ദൃശ്യം ഇന്തോനേഷ്യൻ ഭാഷയിലേക്കും ; പുറത്തിറങ്ങുന്നത് സിനിമയുടെ ഏഴാം റീമേക്ക്
|സിംഹള, ചൈനീസ് ഭാഷകളിലേക്കും സിനിമ റീമേക്ക് ചെയ്തിരുന്നു
ഏറേ ശ്രദ്ധനേടിയ മലയാള ചിത്രമാണ് 2013 ൽ പുറത്തിറങ്ങിയ ജിത്തു ജോസഫിൻ്റെ ദൃശ്യം. പുറത്തിറങ്ങി എഴ് വർഷത്തിനു ശേഷം സിനിമയുടെ ഏഴാമത്തെ റീമേക്കുമായി ബന്ധപ്പെട്ട വാർത്തകളാണ് പുറത്തു വരുന്നത്. ഈ തവണ ഇന്തോനേഷ്യൻ ഭാഷയിലേക്കാണ് ദ്യശ്യം റീമേക്ക് ചെയ്യുക. സിംഹള, ചൈനീസ് ഭാഷകളിലേക്കും മറ്റു ഇന്ത്യൻ ഭാഷകളിലും സിനിമ മുമ്പ് റീമേക്ക് ചെയ്തിരുന്നു. ആശിർവാദ് സിനിമാസാണ് പുതിയ റീമേക്കുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവിട്ടത്.
തെലുങ്കിലും ഹിന്ദിയിലും റീമേക്കിൻ്റെ പേര് ദൃശ്യം എന്ന് തന്നെയായിരുന്നു. എന്നാൽ തമിഴിൽ പാപനാശമെന്ന് പേരിട്ടപ്പോൾ കന്നടയിൽ ദൃശ്യ എന്നായിരുന്നു പേര്. എല്ലാ ഭാഷകളിലും സിനിമ ഹിറ്റായിരുന്നെങ്കിലും മോഹൻ ലാലിൻ്റെ അഭിനയ മികവ് മുന്നിട്ടു നിന്നിരുന്നു. ഷിപ്പ് വിത്തൗട്ട് എ ഷെപേർഡ് എന്ന വലിയ പേരാണ് ചൈനീസ് ഭാഷയിലെ റീമേക്കിന്. ധർമ്മയുദ്ധയ എന്നാണ് സിംഹള ഭാഷയിലിറങ്ങിയ ദൃശ്യത്തിൻ്റെ പേര്.
കോവിഡ് കാലത്ത് ചിത്രീകരിച്ച ദൃശ്യം 2 ആമസോൺ പ്രൈമിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ദൃശ്യത്തിന് ലഭിച്ചതിന് സമാനമായ സ്വീകരണമാണ് ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിനും ലഭിച്ചത്.