മലയാളത്തിൻ്റെ അനശ്വര നായകൻ മധുവിന് ഇന്ന് 88-ാം പിറന്നാൾ; ആശംസകൾ നേർന്ന് സിനിമാ ലോകം
|പ്രേം നസീറും സത്യനും അരങ്ങുവാഴുന്ന കാലത്താണ് മധുവിന്റെ രംഗപ്രവേശം
മഹാനടന് മധുവിന് ഇന്ന് 88-ാം പിറന്നാള്‍. മധുവിന് ആശംസകള്‍ നേര്‍ന്ന് മലയാള സിനിമയുടെ താരരാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും. ''എന്റെ സൂപ്പര്‍ സ്റ്റാറിന് ജന്മദിനാശംസകള്' എന്നാണ് മമ്മൂട്ടി ഫേയ്സ്ബുക്കില്‍ കുറിച്ചത്. 'പ്രിയപ്പെട്ട മധു സാറിന് ഒരായിരം ജന്മദിനാശംസകള്' എന്ന് മോഹന്‍ലാലും ഫേയ്സ്ബുക്കിലൂടെ ആശംസ നേര്‍ന്നു.
1962ലാണ് മാധവന് നായര്‍ എന്ന മധു മലയാള ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. 1963ല്‍ പുറത്തിറങ്ങിയ 'മൂടുപടമാ'ണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. അതേ വര്‍ഷമിറങ്ങിയ 'നിണമണിഞ്ഞ കാല്‍പ്പാടുകളി'ലും അദ്ദേഹം അഭിനയിച്ചു. പ്രേംനസീറും സത്യനും അരങ്ങുവാണ കാലത്തായിരുന്നു മധുവിന്റെ രംഗപ്രവേശം. എങ്കിലും തന്റെ അഭിനയമികവില്‍ മൂന്ന് പതിറ്റാണ്ടുകാലം മലയാള സിനിമയില്‍ നായകവേഷത്തിലും അല്ലാതെയും അദ്ദേഹം തിളങ്ങി.
1960, 70, 80 കാലഘട്ടങ്ങളിലെ മുന്‍നിര നായകന്മാരിലൊരാളായിരുന്നു മധു. ഏകദേശം 400ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രം 'വണ്‍' ആയിരുന്നു അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം. മലയാളം കൂടാതെ തമിഴ്, ഹിന്ദി ഭാഷകളിലു മധു അഭിനയമികവ് തെളിയിച്ചിട്ടുണ്ട്.
നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ മധു 12 സിനിമകള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്. 1970ല്‍ പുറത്തിറങ്ങിയ 'പ്രിയ'യാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഇറങ്ങിയ ആദ്യ ചിത്രം. ഇതിനുപുറമെ 15 സിനിമകള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. 1995ല്‍ നിര്‍മ്മിച്ച 'മിനി'ക്ക് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു.
2013ല്‍ രാജ്യം പദ്മശ്രീ നല്കി ആദരിച്ചു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന ജെ.സി ഡാനിയേല്‍ പുരസ്കാരം 2004ല്‍ നേടി. അഞ്ചു തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നാല് ഫിലിംഫെയര്‍ പുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്.