ഡബ്ല്യു.സി.സിയിൽ ചതി?; സ്ഥാപകാംഗത്തിന് സ്വാർഥതാത്പര്യം
|'മാറ്റിനിർത്തപ്പെടാതിരിക്കാൻ സിനിമയിൽ പ്രശ്നമില്ലെന്ന് നുണ പ്രചാരണം'
എറണാകുളം: സിനിമാ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടു. ഗുരുതര ആരോപണങ്ങളാണ് റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്. മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിച്ചാണ് ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി റിപ്പോർട്ട് തയാറാക്കിയത്.
വുമൺ ഇൻ സിനിമ കളക്റ്റീവ് എന്ന സംഘടനയിലെ സ്ഥാപകാംഗത്തിന് സ്വാർഥതാത്പര്യമെന്ന് റിപ്പോർട്ടിൽ പറയുന്നു. മാറ്റിനിർത്തപ്പെടാതിരിക്കാൻ സിനിമയിൽ പ്രശ്നമില്ലെന്ന് നുണ പ്രചാരണം നടത്തി. അതിനാൽ അവർക്ക് കൂടുതൽ അവസരം ലഭിച്ചു. എന്നാൽ ഡബ്ല്യു.സി.സിയിലെ മറ്റംഗങ്ങൾക്ക് നിലപാടിൽ വെള്ളം ചേർക്കാത്തതിനാൽ അവസരങ്ങൾ നിഷേധിക്കപ്പെട്ടു. തുറന്നു പറച്ചിലുകൾ കൊണ്ടുമാത്രം അവർക്ക് സിനിമയിൽനിന്ന് വിലക്ക് നേരിട്ടു.
'സിനിമ സെറ്റുകളിൽ സ്ത്രീകൾക്ക് ഒറ്റയ്ക്ക് പോകാൻ പറ്റാത്ത അവസ്ഥ നിലനിൽക്കുന്നു. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനലുകളാണ്. സ്ത്രീയുടെ ശരീരത്തെ പോലും മോശമായ രീതിയിൽ വർണിക്കുന്നു. പരാതിയുമായി പോകുന്ന സ്ത്രീകൾക്ക് നേരെ സൈബർ ആക്രമണം നടക്കുന്നു. ഡബ്ല്യു.സി.സിയിൽ അംഗത്വം എടുത്തത് കൊണ്ട് മാത്രം സിനിമയിൽ നിന്നും പുറത്താകാൻ ശ്രമം നടക്കുന്നു.'- റിപ്പോർട്ടിൽ പറയുന്നു
അവസാന നിമിഷം ഹൈക്കോടതിയിലുണ്ടായ നാടകീയ നീക്കങ്ങൾക്കൊടുവിലാണ് ഇന്ന് ഉച്ചയ്ക്ക് 2.30ഓടെ വ്യക്തിവിവരങ്ങൾ ഒഴിവാക്കിയുള്ള 233 പേജുള്ള റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.