അനീതിയെ തീയാക്കി ഒരു ത്രില്ലര്‍; പ്രേക്ഷക മനസ്സ് കീഴടക്കി 'കാക്കിപ്പട'
|കെട്ടുറപ്പുള്ള തിരക്കഥയും അതിനൊത്തുള്ള സംവിധാന മികവുമാണ് ചിത്രം പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിക്കാനുള്ള പ്രധാന കാരണം
ഇമോഷണൽ ത്രില്ലർ വിജയം. അതാണ് സംവിധായകൻ ഷെബി ചൗഘട്ടിന്‍റെ 'കാക്കിപ്പട'യെക്കുറിച്ച് ഒറ്റ വാക്കിൽ പറയാൻ കഴിയുക. 2022-ൽ പ്രദർശനത്തിന് എത്തിയ ചിത്രങ്ങളിൽ പ്രേക്ഷക മനസ്സ് കിഴക്കുന്നതിൽ 'കാക്കിപ്പട' വിജയിക്കുന്നു എന്നതാണ് തിയറ്ററുകളിൽ നിന്ന് സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും സിനിമയെക്കുറിച്ച് പറയുന്ന വാക്കുകളിൽ നിറയുന്നത്. സമകാലികമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു അനീതിയെ തീയാക്കി മാറ്റുന്നതിൽ സംവിധായകൻ വിജയം കണ്ടിരിക്കുന്നു. അത്രമേൽ വൈകാരികമായി പോകുന്നുണ്ട് ചിത്രം കാണുമ്പോൾ. കെട്ടുറപ്പുള്ള തിരക്കഥയും അതിനൊത്തുള്ള സംവിധാന മികവുമാണ് ചിത്രം പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിക്കാനുള്ള പ്രധാന കാരണം. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള സിനിമ ഒരിടത്തു പോലും മടുപ്പുളവാക്കാതെ കൊണ്ടുപോകുന്നതിൽ വിജയിച്ചിട്ടുണ്ട്.
റോണി റാഫേലിന്‍റെ സംഗീത മികവും ചിത്രത്തിന് ഗുണമായി മാറുന്നു എന്ന് പറയാം. അപ്പാനി ശരത്, ശൈലജ അമ്പു, നിരഞ്ജ് മണിയൻപിള്ളരാജു, സുജിത്ത് ശങ്കർ തുടങ്ങിയവരുടെ പ്രകടന മികവും ചിത്രത്തിൽ എടുത്തു പറയാവുന്നവയാണ്. മലയാളത്തിൽ നേരത്തെ ഇറങ്ങി വിജയം നേടിയ ജോസഫ് എന്ന ചിത്രത്തെ പോലെ കാഴ്ച്ചക്കാരനെ വൈകാരികമായി തൊട്ടുപോകുന്നുണ്ട് ഷെബിയുടെ 'കാക്കിപ്പട'യും.
മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, ചന്തുനാഥ്, ആരാധ്യാ ആൻ, സജിമോൻ പാറയിൽ, വിനോദ് സാക്(രാക്ഷസൻ ഫെയിം), സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ദീപു കരുണാകരൻ, ഷിബു ലാബാൻ, മാലാ പാർവതി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. തിരക്കഥ & സംഭാഷണം-ഷെബി ചൗഘട്ട്, ഷെജി വലിയകത്ത്. ക്രീയേറ്റീവ് ഡയറക്ടർ-മാത്യൂസ് എബ്രഹാം. സംഗീതം-ജാസി ഗിഫ്റ്റ്. റോണി റാഫേൽ, പ്രശാന്ത് കൃഷ്ണ എന്നിവര്‍ ഛായാഗ്രഹണവും ബാബു രത്നം എഡിറ്റിംഗും നിർവ്വഹിക്കുന്നു. പശ്ചാത്തല സംഗീതം-റോണി റാഫേൽ. ഗാനരചന-ഹരിനാരായണൻ, ജോയ് തമലം. കലാസംവിധാനം-സാബുറാം. നിർമാണ നിർവ്വഹണം-എസ്.മുരുകൻ. മേക്കപ്പ്-പ്രദീപ് രംഗൻ. വസ്ത്രാലങ്കാരം-ഷിബു പരമേശ്വരൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ-ശങ്കർ എസ്.കെ. സംഘട്ടനം-റൺ രവി. നിശ്ചല ഛായാഗ്രഹണം-അജി മസ്ക്കറ്റ്.