ജെ.എന്‍.യുവില്‍ 'കേരള സ്റ്റോറി' പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങി എ.ബി.വി.പി; പ്രതിഷേധവുമായി എസ്.എഫ്.ഐ
|സർവകലാശാലാ അധികൃതരുടെ അനുമതിയോടെയാണ് പ്രദർശനം സംഘടിപ്പിക്കുന്നതെന്നാണ് സൂചന
ന്യൂഡല്‍ഹി: വര്‍ഗീയ ഉള്ളടക്കങ്ങളോടെ റിലീസിനൊരുങ്ങുന്ന 'ദ കേരള സ്റ്റോറി' സിനിമ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ പ്രദര്‍ശിപ്പിക്കുന്നു. വിവേകാനന്ദ വിചാർ മഞ്ചിന്‍റെ പേരില്‍ എ.ബി.വി.പി ആണ് ജെ.എന്‍.യുവില്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഇന്ന് വൈകുന്നേരം നാല് മണിക്ക് ജെ.എന്‍.യുവിലെ ഓഡിറ്റോറിയം വണ്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് സിനിമാ പ്രദര്‍ശനം. 'ദ കേരള സ്റ്റോറി' സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരിക്കും പ്രദര്‍ശനം സംഘടിപ്പിക്കുക. സർവകലാശാലാ അധികൃതരുടെ അനുമതിയോടെയാണ് പ്രദർശനം സംഘടിപ്പിക്കുന്നതെന്നാണ് സൂചന. അതെ സമയം പ്രദര്‍ശനത്തിനെതിരെ എസ്.എഫ്.ഐ പ്രതിഷേധിക്കും.
32,000 മലയാളി സ്ത്രീകളെ മതം മാറ്റി ഐ.എസിൽ എത്തിച്ചെന്ന വ്യാജ പ്രചാരണവുമായാണ് 'ദ കേരളാ സ്റ്റോറി'യുടെ ടീസർ വീഡിയോ പുറത്തിറങ്ങിയത്. കേരളമെന്ന കൊച്ചു സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ഒരുപറ്റം സംഭവങ്ങളുടെ വസ്തുനിഷ്ഠവും യഥാർത്ഥവുമായ ആഖ്യാനം ആണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നാണ് സിനിമക്ക് പിന്നിലുള്ളവർ അവകാശപ്പെടുന്നത്.
വിപുൽ അമൃത് ലാൽ നിർമിച്ച ചിത്രം സുദീപ്‌തോ സെൻ ആണ് സംവിധാനം ചെയ്തത്. ചിത്രത്തിൽ നായികയായി എത്തുന്ന അദാ ശർമ, ശാലിനി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മേയ് അഞ്ചിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നല്‍കിയ സെൻസർബോർഡ് ചിത്രത്തിൽ 10 മാറ്റങ്ങൾ വരുത്തണമെന്ന് നിർദേശിച്ചു. സിനിമയിലെ ചില സംഭാഷണങ്ങൾ ഒഴിവാക്കണമെന്നാണ് എക്‌സാമിനിങ് കമ്മിറ്റിയുടെ നിർദേശം. കേരള മുൻ മുഖ്യമന്ത്രിയുടെ അഭിമുഖ ഭാഗം ഒഴിവാക്കാനും നിർദേശമുണ്ട്.