34 വർഷങ്ങൾ, അഞ്ചാം വരവ്; പുതിയ കേസ് ഡയറി തുറക്കുന്ന സേതുരാമയ്യർ
|കേരളത്തിലെ തിയറ്ററുകളിലും വൻ വിജയം നേടിയ ചിത്രം തമിഴ്നാട്ടിലെ പല സെൻററുകളിലും തകർത്തോടി.
1988 ഫെബ്രുവരി 18നാണ് സേതുരാമയ്യർ തന്റെ കേസ് ഡയറി തുറക്കുന്നത്. അവിടെ മലയാള സിനിമയിൽ ഒരു പുതിയ യുഗത്തിന് തുടക്കമിടുകയായിരുന്നു..കെ മധുവോ എസ്എൻ സ്വാമിയോ മമ്മൂട്ടിയോ മലയാള സിനിമയുടെ വലിയ ആകാശത്ത് നക്ഷത്ര ശോഭയോടെ ഒരു സിബിഐ ഡയറിക്കുറിപ്പ് തിളങ്ങുമെന്ന് കരുതിയിരുന്നില്ല. അതേ ആകാശത്ത് സിബിഐ പരമ്പരയിൽ നിന്നും പിന്നെയും മൂന്നു നക്ഷത്രങ്ങൾ കൂടി പിറന്നു. അത് പിന്നീട് ഒരു നക്ഷത്ര സമൂഹമായി. ഇപ്പോഴിതാ അഞ്ചാമനും വരുന്നു. ലോക സിനിമ ചരിത്രത്തിൽ ആദ്യമായി ഒരേ നായകൻ, ഒരേ തിരക്കഥാകൃത്ത്, ഒരേ സംവിധായകൻ എന്ന അപൂർവ്വ നേട്ടം കൂടി സിബിഐയുടെ അഞ്ചാം പതിപ്പോടെ സിബിഐ ടീം സ്വന്തമാക്കുന്നു.
അലി ഇമ്രാൻ സേതുരായ്യർ ആവുന്നു
ഇരുപതാം നൂറ്റാണ്ടിൻറെ വിജയത്തിൻറെ ഹാംഗോവറിൽ നിൽക്കുമ്പോഴായിരുന്നു കെ.മധു എസ് എൻ സ്വാമിയോട് മമ്മൂട്ടിക്ക് പറ്റിയ ഒരു കഥ എഴുതാൻ ആവശ്യപ്പെടുന്നത്. ഫാമിലി ഡ്രാമ ജോണർ സിനിമകൾ മാത്രം എഴുതിയിരുന്ന എസ് എൻ സ്വാമിയുടെ ടേണിങ് പോയന്റായിരുന്നു ഇരുപതാം നൂറ്റാണ്ട്, അത് ഏറെ സ്വീകാര്യമായി.
ഒന്ന് മാറ്റിപ്പിടിക്ക് എന്ന മധുവിന്റെ പറച്ചിലിൽ ഒരു പൊലീസ് സ്റ്റോറി സ്വാമി എഴുതി നൽകി. മമ്മൂട്ടിയാണെങ്കിൽ ആ സമയത്ത് ആവനാഴി എന്ന തകർപ്പൻ ഹിറ്റ് കഴിഞ്ഞ് നിൽക്കുന്ന സമയം. ആ സിനിമയിലെ ഇൻസ്പെക്ടർ ബൽറാം എന്ന കഥാപാത്രവുമായി തങ്ങളുടെ സിനിമയിലെ കഥാപാത്രത്തെ ആളുകൾ താരതമ്യപ്പെടുത്തും എന്ന് സ്വാമിക്കും കെ.മധുവിനും തോന്നി, അതോടെ നിലവിലെ കഥ ഒന്ന് പൊളിച്ചെഴുതി. കാക്കി ഇട്ട പൊലീസ് വേണ്ട, സിബിഐ ഓഫീസറുടെ കഥ പറയാമെന്ന് തീരുമാനിച്ചു. സംവിധായകനും നിർമാതാവിനും പേടിയായിരുന്നു, പക്ഷെ മമ്മൂട്ടി ഉറച്ചു നിന്നു. അയാൾ മനസ്സ് കൊണ്ട് കഥാപാത്രമായി മാറിയിരുന്നു. അങ്ങനെ അലി ഇമ്രാൻ എന്ന സിബിഐ ഓഫീസർ ജനിച്ചു.
'അലി ഇമ്രാൻ വേണ്ട, സിബിഐ ഓഫീസർ പട്ടര് മതി എന്ന സജഷൻ വെച്ചത് മമ്മൂട്ടിയായിരുന്നു. അങ്ങനെ അലി ഇമ്രാൻ സേതുരാമയ്യർ സിബിഐ ആയി. കൈകൾ പിറകിൽ കെട്ടിയുള്ള അയ്യരുടെ നടപ്പും നോട്ടവുമെല്ലാം മമ്മൂട്ടി കയ്യിൽ നിന്നിട്ടു. അന്തരിച്ച മുൻ ദേശീയ അന്വേഷണ ഏജൻസി തലവനായിരുന്ന, സിബിഐ ഉദ്യോഗസ്ഥനായിരുന്ന- മലയാളിയായ രാധാവിനോദ് രാജുവിനോടായിരിക്കും കാഥാപാത്രമായി മാറിയതിന്റെ കടപ്പാട് രേഖപ്പെടുത്തുക. കാരണം രാജുവിന്റെ സാമർത്ഥ്യം കൊണ്ടു തെളിയിച്ച കേസുകളും, കൂടാതെ മഹാരാജാസിൽ മമ്മൂട്ടിയുടെ സീനിയർ വിദ്യാർത്ഥി എന്ന നിലയിലും മമ്മൂട്ടിക്ക് അറിയാമായിരുന്നു രാജുവിനെ. രാധാ വിനോദ് രാജുവാണോ സേതുരാമയ്യരെന്ന് ചോദ്യത്തിന് ആരെയും കണ്ടല്ല ഇത് താൻ നിർമിച്ചെടുത്ത ക്യാരക്ടറാണെന്ന വിശദീകരണമാണ് സ്വാമി പിന്നീട് നൽകിയ അഭിമുഖങ്ങളിൽ പറഞ്ഞത്.
പക്ഷേ പേരിന്റെ ചരിത്രത്തിനു രസകരമായ തുടർച്ചയുണ്ടാകുന്നത് മോഹൻലാലിലൂടെയാണ് അതും ഇതേ കൂട്ടുകെട്ടിൽ 1988ൽ പുറത്തിറങ്ങിയ മൂന്നാംമുറ എന്ന സിനിമയിലൂടെയും. ഈ സിനിമയിലെ മോഹൻലാൽ അവതരിപ്പിച്ച നായകകഥാപാത്രമായ പോലീസ് ഉദ്യോഗസ്ഥന് എസ്. എൻ. സ്വാമി നൽകിയത് അന്നുപേക്ഷിച്ച അലി ഇമ്രാൻ എന്ന പേരരായിരുന്നു.
ബോക്സ് ഓഫീസ് കുലുക്കിയ സിബിഐ
ഒരുപാട് പൊലീസ് കഥകൾ മലയാള സിനിമയിൽ ഇറങ്ങിയ കാലത്തായിരുന്നു അയ്യരുടെ വരവ്. നീണ്ട സംഭാഷണങ്ങളും സംഘട്ടനരംഗങ്ങളും ആയിരുന്നു ഈ പൊലീസ് സിനിമകളുടെയല്ലാം പൊതു സ്വഭാവം. ആ സമയത്താണ് സൗമ്യനായ, ആരോടും തല്ലിന് പോവാത്ത, ബുദ്ധി കൊണ്ട് കേസ് തെളിയിക്കുന്ന സിബിഐ ഓഫീസർ വരുന്നത്. അയാളുടെ അന്വേഷണത്തിനൊപ്പം അക്ഷമയോടെ പ്രേക്ഷകരെയും കൂടെ കൂട്ടി. മാസ് ബിജിഎമ്മിന്റെ അകമ്പടിയോടെ സേതുരാമയ്യർ നടന്നു കയറിയത് പുതിയ റെക്കോർഡിലേക്കായിരുന്നു. കേരളം കടന്നും അയ്യർ പ്രസിദ്ധമായി.
കേരളത്തിലെ തിയറ്ററുകളിലും വൻ വിജയം നേടിയ ചിത്രം തമിഴ്നാട്ടിലെ പല സെൻററുകളിലും തകർത്തോടി. തമിഴ്നാട്ടിൽ മലയാളസിനിമകൾക്ക് വലിയ പ്രേക്ഷകപ്രീതി ഇല്ലാതിരുന്ന കാലത്തായിരുന്നു സിബിഐ ഡയറികുറിപ്പിന്റെ തേരോട്ടം. തമിഴ്നാട്ടിലെ പ്രശസ്ത വിതരണക്കാരനും തിയറ്റർ ഉടമയുമായ തിരുപ്പൂർ സുബ്രഹ്മണ്യമാണ് സുഹൃത്തിന്റെ നിർബന്ധത്തിന് വഴങ്ങി 1.95 ലക്ഷം രൂപയ്ക്ക് ചിത്രം വിതരണത്തിനെടുത്തത്. കെജി തിയറ്ററിൽ റിലീസ് ദിവസത്തെ കളക്ഷനെക്കുറിച്ച് അന്വേഷിച്ച സുബ്രഹമ്ണ്യൻ ഞെട്ടി, നാല് പ്രദർശനങ്ങളും ഹൗസ്ഫുൾ. മലയാളസിനിമ അതിനുമുൻപ് തമിഴ്നാട്ടിൽ അങ്ങനെ ഓടിയിട്ടേയില്ല. 1.95 ലക്ഷത്തിന് വാങ്ങിയ പടം കോയമ്പത്തൂർ കെജി തിയറ്ററിൽ മാത്രം 3 ലക്ഷം രൂപ ഷെയർ വന്നു.
രണ്ടാം വരവിൽ അയ്യർ
1970 മുതലാണ് മലയാളത്തിൽ വിജയിച്ച സിനിമകളുടെ തുടർച്ചകൾ പുറത്തിറക്കുക എന്ന രീതി തുടങ്ങിയത്. മലയാളസിനിമയിൽ ഒരു സിനിമയുടെ തുടർച്ചയായി അറിയപ്പെടുന്ന ആദ്യ ചിത്രം 1971-ൽ പുറത്തിറങ്ങിയ 'ആന വളർത്തിയ വാനമ്പാടിയുടെ മകനാ'ണ്. 1960 ലെ 'ആന വളർത്തിയ വാനമ്പാടി' എന്ന ചിത്രത്തിന്റെ തുടർച്ചയായിരുന്നു അത്. പി. സുബ്രഹ്മണ്യം ആണ് ഈ രണ്ടു ചിത്രങ്ങളും സംവിധാനം ചെയ്തത്. എന്നാൽ ഇതിനു മുമ്പ് തന്നെ ഒരു മലയാള സിനിമയുടെ തുടർച്ച പുറത്തിറങ്ങിയിരുന്നു എന്നതാണ് യാഥാർത്ഥ്യം. കഥയനുസരിച്ച് 1970ൽ പുറത്തിറങ്ങിയ 'ഒതേനന്റെ മകൻ' എന്ന ചിത്രം 1964-ൽ പുറത്തിറങ്ങിയ 'തച്ചോളി ഒതേനൻ' എന്ന ചിത്രത്തിന്റെ തുടർച്ച തന്നെയായിരുന്നുവെങ്കിലും അങ്ങനെ ഒരു അവകാശവാദം ഉന്നയിക്കാതെയാണ് ആ ചിത്രമെത്തിയത്. 'സി.ഐ.ഡി നസീർ' എന്ന ചിത്രത്തിന് അടുത്തടുത്ത വർഷങ്ങളിലായി രണ്ട് ഭാഗങ്ങൾ കൂടി പ്രദർശനത്തിനെത്തിയതോടെ കുറ്റന്വേഷണ ചിത്രത്തിന് തുടർച്ച വരുന്നു. അവ യഥാക്രമം 'ടാക്സി കാർ', 'പ്രേതങ്ങളുടെ താഴ്വര' തുടങ്ങിയവയായിരുന്നു.
റെക്കോർഡ് ഹിറ്റടിച്ച സിബിഐ ഡയറികുറിപ്പിന് രണ്ടാം ഭാഗം ആലോചിക്കാൻ എസ് എൻ സ്വാമിക്കും കെ.മധുവിനും മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ല. സിബിഐ ഡയറികുറിപ്പിന്റെ വിജയത്തിൽ നിന്ന് അതേവർഷം കെ.മധുവിനായി 'ഊഹക്കച്ചവടം', 'മൂന്നാം മുറ' എന്നീ ചിത്രങ്ങൾക്ക് തൂലിക ചലിപ്പിച്ച എസ് എൻ സ്വാമി അടുത്ത വർഷം സേതുരമയ്യർക്ക് വേണ്ടി കേസെഴുതി. 'ജാഗ്രത'.. മമ്മൂട്ടിക്കൊപ്പം മുകേഷ്, ജഗതി ശ്രീകുമാർ, പാർവ്വതി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. പക്ഷേ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. സിബിഐ ഡയറിക്കുറിപ്പിന് ശേഷം വലിയ ഇടവേളയില്ലാതെ രണ്ടാം ഭാഗം വന്നതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് സംവിധായകൻ തുറന്നു പറഞ്ഞു.
കാത്തിരിപ്പുകൾക്കൊടുവിലെ മൂന്നാം വരവ്
പിന്നീട് 15 വർഷം പുതിയ കേസുകളൊന്നും സേതുരാമയ്യർ ഏറ്റെടുത്തില്ല. ഇതിനിടക്ക് കെ. മധുവിനായി നിരവധി ചിത്രങ്ങൾ എസ് എൻ സ്വാമി എഴുതി നൽകി. മമ്മൂട്ടിക്ക് വേണ്ടി നിരവധി കുറ്റന്വേഷണ കഥകൾക്കും സ്വാമി പേനയെടുത്തിട്ടും സേതുരാമയ്യർ അഭ്രപാളിയിലെത്തിയില്ല.. ആ കാത്തിരിപ്പിന് വിരാമമിട്ട് എസ് എൻ സ്വാമി- കെ.മധു- മമ്മൂട്ടി കൂട്ടുകെട്ട് സിബിഐ ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത വന്നു. വലിയ ആവേശത്തോടെ കാത്തിരുന്ന പ്രേക്ഷകന് മികച്ചതൊന്ന് നൽകാൻ എസ്എൻ സ്വാമിക്കും കെ മധുവിനുമായി 'സേതുരാമയ്യർ സിബിഐ' വലിയ വിജയമായി... 'ജാഗ്രത'യിൽ കാണിച്ച ജാഗ്രതകുറവ് വീണ്ടും സിബിഐ ടീം വീണ്ടും ആവർത്തിച്ചു. തൊട്ടടുത്ത വർഷം 'നേരറിയാൻ സിബിഐ'യുമായി വന്നു. ചിത്രം ബോക്സ് ഓഫീസിൽ പരാജയമായി.പിന്നെയും കാത്തിരിപ്പ് ഇനിയൊരു സിബിഐ ചിത്രമുണ്ടാവില്ലെന്ന് പലരും ഉറപ്പിച്ചു. മമ്മൂട്ടിക്ക് മടുത്തെന്ന് അടക്കം പറഞ്ഞു. തുടർച്ചയായി പരാജയ ചിത്രങ്ങൾ എഴുതി കൊണ്ടിരുന്ന എസ് എൻ സ്വാമിയിൽ വിശ്വാസം നഷ്ടപ്പെട്ടു. കാലത്തിനനുസരിച്ച് മാറാൻ സ്വാമിക്കാവുന്നില്ലെന്ന് തള്ളിപ്പറഞ്ഞു. എന്നാൽ അയ്യർ വീണ്ടും വരുന്നു അതും ഞെട്ടിക്കാനായി എന്ന് ഇന്റർവ്യൂകളിൽ എസ് എൻ സ്വാമിയും കെ മധുവും പറഞ്ഞുകൊണ്ടേയിരുന്നു. കോവിഡ് ഭീഷണി ഒഴിഞ്ഞു. കൈ പിന്നിൽ കെട്ടി എവർഗ്രീൻ ബാക്ക്ഗ്രൗണ്ട് സ്കോറിന്റെ അകമ്പടിയോടെ അയാളുടെ വരവറിയിച്ചു. 'സിബിഐ 5 ദ ബ്രൈൻ'.