Entertainment
ആവേശത്തിൽ ഫഹദിന്‍റെ കോസ്റ്റ്യൂം രഹസ്യങ്ങള്‍ വെളിപ്പെടുത്തി മഷര്‍ ഹംസ
Entertainment

60 പവൻ സ്വർണം; മരതകം പതിപ്പിച്ച കമ്മലും ചെയിനും-'ആവേശത്തി'ല്‍ ഫഹദിന്റെ 'സ്വാഗ് ലുക്കി'ന്‍റെ രഹസ്യങ്ങൾ ഇങ്ങനെ

Web Desk
|
23 April 2024 4:17 AM GMT

ഫഹദിന്റെ പേഴ്‌സനൽ മാനേജർ ഷുക്കൂറിനായിരുന്നു സെറ്റിൽ സ്വർണാഭരണങ്ങളുടെ ചുമതലയെന്നും എല്ലാം പെട്ടിയിലാക്കി അദ്ദേഹത്തെ ഏൽപിച്ചിരിക്കുകയായിരുന്നുവെന്നും കോസ്റ്റ്യൂം ഡിസൈനർ മഷർ ഹംസ വെളിപ്പെടുത്തി

തിയറ്ററുകൾ പൂരപ്പറമ്പാക്കി 100 കോടി ക്ലബിലേക്ക് അതിവേഗം കുതിക്കുകയാണ് ഫഹദ് ഫാസിൽ ചിത്രം 'ആവേശം'. ഫഹദിന്റെ അഴിഞ്ഞാട്ടം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചപ്പോൾ രണ്ടാഴ്ച കൊണ്ട് റെക്കോർഡ് കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. ഇതിനകം 92 കോടിയാണ് ആവേശം വാരിക്കൂട്ടിയതെന്നാണ് ഇന്നലെ പുറത്തുവന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.

ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ ലുക്കും മേക്കോവറും ആരാധകർക്കു ശരിക്കും സർപ്രൈസായിരിക്കുകയാണ്. തൂവെള്ള ഷർട്ടും പാന്റ്‌സും കൂളിങ് ഗ്ലാസും കഴുത്തിൽ തൂങ്ങിയാടുന്ന ചെയിനുകളും കൈയിൽ റാഡോ വാച്ചും വളകളുമെല്ലാമായി ഒരൊന്നൊന്നര ഗെറ്റപ്പിലാണ് ഫഹദ് അവതരിപ്പിക്കുന്ന രങ്കണ്ണൻ എന്ന കഥാപാത്രം ചിത്രത്തിൽ തകർത്താടുന്നത്. ഇപ്പോഴിതാ ഫഹദിന്റെ വസ്ത്രാലങ്കാരത്തിനു പിന്നിലെ കണ്ണുതള്ളിക്കുന്ന കോടിക്കണക്കുകൾ വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ കോസ്റ്റിയൂം ഡിസൈനർ കൂടിയായ മഷർ ഹംസ.

ഏകദേശം 60 പവൻ വരുന്ന ചെയിനുകളും വളകളും മോതിരങ്ങളുമാണ് ഫഹദിനായി ഒരുക്കിയതെന്നാണ് മഷർ ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയത്. മുഴുവൻ ആഭരണങ്ങളും സ്വർണത്തിൽ പണിയിപ്പിച്ചതാണ്. വെള്ള വസ്ത്രത്തിനൊപ്പിച്ച സ്റ്റൈൽ കൊണ്ടുവരാനായാണ് ഹെവി ജ്വല്ലറി ആക്‌സസറീസ് ഉപയോഗിക്കാമെന്നു തീരുമാനിച്ചതെന്നും മഷർ പറഞ്ഞു.

കഥാപാത്രത്തിനു വേണ്ടി ഫഹദ് കാത് കുത്തിയെന്നും മഷർ പറയുന്നു. മരതകം പതിപ്പിച്ച കമ്മലാണ് താരം കാതിൽ ധരിച്ചിരുന്നത്. ഇതോടൊപ്പം മരതകം പതിപ്പിച്ച ഒരു ചെയിനുമുണ്ടായിരുന്നു. രങ്കണ്ണന്റെ വാഹനമായ പച്ച ക്വാളിസിനോട് മാച്ച് ചെയ്യാനായാണ് മരതകം ഉപയോഗിച്ചത്. ഇതോടൊപ്പം റാഡോയുടെ വിന്റേജ് ക്ലാസിക് മോഡൽ ഗോൾഡൻ വാച്ചും കൈനിറയെ മോതിരങ്ങളുമുണ്ടായിരുന്നു. രങ്കണ്ണൻ ധരിച്ച പെൻഡന്റുകളും ഒപ്പം കൊണ്ടുനടന്നിരുന്ന മിനിയേച്ചർ കത്തികളുമെല്ലാം പ്രത്യേകം ഡിസൈൻ ചെയ്‌തെടുത്തു.

ഫഹദിന്റെ പേഴ്‌സനൽ മാനേജർ ഷുക്കൂറിനായിരുന്നു സെറ്റിൽ ആഭരണങ്ങളുടെ ചുമതല. എല്ലാം ഒരു പെട്ടിയിലാക്കി അദ്ദേഹത്തെ ഏൽപിച്ചിരിക്കുകയായിരുന്നു. സെറ്റിൽ വരുമ്പോൾ പെട്ടി കോസ്റ്റിയൂം വിഭാഗത്തെ ഏൽപിക്കും. ഷൂട്ട് കഴിഞ്ഞു മടങ്ങുമ്പോൾ അതുപോലെ തന്നെ തിരികെക്കൊടുക്കുകയും ചെയ്യും. കോസ്റ്റിയൂം വാനിൽ ഇത്രയും സ്വർണം സൂക്ഷിക്കുന്നത് സുരക്ഷിതമല്ലാത്തതിനാലായിരുന്നു ഇത്. ഷൂട്ട് കഴിഞ്ഞ ശേഷം സ്വർണമെല്ലാം പ്രോഡക്ഷനിൽ തിരികെ ഏൽപിക്കുകയായിരുന്നുവെന്നും മഷർ വെളിപ്പെടുത്തി.

ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് സുഷിൻ ശ്യാം ആണ്. വിനായക് ശശികുമാറും എം.സി കൂപ്പറും ചേർന്നാണു ഗാനരചന. അൻവർ റഷീദ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്നാണ് ആവേശം നിർമ്മിച്ചിരിക്കുന്നത്. ഫഹദിന് പുറമെ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെ.എസ്, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങി നിരവധി പേർ ചിത്രത്തിൽ എത്തുന്നുണ്ട്.

സമീർ താഹിർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റർ-വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈൻ-അശ്വിനി കാലെ, വസ്ത്രാലങ്കാരം-മഷർ ഹംസ, ആക്ഷൻ-ചേതൻ ഡിസൂസ, പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് ശേഖർ.

Summary: 60 pavan of gold; emerald studded earrings and chain - Costume designer Mashar Hamsa reveals Fahadh Faasil's costume secrets in 'Aavesham' movie

Similar Posts