Entertainment
Aadujeevitham to be on theatres from April 10
Entertainment

ഒടുവിൽ ആ ദിനമെത്തുന്നു; 'ആടുജീവിതം' ഏപ്രിൽ 10ന് തിയേറ്ററുകളിലേക്ക്

Web Desk
|
30 Nov 2023 11:56 AM GMT

പൃഥ്വിരാജിന് പുറമെ ഹോളിവുഡ് നടൻ ജിമ്മി ലൂയിസ്, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കാബി തുടങ്ങിയവരും 'ആടുജീവിത'ത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു

കാത്തിരിപ്പിന് വിരാമമിട്ട് പൃഥ്വിരാജ് നായകനായ ചിത്രം 'ആടുജീവിതം' 2024 ഏപ്രിൽ 10-ന് തിയറ്ററുകളിലേക്ക്.ബെന്യാമിന്റെ അവാർഡ് വിന്നിങ്ങ് നോവലായ 'ആടുജീവിത'ത്തെ ആസ്പദമാക്കി ബ്ലെസ്സി ഒരുക്കിയ ചിത്രം ഒട്ടേറെ അന്തർദേശീയ ഫിലിം ഫെസ്റ്റിവലുകളിൽ ചർച്ചാവിഷയമായിരുന്നു. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.

വിഷ്വൽ റൊമാൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ.ആർ.ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കാബി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഓസ്‌കാർ അവാർഡ് ജേതാക്കളായ എ.ആർ റഹ്മാന്റെ സംഗീതവും റസൂൽ പൂക്കുട്ടിയുടെ ശബ്ദരൂപകൽപ്പനയും ആടുജീവിതത്തിന്റെ പ്രത്യേകതകളാണ്. ചിത്രത്തിന്റെ അതിമനോഹരമായ ദൃശ്യങ്ങൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് സുനിൽ കെ എസ്സും, എഡിറ്റിംഗ് ശ്രീകർ പ്രസാദും ആണ്.

വിവിധ രാജ്യങ്ങളിൽ ചിത്രീകരിച്ചിരിക്കുന്ന ചിത്രം അണിയറ പ്രവർത്തകരുടെ അഞ്ചു വർഷത്തോളം നീണ്ട അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ്. മലയാള സിനിമയിലെതന്നെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായി ഒരുങ്ങുന്ന ആടുജീവിതം മികവുറ്റ നിർമ്മാണ നിലവാരം, സൗന്ദര്യാത്മക ഘടകങ്ങൾ, മികച്ച കഥാഖ്യാനശൈലി, പ്രകടനങ്ങൾ തുടങ്ങിയ ഘടകങ്ങളാൽ വേറിട്ടു നിൽക്കുന്നു. കേരളത്തിലെ സുഖസൗകര്യങ്ങളിൽനിന്ന് ഭാഗ്യം തേടി വിദേശത്തേക്ക് കുടിയേറിയ നജീബ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിന്റെയും സഹനത്തിന്റെയും കഥയാണ് ആടുജീവിതം പറയുന്നത്.

''ആടുജീവിതം സാർവത്രിക ആകർഷണീയതയുള്ള ഒരു വിഷയമാണ്, അതിന്റെ ആഖ്യാന ശൈലിയോട് കഴിവതും സത്യസന്ധത പുലർത്തണമെന്നതായിരുന്നു എന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ഈ നോവൽ ചില യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, അവിശ്വസനീയമായ സംഭവവികാസങ്ങളിലൂടെ ഓരോ നിമിഷവും പ്രേക്ഷകരെ ആകർഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പലപ്പോഴും കഥകളെക്കാൾ വിചിത്രമാണ് സത്യം. ഈ ചിത്രം പൂർണ്ണമായും തീയറ്റർ ആസ്വാദനം ആവശ്യമായ സിനിമയാണ്. ഈ 'മാഗ്‌നം ഓപ്പസ്' ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.' ബ്ലെസി പറയുന്നു.

ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്‌സ്, പിആർഒ: ആതിര ദിൽജിത്ത്.

Similar Posts