്രമായ കെ‌ജി‌എഫിലെ നായകനായ യഷ്, സംഭവം നടക്കുമ്പോൾ തന്റെ അടുത്ത ചിത്രമായ ടോക്സിക്കിന്റെ ചിത്രീകരണത്തിലായിരുന്നു. എന്നാൽ, തിങ്കളാഴ്ച വൈകീട്ട് ഹുബ്ബള്ളി വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം മൂന്ന് പേരുടെയും കുടുംബാം​ഗങ്ങളെ കാണാനും മരണത്തിൽ അനുശോചനം അറിയിക്കാനും സുരനാ​ഗി ഗ്രാമത്തിലെത്തി.

Similar Posts