Entertainment
അവിശ്വസനീയ മാറ്റം;ആര്‍.ആര്‍.ആര്‍ ടീമിന് അഭിനന്ദനവുമായി എ. ആര്‍ റഹ്മാന്‍

എ.ആര്‍ റഹ്മാന്‍

Entertainment

'അവിശ്വസനീയ മാറ്റം';ആര്‍.ആര്‍.ആര്‍ ടീമിന് അഭിനന്ദനവുമായി എ. ആര്‍ റഹ്മാന്‍

Web Desk
|
11 Jan 2023 3:41 AM GMT

''അവിശ്വസനീയമായ മാറ്റമാണിത്. കീരവാണിക്കും എസ്.എസ് രാജമൗലിക്കും ആർ.ആർ.ആർ ടീമിനും മുഴുവൻ ഇന്ത്യക്കാരുടേയും ആരാധകരുടേയും അഭിനന്ദനങ്ങൾ''

ലോസാഞ്ചലസ്: ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നേടിയ എസ്.എസ് രാജമൗലി ചിത്രം ആർ.ആർ.ആറിന്റെ സംഗീത സംവിധായകൻ എം.എം കീരവാണിയെ അഭിനന്ദിച്ച് ഓസ്‌കാർ ജേതാവും പ്രശസ്ത സംഗീത സംവിധായകനുമായ എ.ആർ റഹ്‌മാൻ. തന്റെ ഔദ്വോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം അഭിനന്ദനമറിയിച്ചത്.

അവിശ്വസനീയമായ മാറ്റമാണിത്. കീരവാണിക്കും എസ്.എസ് രാജമൗലിക്കും ആർ.ആർ.ആർ ടീമിനും മുഴുവൻ ഇന്ത്യക്കാരുടേയും ആരാധകരുടേയും അഭിനന്ദനങ്ങൾ. എ.ആർ റഹ്‌മാൻ കുറിച്ചു. ഗോൾഡൻ ഗ്ലോബ് വേദിയിൽ വിജയമാഘോഷിക്കുന്ന ആർ.ആർ.ആർ ടീമിന്റെ വീഡിയോയും റഹ്‌മാൻ കുറിപ്പിനൊപ്പം ട്വീറ്റ് ചെയ്തിരുന്നു.

ഒറിജിനൽ സോങ് വിഭാഗത്തിലാണ് പുരസ്‌കാരം. ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിനാണ് അവാർഡ്. സംഗീത സംവിധായകൻ എം.എം കീരവാണി പുരസ്‌കാരം ഏറ്റുവാങ്ങി. മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രത്തിനുള്ള നോമിനേഷനും ഈ ചിത്രം നേടിയിരുന്നു.



മികച്ച ഒറിജിനൽ ഗാന വിഭാഗത്തിൽ 'കരോലിന' (ടെയ്ലർ സ്വിഫ്റ്റ്), from Where the Crawdads sing, 'സിയാവോ പാപ്പ' (അലക്സാണ്ടർ ഡെസ്പ്ലാറ്റ്, റോബൻ കാറ്റ്സ്, ഗില്ലെർമോ ഡെൽ ടോറോ) - ഗില്ലെർമോ ഡെൽ ടോറോയുടെ പിനോക്ചിയോ. 'ഹോൾഡ് മൈ ഹാൻഡ്' (ലേഡി ഗാഗ, ബ്ലഡ്പോപ്പ്, ബെഞ്ചമിൻ റൈസ്) - ടോപ്പ് ഗൺ: മാവെറിക്ക്, 'ലിഫ്റ്റ് മി അപ്പ്' (ടെംസ്, റിഹാന, റയാൻ കൂഗ്ലർ, ലുഡ്വിഗ് ഗൊറാൻസൺ) - ബ്ലാക്ക് പാന്തർ: വക്കണ്ട ഫോർ എവർ എന്നിവയോട് മത്സരിച്ചാണ് 'നാട്ടു നാട്ടു' അസൂയാവഹമായ നേട്ടം കരസ്ഥമാക്കിയത്.

സംവിധായകൻ എസ്.എസ് രാജമൗലി, താരങ്ങളായ രാം ചരൺ, ജൂനിയർ എൻ.ടി.ആർ എന്നിവർ കാലിഫോർണിയയിലെ ബെവർലി ഹിൽസിലെ ബെവർലി ഹിൽട്ടണിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.ചിത്രത്തിൻറെ ഓസ്‌കാർ കാമ്പെയ്നിൽ പങ്കെടുക്കുന്നതിനാൽ സംവിധായകൻ കഴിഞ്ഞ കുറച്ച് മാസങ്ങളായി ലോസാഞ്ചലസിൽ തങ്ങുകയായിരുന്നു.

ചന്ദ്രബോസിൻറെ വരികൾക്ക് കീരവാണിയാണ് ഈ ഹിറ്റ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. രാഹുൽ സിപ്ലിഗഞ്ച്, കാലഭൈരവ എന്നിവർ ചേർന്നാണ് പാട്ടു പാടിയിരിക്കുന്നത്. രാം ചരണിൻറെയും ജൂനിയർ എൻ.ടി.ആറിൻറെയും ചടുലമായ നൃത്തച്ചുവടുകളുടെ അകമ്പടിയോടെയാണ് പാട്ട് ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. പ്രേം രക്ഷിതാണ് കൊറിയോഗ്രഫി.

ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമായിരുന്നു ആർ.ആർ.ആർ (രുധിരം, രൗദ്രം, രണം). 450 കോടിയിൽ ഒരുങ്ങിയ ചിത്രം റിലീസിന് മുന്നേ തന്നെ 325 കോടി രൂപ സ്വന്തമാക്കി ഞെട്ടിച്ചിരുന്നു. രാം ചരണും എൻ.ടി.ആറുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ആലിയ ഭട്ടും അജയ് ദേവ്ഗണുമാണ് മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

1920കളിലെ സ്വാതന്ത്രൃ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത സമര നേതാക്കളാണ് ഇവർ. ജൂനിയർ എൻ.ടി.ആർ കൊമരം ഭീം ആയും രാം ചരൺ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തിൽ എത്തിയത്. ചിത്രത്തിൽ സീത എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിച്ചത്. ചരിത്രവും ഫിക്ഷനും കൂട്ടിചേർത്താണ് ചിത്രം ഒരുക്കിയത്.

ആഗോളതലത്തിൽ ? 1,200 കോടിയിലധികം നേടിയ ആർ.ആർ.ആർ, ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിൾ അവാർഡിൽ മികച്ച സംവിധായകൻ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര ബഹുമതികൾ ഇതിനോടകം നേടിയിട്ടുണ്ട്. ഓസ്‌കർ പുരസ്‌കാരത്തിനുള്ള ഷോർട്ട് ലിസ്റ്റിലും ആർ.ആർ.ആർ ഇടംപിടിച്ചിട്ടുണ്ട്.

ജെറോഡ് കാർമൈക്കലാണ് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരച്ചടങ്ങിൻറെ അവതാരകൻ.വംശീയവും ലിംഗവിവേചനപരവുമായ വോട്ടിംഗ് രീതികളെ വിമർശിച്ചതിനെത്തുടർന്ന് ആഭ്യന്തര പരിഷ്‌കാരങ്ങൾ നടത്തിയതിന് ശേഷമാണ് അവാർഡുകൾ ഹോളിവുഡ് മുഖ്യധാരയിലേക്ക് മടങ്ങുന്നത്.



Similar Posts