'അഭിവാദ്യങ്ങൾ, തലമുറമാറ്റം എന്നത് പാർട്ടി എടുത്ത ധീരമായ തീരുമാനം' അനുകൂലിച്ച് ആഷിഖ് അബു
|നേരത്തെ രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്നും കെ.കെ. ശൈലജയെ ഒഴിവാക്കിയതിൽ റിമ കല്ലിങ്കൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
രണ്ടാം പിണറായി സർക്കാരിൽ മന്ത്രിമാരായി പുതുമുഖങ്ങളെ ഉൾപ്പെടുത്താനുള്ള തീരുമാനത്തെ അനുകൂലിച്ച് സംവിധായകൻ ആഷിഖ് അബു. തലമുറമാറ്റം എന്നത് പാർട്ടി എടുത്ത ധീരമായ തീരുമാനമാണെന്നായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം. മന്ത്രിസ്ഥാനം എന്നത് പാർട്ടി വ്യക്തികളെ ഏൽപ്പിക്കുന്ന ഉത്തരവാദിത്തമാണെന്ന് സ്ഥാനമൊഴിയുന്നവരും ഏറ്റെടുക്കാനിരിക്കുന്നവരും ഒരുപോലെ പറഞ്ഞുകേട്ടതിൽ സന്തോഷം തോന്നിയെന്നും ആഷിഖ് അബു ഫേസ്ബുക്കിൽ കുറിച്ചു.
നേരത്തെ രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്നും കെ.കെ. ശൈലജയെ ഒഴിവാക്കിയതിൽ റിമ കല്ലിങ്കൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 'പെണ്ണിനെന്താ കുഴപ്പം? റെക്കോഡ് ഭൂരിപക്ഷവും ആരോഗ്യരംഗത്ത് അഞ്ചു വർഷം ലോകോത്തര നിലവാരത്തിലുള്ള സേവനവും നൽകിയിട്ടും സി.പി.എം ഇടം കൊടുക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് സാധിക്കുക , പാർട്ടിയുടെ മനുഷ്യത്വം നിറഞ്ഞ മുഖമായി മാറിയതിന്, കഠിനാധ്വാനത്തിന് ഈ ജനവിധി ശൈലജ ടീച്ചർക്കുള്ളതായിരുന്നു..." ശൈലജ ടീച്ചറെ തിരിച്ചുകൊണ്ടു വരിക എന്ന ഹാഷ് ടാഗോടെ റിമ ഇന്നലെ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസഭാഗംങ്ങളെ ഇന്നലെ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള അഭിപ്രായപ്രകടനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പുതുമുഖങ്ങളെ ഉൾകൊള്ളിച്ചു കൊണ്ടുള്ള മന്ത്രിസഭയെ അനുകൂലിച്ചും ശൈലജ ടീച്ചർ അടക്കമുള്ള പ്രമുഖരെ ഉൾപ്പെടുത്തതിനെ വിമർശിച്ചും പല തരത്തിലുള്ള അഭിപ്രായങ്ങൾ വരുന്നുണ്ട്.
ആഷിഖ് അബുവിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം
മന്ത്രിസ്ഥാനമെന്നത് ഒരു രാഷ്ട്രീയ നയപരിപാടിയുടെ അടിസ്ഥാനത്തിൽ ഒരു ബഹുജനപാർട്ടി, ഒരു വ്യക്തിയെ ഏൽപ്പിക്കുന്ന ഉത്തരവാദിത്വമാണെന്ന് സ്ഥാനമൊഴിയുന്നവരും, ആ സ്ഥാനങ്ങളിലേക്ക് പകരം വരുന്നവരും ഒരുപോലെ ജനങ്ങളോട് പറയുന്ന കാഴ്ചയാണ് ഈ ദിവസങ്ങളിൽ കാണുന്നത്. സന്തോഷം തോന്നി. അഭിവാദ്യങ്ങൾ. തലമുറമാറ്റം എന്നത് പാർട്ടി എടുത്ത ധീരമായ, പുരോഗമനപരമായ തീരുമാനമാണ്."നവകേരളം" എന്ന പാർട്ടിയുടെ ദീർഘകാല പദ്ധതിക്ക് ചെറുതല്ലാത്ത വേഗം ഈ തീരുമാനംകൊണ്ട് കൈവരിക്കാൻ സാധിക്കും. കഴിഞ്ഞ സർക്കാരിനെ നയിച്ചവർ ഇനി പാർട്ടിയെ നയിക്കും. പുതിയ ടീമിന് കരുത്തേകുന്ന പാർട്ടിയുടെ സംവിധാനമായി ഇവരെല്ലാവരും ഇവിടെത്തന്നെയുണ്ടാകും. ജനങ്ങൾക്കിടയിൽ.
ടീച്ചർക്കും, മണിയാശാനും, സഖാവ് ഐസക്കിനും, സഖാവ് സുധാകരനും ഉൾപ്പെടെ കഴിഞ്ഞ മന്ത്രിസഭയിൽ പ്രവർത്തിച്ച എല്ലാ സഖാക്കൾക്കും അഭിവാദ്യങ്ങൾ. പി രാജീവിനും, എം ബി രാജേഷിനും, കെ എൻ ബാലഗോപാലിനും, വീണ ജോർജിനും ഗോവിന്ദൻമാഷിനും മുഹമ്മദ് റിയാസിനും സജി ചെറിയാനും പ്രൊഫ ബിന്ദുവിനും ചിഞ്ചുറാണിക്കും മറ്റെല്ലാ പുതിയ മന്ത്രിമാർക്കും ആശംസകൾ. പുതിയ ടീമിനെ നയിക്കുന്ന സഖാവ് പിണറായി വിജയന് ആശംസകൾ, അഭിവാദ്യങ്ങൾ. വിയോജിപ്പുകളെ ഉൾക്കൊണ്ട് കൂടുതൽ കരുത്തോടെ മുന്നോട്ട് സഖാക്കളേ