Entertainment
കടുഗണ്ണാവ ഒരു യാത്ര; എംടി, മമ്മൂട്ടി, ലിജോ എന്നിവർ ഒന്നിക്കുന്നു
Entertainment

'കടുഗണ്ണാവ ഒരു യാത്ര'; എംടി, മമ്മൂട്ടി, ലിജോ എന്നിവർ ഒന്നിക്കുന്നു

Web Desk
|
6 Oct 2021 10:20 AM GMT

ലിജോ ജോസിനു പുറമേ പ്രിയദർശൻ, സന്തോഷ് ശിവൻ, ജയരാജ് എന്നിവരും സീരിസിന്റെ ഭാഗമായി സിനിമ സംവിധാനം ചെയ്യുന്നുണ്ട്

എം.ടി വാസുദേവൻ നായരുടെ കഥകൾ കോർത്തിണക്കി തയ്യാറാക്കുന്ന നെറ്റ്ഫ്‌ളിക്‌സ് സിനിമാ സീരിസിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ബിജു മേനോനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയെന്ന വാർത്തകൾക്കു പിന്നാലെ എംടി യുടെ 'കടുഗണ്ണാവ ഒരു യാത്ര' എന്ന കഥയെ ആസ്പദമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സിനിമ സംവിധാനം ചെയ്യുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കിയാണ് ലിജോ ജോസ് ചിത്രം സംവിധാനം ചെയ്യുന്നതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ശ്രീലങ്കയിൽ ജോലി ചെയ്തിരുന്ന അച്ഛനു മറ്റൊരു ബന്ധത്തിലുണ്ടായ മകൾ എന്ന് കരുതപ്പെടുന്ന പെൺകുട്ടിയെ കുറിച്ച് ഒരു പത്രപ്രവർത്തകന്റെ ഓർമയാണ് കഥയുടെ ആധാരം. ഔദ്യോഗിക ആവശ്യത്തിനായി ശ്രീലങ്കയിലേക്കു പോകേണ്ടി വരുന്ന അയാൾ തന്റെ പഴയ ഓർമകൾ പൊടിത്തട്ടിയെടുക്കുകയാണ്. പി.കെ വേണുഗോപാൽ എന്ന ആ കഥാപാത്രമാണ് മമ്മൂട്ടി സിനിമയിൽ അവതരിപ്പിക്കുക. കടുഗണ്ണാവ എന്നത് ശ്രീലങ്കയിലെ ഒരു സ്ഥലപ്പേരാണ്.

ലിജോ ജോസിനു പുറമേ പ്രിയദർശൻ, സന്തോഷ് ശിവൻ, ജയരാജ് എന്നിവരും സീരിസിന്റെ ഭാഗമായി സിനിമ സംവിധാനം ചെയ്യുന്നുണ്ട്. പ്രിയദർശൻ ബിജുമേനോനെ നായകനാക്കി ഒരു സിനിമയും മോഹൻ ലാലിനെ നായകനാക്കി മറ്റൊരു ചിത്രവും സംവിധാനം ചെയ്യും. എംടിയുടെ അഭയം തേടി എന്ന കഥയാണ് സന്തോഷ് ശിവൻ സിനിമയാക്കുന്നത്. സിദ്ദിഖാണ് നായകൻ. ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദനും നായകനാകും. എന്നാൽ സിനിമാ സീരിസിനെ കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.

Similar Posts