'ആടുജീവിതത്തിനായി 31 കിലോ ശരീരഭാരം കുറച്ചു'; മനസ്സ് തുറന്ന് പൃഥ്വിരാജ്
|കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആടുജീവിതത്തിന്റെ ഷൂട്ടിങ് അനുഭവങ്ങളും സിനിമയുടെ പൂർത്തീകരണവഴിയിൽ നേരിടേണ്ടിവന്ന വെല്ലുവിളികളെ കുറിച്ചും പൃഥ്വിരാജ് വിശദീകരിച്ചത്
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജിനെ പ്രധാന കാഥാപാത്രമാക്കി ഒരുക്കുന്ന ആടുജീവിതം. പൃഥ്വിരാജിന്റെ സിനിമാ കരിയറിലെ ഏറ്റവും വലിയ മേക്ക്ഓവാറാണ് ചിത്രത്തിനായി താരം നടത്തിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിനായി 31 കിലോ ശരീരഭാരം കുറച്ച കാര്യം തുറന്നുപറഞ്ഞിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആടുജീവിതത്തിന്റെ ഷൂട്ടിങ് അനുഭവങ്ങളും സിനിമയുടെ പൂർത്തീകരണവഴിയിൽ നേരിടേണ്ടിവന്ന വെല്ലുവിളികളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചത്. 2008ലാണ് സംവിധായകൻ ബ്ലെസിയും പൃഥ്വിരാജും ചേർന്ന് ബെന്യാമിന്റെ പ്രശസ്ത നോവലായ 'ആടുജീവിതം' സിനിമയാക്കാൻ തീരുമാനിക്കുന്നത്. പിന്നീട് പത്ത് വർഷങ്ങൾക്കുശേഷമാണ് ചിത്രീകരണം ആരംഭിച്ചത്.
'ബ്ലെസിയും ഞാനും 2008ലാണ് ആടുജീവിതം അഭ്രപാളികളിലാക്കാൻ ഔദ്യോഗികമായി തീരുമാനിക്കുന്നത്.ബ്ലെസി അന്ന് മലയാള സിനിമയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന സംവിധായകരിൽ ഒരാളാണ്. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ എല്ലാ നടന്മാരും ?െബ്ലസിയുടെ സിനിമയിൽ അഭിനയിക്കാൻ കൊതിച്ചിരുന്ന സമയം. ആരെവെച്ചും അദ്ദേഹത്തിന് പടമെടുക്കാമായിരുന്നു. ആ സമയത്താണ് ഞങ്ങൾ ആടുജീവിതം പ്ലാൻ ചെയ്യുന്നത്. എന്നാൽ, സിനിമ തുടങ്ങാൻ പത്തുവർഷം പിന്നിടേണ്ടിവന്നു. അന്ന് അത്തരമൊരു സിനിമക്ക് ചിലവിടേണ്ടി വരുന്ന ഭാരിച്ച തുകയും ആ സിനിമയെക്കുറിച്ച് ബ്ലെസിയുടെ വിഷനും നിർമാതാക്കൾക്ക് ഊഹിക്കാൻ കഴിയുന്നതിന് അപ്പുറത്തായതിനാലാണ് അത്രയും വർഷത്തെ താമസമുണ്ടായത്'. പൃഥ്വിരാജ് പറഞ്ഞു.
'2018ൽ ആടുജീവിതം ഷൂട്ടിങ് തുടങ്ങി. ആദ്യ ദിവസത്തെ ഷൂട്ടിങ്ങിൽ ആദ്യഷോട്ടെടുക്കുന്നതിന് തൊട്ടുമുമ്പ് ബ്ലെസി എന്റെ അടുത്തുവന്നു. എന്നെ കെട്ടിപ്പിടിച്ച ശേഷം പത്തുമിനിറ്റോളം അദ്ദേഹം കരയുകയായിരുന്നു. അന്നെനിക്ക് മനസ്സിലായ കാര്യം ആ മനുഷ്യൻ പത്തു വർഷങ്ങളായി ഒരു സിനിമക്ക് മാത്രമായി പണിയെടുക്കുകയായിരുന്നുവെന്നതാണ്. ഞാൻ, മറ്റു സിനിമകളിൽ അഭിനയിക്കുന്നുണ്ടായിരുന്നു. എന്റെ വഴികളിലൂടെ സിനിമയിൽ സജീവമായി തുടരുന്നതിനിടയിലായിരുന്നു അദ്ദേഹം പത്തുവർഷം ഇതിനുമാത്രമായി അർപ്പിച്ചത്. പിന്നീടാണ് പ്രശ്‌നങ്ങൾ ഉടലെടുത്തത്'. അദ്ദേഹം പറഞ്ഞു.
'തുടക്കത്തിൽ ഞങ്ങൾ കരുതിയത്, ആടുകളെ വിദേശത്തുനിന്നുമെത്തിച്ച് രാജസ്ഥാനിൽ വലിയൊരുഭാഗം ഷൂട്ട് ചെയ്യാമെന്നായിരുന്നു. 250 ആടുകളെ സൗദിയിൽനിന്നു വാങ്ങി കപ്പൽമാർഗം ഇന്ത്യയിലെത്തിക്കാനുള്ള പദ്ധതികളെല്ലാം റെഡിയായിരുന്നു. എന്നാൽ, അവസാന നിമിഷം മൃഗസംരക്ഷണ വകുപ്പ് അതിന് അനുമതി നൽകിയില്ല. അതോടെ, മറ്റു സ്ഥലങ്ങളെക്കുറിച്ചായി അന്വേഷണം. ദുബൈ, അബൂദബി, സൗദി അറേബ്യ, മൊറോക്കോ, ഒമാൻ തുടങ്ങി ലോകത്തിന്റെ പലയിടങ്ങളെക്കുറിച്ചും ഞങ്ങൾ ആലോചിച്ചുകൊണ്ടിരുന്നു. ഒടുവിൽ 2019ൽ ആ അന്വേഷണം ജോർദനിൽ അവസാനിച്ചു. അങ്ങനെയാണ് ഷൂട്ടിങ് ജോർദാനിൽ ആരംഭിക്കുന്നത്. ആടുജീവിതത്തിലെ കഥാപാത്രം ചെയ്യാനായി 30 കിലോ ഭാരം കുറക്കേണ്ടതുണ്ടായിരുന്നു. എത്രദിവസം വേണ്ടിവരുമെന്ന് ബ്ലെസി ചോദിച്ചപ്പോൾ ആറു മാസം എന്നായിരുന്നു എന്റെ മറുപടി. എന്നാൽ, അതിനേക്കാൾ വേഗത്തിൽ ലക്ഷ്യം കണ്ടു. നാലഞ്ച് മാസമായപ്പോൾ തന്നെ 31 കിലോ കുറഞ്ഞു. പട്ടിണി കിടന്നൊക്കെയായിരുന്നു അത്രയേറെ മെലിഞ്ഞത്. ബ്ലെസിക്ക് ഏറെ സന്തോഷമായി. 45 ദിവസത്തെ ഷെഡ്യൂളിൽ സിനിമ തീരുമെന്ന് ചിന്തിച്ചും സ്വയം പ്രചോദിപ്പിച്ചും ഞാൻ ആവേശത്തോടെ മുമ്പോട്ടുപോയി. ആറു ദിവസം ഷൂട്ടിങ് പിന്നിടവേ, എല്ലാ കണക്കുകൂട്ടലും തകർത്ത് കോവിഡ് എത്തി. ലോകം അടഞ്ഞുകിടന്നു. ഷൂട്ടിങ് അതോടെ തടസ്സപ്പെട്ടു'. പൃഥ്വിരാജ് പറഞ്ഞു.
'ഷൂട്ടിങ് പുനഃരാരംഭിക്കാൻ ഒന്നര വർഷമെങ്കിലും കഴിയുമെന്ന് അന്ന് ഞങ്ങൾക്കറിയുമായിരുന്നില്ല. ഒന്നര വർഷത്തിനുശേഷം, റോളിന്റെ തുടർച്ച കിട്ടാനായി വീണ്ടും എനിക്ക് ശരീരഭാരം കുറക്കണമായിരുന്നു. ശരീരം ആഗ്രഹങ്ങൾക്കൊത്ത് പ്രതികരിക്കുമോ എന്നതുൾപ്പെടെ അതേക്കുറിച്ച് കുറേ സംശയമുണ്ടായിരുന്നെങ്കിലും എങ്ങനെയൊക്കെയോ ഞാനത് ചെയ്തു. ഒടുവിൽ എല്ലാം ഭംഗിയായി ഒത്തുവന്നു. അൾജീരിയ ഉൾപ്പെടെ കൂടുതൽ വർണമനോഹരമായ ഇടങ്ങളിൽ ഞങ്ങൾ ഷൂട്ടിങ് പുനരാരംഭിച്ചു. ഒടുവിൽ ലക്ഷ്യസാക്ഷാത്കാരമായി ഞങ്ങളുടെ സിനിമ പൂർത്തീകരിച്ചു. കേരളത്തിൽ ഷൂട്ടുചെയ്ത ക്ലൈമാസിന്റെ അവസാനഷോട്ടിനു ശേഷം ബ്ലെസി വീണ്ടും എന്റെ അടുക്കൽവന്നു. എന്നെ കെട്ടിപ്പിടിച്ചു, ഒരുപാട് കരഞ്ഞു. ലക്ഷ്യപൂർത്തീകരണത്തിനിടയിലെ ഒരു 'വൃത്തം' അങ്ങനെ പൂർത്തിയായി. തന്റെ കരിയറിന്റെ ഏറ്റവും ഉന്നതിയിൽ നിൽക്കവേ, 2008 മുതൽ 2023 വരെയുള്ള 15 വർഷത്തിനിടെ, ബ്ലെസി എന്ന സംവിധായകൻ ഒരു പടം മാത്രമാണ് ചെയ്തത്. അതാണ് ആടുജീവിതം' -പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു
അറേബ്യയിൽ ജോലിക്കായെത്തുന്ന മലയാളിയായ നജീബിന്റെ ദുരിതങ്ങളുടെ കഥയാണ് ആടുജീവിതം പറയുന്നത്. വിജനമായ പ്രദേശത്തെ ഒരു ഫാമിൽ ആടുകളെ നോക്കുന്ന ജോലിയിലേർപ്പെടുന്ന നജീബ് പിന്നീട് കടന്നുപോകുന്ന ആത്മസംഘർഷങ്ങളിലൂടെ സിനിമ കടന്നുപോകുന്നത്. പൃഥ്വിരാജിനെ കൂടാതെ ജിമ്മി ജീൻ ലൂയിസ്, അമല പോൾ, റിക് അബി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 2024 ഏപ്രിൽ 10ന് ചിത്രം പ്രേക്ഷകരിലേക്കെത്തും