ഒരു ആഹാ വിളി, ജയം ആര് നേടി; ആകാംക്ഷ നിറച്ച് ആഹാ ട്രെയിലര്‍
|നവംബര്‍ 19 നാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നത്.
ഏത് ആഘോഷത്തിന്‍റെ ഭാഗമായും മലയാളികള്‍ക്ക് മത്സരങ്ങളുണ്ടാകും.. ആ മത്സരങ്ങളിലെല്ലാംതന്നെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വടംവലി. അതുകൊണ്ടുതന്നെ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആഹാ. നവംബര്‍ 19 നാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നത്. കഴിഞ്ഞ ആഴ്ചയായിരുന്നു ചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസ്.
വടംവലിക്ക് പേരുകേട്ട ഒരു ഗ്രാമം. ആ ഗ്രാമത്തിലെ പഴയ വടംവലി ടീം അറിയപ്പെട്ടിരുന്നത് ആഹാ എന്നായിരുന്നു. ഒരു കൂട്ടം ചെറുപ്പക്കാര്‍ വീണ്ടും ഒരു വടംവലി ടീം ഉണ്ടാക്കാന്‍ ആഗ്രഹിക്കുകയും അതിനായി പഴയ ടീമിലെ ഒരു കളിക്കാരനെ തെരഞ്ഞുപോകുന്നതുമായ സംഭവങ്ങളാണ് സിനിമ പറയുന്നത്. ഒരു വടംവലി മത്സരം പോലെതന്നെയാണ് ജീവിതം എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ജീവിതത്തില്‍ പ്രതിസന്ധികളും പ്രശ്നങ്ങളും എല്ലാം ഉണ്ടാകും. അതെല്ലാം തരണം ചെയ്താണ് ജീവിതത്തെ നാം വലിച്ചു കയറ്റുന്നത്.
രണ്ട് കാലഘട്ടവും അതിന്‍റെ ഫ്ലാഷ്ബാക്കും ഒപ്പം സാഹസികതയും ചേര്‍ന്ന ഒരു സ്പോര്‍ട്സ് ത്രില്ലറായിരിക്കും ചിത്രമെന്ന് ട്രെയിലര്‍ അടിവരയിടുന്നു. കോവിഡിന് ശേഷം തിയേറ്ററുകളെ സജീവമാക്കുന്ന ഒരു മാസ് ആക്ഷന്‍ എന്‍റര്‍ടൈനറാകും ചിത്രമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. മോഹന്‍ലാലായിരുന്നു ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടത്.
ഇന്ദ്രജിത്താണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമിത് ചക്കാലക്കലിനും തുല്യപ്രധാന്യമുള്ള റോളാണ്. മനോജ് കെ ജയനാണ് മറ്റൊരു പ്രധാനവേഷത്തില്‍. ശാന്തി ബാലചന്ദ്രനാണ് ഇന്ദ്രജിത്തിന്‍റെ ജോടിയായി എത്തുന്നത്. ദിവസങ്ങളോളം നീണ്ട കഠിന പരിശീലനത്തിനൊടുവിലാണ് ഇന്ദ്രജിത്ത് അടക്കമുള്ള സിനിമാതാരങ്ങളും വടംവലിയിലെ യഥാർത്ഥ ഹീറോകളും, ആഹായിലെ കഥാപാത്രങ്ങളായി മാറിയിട്ടുള്ളത്.
ബിബിന്‍ പോള്‍ സാമുവലാണ് ചിത്രത്തിന്‍റെ സംവിധായകന്‍. സാസാ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ പ്രേം ഏബ്രഹാമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തിരക്കഥയും സംഭാഷണവും ടോബിത് ചിറയത് . ബോളിവുഡിലും മറ്റും നിരവധി ചിത്രങ്ങളുടെ ഭാഗമായ രാഹുല്‍ ബാലചന്ദ്രനാണ് ഛായാഗ്രഹണം. ജുബിത് നമ്രദത് ഗാന രചനയും സയനോരാ ഫിലിപ്പ് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ക്യാപിറ്റല്‍ സ്റ്റുഡിയോസാണ് ആഹാ തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്.