അതെ ഞാനൊരു അട്ടപ്പാടിക്കാരിയാണ്; മിസ് കേരള മത്സരത്തില്‍ തലയെടുപ്പോടെ അനു പ്രശോഭിനി
|അറോറ ഫിലിം കമ്പനി സംഘടിപ്പിച്ച ഒരു ഓണ്‍ലൈന്‍ ക്യാമ്പിലൂടെയാണ് അനു മത്സരത്തിന്‍റെ ഭാഗമാകുന്നത്
കളങ്കമില്ലാത്ത അട്ടപ്പാടിയുടെ സൌന്ദര്യമാണ് അനു പ്രശോഭിനിക്ക്. അതില്‍ കഴിവും ആത്മവിശ്വാസവും കൂടി ഒത്തുചേരുമ്പോള്‍ അനു എന്ന ഗ്രോതസുന്ദരി മിസ് കേരള മത്സരത്തിന്‍റെ ഫൈനല്‍ റൌണ്ടിലേക്കെത്തിയതില്‍ അതിശയോക്തി ഒട്ടും തന്നെയില്ല. ചൊറിയന്നൂര്‍ ഊരിലെ അനു പ്രശോഭിനി എന്ന പ്ലസ് ടു വിദ്യാര്‍ഥിനി അറോറ ഫിലിം കമ്പനി സംഘടിപ്പിക്കുന്ന മിസ്സ് കേരള ഫിറ്റ്നസ് & ഫാഷൻ 2021ലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അട്ടപ്പാടിക്കാരും സന്തോഷത്തിലാണ്. ഇരുള വിഭാഗത്തില്‍ പെട്ട അനു ഉയരങ്ങള്‍ കീഴടക്കുന്നതു കാണാന്‍ കാത്തിരിക്കുകയാണ് കുടുംബവും ഒരു നാടു മുഴുവനും. ഫാഷന്‍ മത്സരത്തിന്‍റെ ഭാഗമായതിനെക്കുറിച്ച് അനു മീഡിയവണ്‍ ഓണ്‍ലൈനിനോട് സംസാരിക്കുന്നു.
എങ്ങനെയാണ് ഈ സൌന്ദര്യ മത്സരത്തിന്‍റെ ഭാഗമാകുന്നത്?
അറോറ ഫിലിം കമ്പനി സംഘടിപ്പിച്ച ഒരു ഓണ്‍ലൈന്‍ ക്യാമ്പിലൂടെയാണ് മത്സരത്തിന്‍റെ ഭാഗമാകുന്നത്. ട്രൈബല്‍ വിഭാഗത്തില്‍ നിന്നുള്ള പെണ്‍കുട്ടികളെ മത്സരത്തിന്‍റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലയില്‍ നിന്നും 500 ഓളം പെണ്‍കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തിരുന്നു. ഡാന്‍സ്, പാട്ട് തുടങ്ങി കലാപരമായ കഴിവുകളുണ്ടെങ്കില്‍ അവിടെ പെര്‍ഫോം ചെയ്തു കാണിക്കണം. പാട്ടും ഡാന്‍സുമൊക്കെ അറിയാവുന്നതുകൊണ്ട് ക്യാമ്പില്‍ അതൊക്കെ പ്രകടിപ്പിക്കാന്‍ അവസരം ലഭിച്ചു. പിന്നെ എന്‍റെ അട്ടപ്പാടിക്കാരി എന്ന യു ട്യൂബ് ചാനലും ഞാനവരെ കാണിച്ചു. ചാനലിലെ എന്‍റെ അവതരണരീതിയൊക്കെ സംഘാടകര്‍ക്ക് ഇഷ്ടമായി. അങ്ങനെയാണ് ഫൈനല്‍ റൌണ്ടിലേക്ക് 32 പേരെ തെരഞ്ഞടുത്തത്. അക്കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക ഗോത്രവര്‍ഗക്കാരിയും ഞാനായിരുന്നു. പിന്നെ ഞങ്ങളെപ്പോലുള്ള ആളുകള്‍ക്ക് മിസ് കേരള പോലുള്ള വേദികള്‍ കിട്ടുക വലിയ കാര്യമല്ലേ. ഗോത്രവിഭാഗത്തിലുള്ള പെണ്‍കുട്ടികള്‍ എന്‍റെ നേട്ടം ഒരു പ്രചോദനമാകണമെന്ന് ആഗ്രഹമുണ്ട്.
ഫാഷന്‍ രംഗത്തേക്ക് എത്തുക എന്നത് സ്വപ്നമായിരുന്നോ? എന്തെങ്കിലും തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നോ?
അച്ഛന്‍ പളനിസ്വാമി സിനിമാരംഗത്തുള്ള ആളായതുകൊണ്ട് ചെറുപ്പം മുതലേ സിനിമയും മോഡലിംഗും ഒരു സ്വപ്നമായിരുന്നു. അച്ഛന്‍ നല്ല സപ്പോര്‍ട്ടായിരുന്നു. അച്ഛനാണ് എന്‍റെ റോള്‍ മോഡല്‍. അച്ഛന്‍ വീട്ടിലുണ്ടാകുമ്പോള്‍ സിനിമാക്കാര്യങ്ങള്‍ മാത്രമാണ് സംസാരിക്കുന്നത്. അതൊക്കെ കേള്‍ക്കുമ്പോള്‍ സിനിമയോടുള്ള ഇഷ്ടം കൂടും. പിന്നെ പാട്ടും ഡാന്‍സുമൊക്കെ ഇഷ്ടമായതുകൊണ്ട് അഭിനയത്തോട് താല്‍പര്യം കൂടി. യു ട്യൂബിലൊക്കെ നോക്കി ക്യാറ്റ് വാക്ക് ഒക്കെ പരിശീലിക്കാറുണ്ടായിരുന്നു. ഫോട്ടോഷൂട്ടൊക്കെ ചെയ്യുന്നത് ഇഷ്ടമാണ്. സിനിമനടിയാവുക എന്നതിലുപരി ഒരു ഇംഗ്ലീഷ് ലക്ചറര്‍ ആവുക എന്നതാണ് ഏറ്റവും വലിയ ആഗ്രഹം.
ധബാരിക്കുരുവികള്‍ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നല്ലോ? ആദ്യസിനിമാനുഭവം എങ്ങനെ?
ഗോത്ര ഭാഷയായ ഇരുളി ഭാഷയില്‍ പ്രശസ്ത സംവിധായകന്‍ പ്രിയനന്ദനന്‍ ഒരുക്കിയ ചിത്രമാണ് ധബാരിക്കുരുവി. ചിത്രത്തില്‍ മുരുകി എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ സിനിമ ആയതുകൊണ്ടു തന്നെ അതിന്‍റെ ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ തിരക്കഥാകൃത്തായ സ്മിത ചേച്ചിയും അസിറ്റന്‍റ് ഡയറക്ടറായ സബിനേട്ടന്‍, അയ്യപ്പേട്ടന്‍ എന്നിവര്‍ വലിയ പിന്തുണ നല്‍കിയിരുന്നു. ആ ടീമിലെ ഒരുപാട് പേര്‍ സഹായിച്ചു. എങ്ങനെയാണ് അഭിനയിക്കേണ്ടത് എന്നൊക്കെ പറഞ്ഞു തന്നു. അതുകൊണ്ട് നല്ലൊരു വേഷം ചെയ്യാന്‍ സാധിച്ചു. അതില്‍ വലിയ സന്തോഷമുണ്ട്. ഈ സിനിമയില്‍ എന്‍റെ അച്ഛനും അഭിനയിച്ചിട്ടുണ്ട്. ഒരു പ്രധാന വേഷം തന്നെയാണ് അച്ഛന്‍റേതും.
അട്ടപ്പാടിക്കാരി എന്ന യു ട്യൂബ് ചാനല്‍ തുടങ്ങാനുള്ള പ്രചോദനം?
അട്ടപ്പാടിക്കാരി എന്ന യു ട്യൂബ് ചാനല്‍ തുടങ്ങാന്‍ കാരണം അച്ഛനാണ്. അച്ഛന്‍റെ പിന്തുണ കൊണ്ടാണ് ചാനല്‍ തുടങ്ങിയത്. ഗോത്രവര്‍ഗക്കാരുടെ സംസ്കാരത്തെക്കുറിച്ചും ജീവിതരീതിയെക്കുറിച്ചും മണ്‍മറഞ്ഞുപോകുന്ന കലകളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും പുറംലോകത്തെ അറിയിക്കുകയായിരുന്നു ലക്ഷ്യം. അറിയപ്പെടാതെ പോകുന്ന ഒരുപാട് കലാകാരന്‍മാര്‍ ഞങ്ങളുടെ ഗോത്ര വിഭാഗത്തിലുണ്ട്. അവരെയൊക്കെ ലോകം കാണണം എന്ന ആഗ്രഹവുമുണ്ടായിരുന്നു. ഇപ്പോള്‍ നല്ല രീതിയില്‍ ചാനല്‍ പോകുന്നുണ്ട്. പിന്നെ കിട്ടുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് ഏറ്റവും വലിയ കാര്യം. നമ്മുടെ കഴിവുകള്‍ പ്രകടിപ്പിക്കണം. അട്ടപ്പാടിക്കാരിയാണോ എന്നൊക്കെ ചിലര്‍ ചോദിക്കാറുണ്ട്. ഇരുള വിഭാഗത്തില്‍ നിന്നാണെന്ന് പറയുമ്പോള്‍ അപ്പോഴും സംശയം. ഞങ്ങളുടെ കൂട്ടത്തിലും കഴിവുള്ളവര്‍ ഉണ്ട്. എന്നാല്‍ അവ പ്രകടിപ്പിക്കാന്‍ ഒരു അവസരമോ വേദിയോ കിട്ടാറില്ല.
കുടുംബത്തെക്കുറിച്ച്?
അച്ഛനും അമ്മയും തരുന്ന സപ്പോര്‍ട്ട് വലുതാണ്. അച്ഛൻ പഴനിസ്വാമി മണ്ണാർക്കാട് വനം വകുപ്പിൽ ജീവനക്കാരനാണ്. അച്ഛന്‍ അയ്യപ്പനും കോശിയും, ഭാഗ്യദേവത, പഴശ്ശിരാജ എന്നീ ചിത്രങ്ങളില്‍ അച്ഛന്‍ അഭിനയിച്ചിട്ടുണ്ട്. അമ്മ ശോഭ എസ്.ടി പ്രമോട്ടറാണ്. അനിയന്‍ ആദിത്യന്‍ വട്ടലക്കി ബഥനി ഇംഗ്ലിഷ് മീഡിയം സ്കൂളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്നു. അവനും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. പാലക്കാട് ഗവ. മോയന്‍ സ്കൂളില്‍ പ്ലസ് ടുവിന് പഠിക്കുകയാണ് ഞാന്‍. ഡിസംബറില്‍ നടക്കാന്‍ പോകുന്ന ഫൈനല്‍ മത്സരത്തിലേക്കുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. തൃശൂരില്‍ വച്ചാണ് മത്സരം.