Entertainment
mumbai police
Entertainment

അബദ്ധത്തിൽ വെടിപൊട്ടിയോ? നടനെ പൂർണമായും വിശ്വസിക്കാതെ പൊലീസ്

Web Desk
|
2 Oct 2024 11:42 AM GMT

പ്രാഥമികാന്വേഷണത്തിൽ മറ്റ് ക്രമക്കേടൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ഗോവിന്ദയുടെ മൊഴി പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ലെന്നാണ് വിവരം

മുംബൈ: സ്വന്തം തോക്കില്‍നിന്ന് വെടിയുതിര്‍ന്നതിനെ തുടർന്ന് പരിക്കേറ്റ ബോളിവുഡ് താരം ഗോവിന്ദയെ ചോദ്യം ചെയ്ത് പൊലീസ്. വൃത്തിയാക്കുന്നതിനിടെ തോക്ക് അണ്‍ലോക്ക്ഡ് ആയെന്നും അബദ്ധത്തില്‍ വെടിയുതിര്‍ന്നു എന്നുമാണ് ഗോവിന്ദ പൊലീസിനോട് പറഞ്ഞത്. തോക്കിന് 20 കൊല്ലം പഴക്കമുണ്ടെന്നും അദ്ദേഹം പൊലീസിനോടു വ്യക്തമാക്കിയിട്ടുണ്ട്. ജുഹു പൊലീസാണ് നടനെ ചോദ്യം ചെയ്തത്.

പ്രാഥമികാന്വേഷണത്തിൽ മറ്റു ഇടപെടലുകളൊന്നും ഇല്ലെന്നാണ് മനസിലാകുന്നത് എങ്കിലും ഗോവിന്ദയുടെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈകാതെ താരത്തെ വീണ്ടും ചോദ്യംചെയ്യും. സംഭവത്തിൽ ഇതുവരെ ആരും പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അതേസമയം ലോക്കൽ പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെ മുംബൈ ക്രൈംബ്രാഞ്ചും സംഭവത്തിൽ സമാന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സീനിയർ പൊലീസ് ഇൻസ്‌പെക്ടർ ദയാ നായിക്കിൻ്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം ചൊവ്വാഴ്ച ആശുപത്രിയിലെത്തി നടനുമായി സംസാരിച്ചു. സംഭവം നടക്കുമ്പോൾ തനിച്ചായിരുന്നുവെന്ന് അദ്ദേഹം പൊലീസിനോട് പറഞ്ഞതായാണ് വിവരം. കൂടുതൽ അന്വേഷണത്തിനായി നടന്റെ റിവോൾവർ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഗോവിന്ദയുടെ മകള്‍ ടീന അഹൂജയേയും പൊലീസ് ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സ്വന്തം തോക്കില്‍നിന്ന് ഗോവിന്ദയ്ക്ക് കാലില്‍ വെടിയേറ്റത്. പുലർച്ചെ 4:45ന് നഗരത്തിന് പുറത്തേക്ക് പോകുന്നതിന് മുമ്പ് ആയുധം പരിശോധിക്കുന്നതിനിടെയാണ് വെടിപൊട്ടിയത്. കാല്‍മുട്ടിനാണ് താരത്തിന് പരിക്കേറ്റത്. ശിവസേനാ നേതാവ് കൂടിയായ (ഏക്നാഥ് ഷിന്‍ഡെ) താരം ഇപ്പോൾ മുംബൈയിലെ ക്രിട്ടിക്കൽ കെയർ ആശുപത്രിയിൽ വിശ്രമത്തിലാണ്. കാലില്‍ തറച്ച ബുള്ളറ്റ് നീക്കം ചെയ്തിട്ടുണ്ട്. താരത്തെ ഈ ആഴ്ച അവസാനം ഡിസ്ചാർജ് ചെയ്യും. ഡേവിഡ് ധവാന്‍, ശത്രുഘ്നൻ സിൻഹ എന്നിവരുള്‍പ്പെടെ നിരവധി ബോളിവുഡ് താരങ്ങൾ താരത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

ബോളിവുഡ് സൂപ്പർതാരം സൽമാൻഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിവെപ്പും അതിന്റെ കേസുകളും നടക്കുന്ന പശ്ചാതലത്തിൽ പൊലീസ് അതീവഗൗരവത്തോടെയാണ് ഗോവിന്ദയുടെ 'കേസിനെയും' കാണുന്നത്. ഈയൊരു പശ്ചാതലത്തിലാണ് ആദ്യമൊഴിയെടുപ്പിൽ അസ്വാഭാവികത തോന്നാന്നിഞ്ഞിട്ടും പൊലീസ് പിന്നാലെ കൂടുന്നത് എന്നാണ് വിവരം.

ഒരുപിടി ഹിറ്റ് ബോളിവുഡ് സിനിമകളിൽ നിറഞ്ഞ ഗോവിന്ദ, രാഷ്ട്രീയത്തിലും കൈനോക്കുന്നുണ്ട്. കോൺഗ്രസിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. 2004ലായിരുന്നു രാഷ്ട്രീയ അരങ്ങേറ്റം. അരങ്ങേറ്റത്തിൽ തന്നെ കോൺഗ്രസ് ലോക്‌സഭയിലേക്കുള്ള ടിക്കറ്റും നൽകി. 50000ത്തിലധികം വോട്ടുകൾക്ക് മുംബൈ നോര്‍ത്ത് മണ്ഡലത്തിൽ നിന്ന് വിജയിക്കുകയും ചെയ്തു. ബിജെപിയുടെ മുതിര്‍ന്ന നേതാവ് രാംനായികിനെയായിരുന്നു അദ്ദേഹം പരാജയപ്പെടുത്തിയിരുന്നത്.

എന്നാൽ 2008ൽ അദ്ദേഹം രാഷ്ട്രീയം വിട്ടു. പിന്നെ തിരിച്ചെത്തിയത് 2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ്, ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയത്.

Similar Posts