'ആമിർ ഖാൻ ബോളിവുഡ് ഇതിഹാസം'; വിവാദങ്ങളിൽ പ്രതികരിച്ച് എക്‌താ കപൂർ
|ആമിർ ഖാനെ ബഹിഷ്കരിക്കുന്നത് ചിന്തിക്കാൻ പോലുമാകാത്ത കാര്യമാണ്'; എക്‌ത പറഞ്ഞു.
ആമിർ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ 'ലാൽ സിംഗ് ഛദ്ദ'ക്കെതിരായ ബഹിഷ്കരണ ആഹ്വാനങ്ങളോട് പ്രതികരിച്ച് ഇന്ത്യൻ സീരിയൽ- സിനിമാ നിർമാതാവ് എക്‌താ കപൂർ. ബോളിവുഡ് ഇൻഡസ്ട്രിയിൽ ഏറ്റവും മികച്ച സംഭാവനകൾ നൽകിയ ആളുകളെ തന്നെ ബഹിഷ്കരിക്കുന്നത് വളരെ വിചിത്രമാണെന്ന് എക്‌ത പറയുന്നു.
'എല്ലാ ഖാൻമാരും (ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ), പ്രത്യേകിച്ച് ആമിർ ഖാൻ ഞങ്ങൾക്ക് ഇതിഹാസങ്ങളാണ്. ഞങ്ങൾക്ക് അവരെ ബഹിഷ്‌കരിക്കാനാവില്ല. ആമിർ ഖാനെ ബഹിഷ്കരിക്കുന്നത് ചിന്തിക്കാൻ പോലുമാകാത്ത കാര്യമാണ്'; എക്‌ത പറഞ്ഞു.
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആമിർ ഖാൻ നായകനായെത്തിയ ചിത്രമാണ് ലാല്‍ സിംഗ് ഛദ്ദ. 1994ൽ പുറത്ത് ഇറങ്ങിയ ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി റീമേക്കാണിത്. വിവാദങ്ങളുടെ അകമ്പടിയോടെയാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. 2014ൽ പുറത്തിറങ്ങിയ ആമിർ ഖാൻ ചിത്രം 'പി.കെ'യിൽ ഹിന്ദു ദൈവങ്ങളെ അവഹേളിച്ചുവെന്ന് ആരോപിച്ച് ലാൽ സിംഗ് ഛദ്ദക്കെതിരെ സമൂഹമാധ്യമങ്ങളിലും പുറത്തും വൻ ബഹിഷ്കരണ കാംപയിനാണ് നടക്കുന്നത്. ചിത്രത്തിന്റെ പ്രദർശനം തടയാനും കാംപയിൻ നടത്താനും ശിവസേനയടക്കമുള്ള ഹിന്ദുത്വ സംഘടനകളായിരുന്നു മുന്നിൽ.
ബഹിഷ്‌ക്കരണ കാംപയിൻ ചിത്രത്തിന്റെ പ്രദർശനത്തെ കാര്യമായി ബാധിച്ചിരുന്നു. 180 കോടി ബജറ്റില്‍ വമ്പന്‍ ഹിറ്റ് പ്രതീക്ഷിച്ചൊരുക്കിയ ചിത്രത്തിന് ആഴ്ചാവസാനമായപ്പോഴും അമ്പത് കോടി പോലും നേടാനായില്ല. സംഭവത്തിൽ പ്രതികരണവുമായി ആമിർ നേരിട്ട് രംഗത്തെത്തിയിരുന്നു. വളരെയധികം മാനസിക സമ്മർദ്ദത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും ഉറങ്ങാൻ പോലും കഴിയുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇപ്പോഴിതാ ചിത്രം നേരിട്ട പരാജയത്തിന് വിതരണക്കാര്‍ക്ക് ആമിർ ഖാൻ നഷ്ടപരിഹാരം നൽകാനൊരുങ്ങുകയാണെന്നാണ് അവസാനം പുറത്തുവന്ന റിപ്പോർട്ടുകൾ.
അദ്വൈത് ചന്ദ്രന്റെ സംവിധാനത്തിലൊരുങ്ങിയ ലാല്‍ സിംഗ് ഛദ്ദയില്‍ കരീന കപൂറാണ് നായിക. മോണ സിംഗ്, മാനവ് വിജ്, നാഗ ചൈതന്യ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.