ബാലയുടെ സിനിമയിൽ ഡെഡ്ബോഡിയായി അഭിനയിച്ചു, സൗഹൃദമെന്തെന്ന് പഠിച്ചുകൊണ്ടിരിക്കുന്നു: ഉണ്ണി മുകുന്ദൻ
|''എന്റെ അടുത്ത സുഹൃത്താണ് ബാല, ഇന്നും ഞാൻ അങ്ങനെ തന്നെ വിശ്വസിക്കുന്നു''
നടൻ ബാലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ചലച്ചിത്ര താരം ഉണ്ണിമുകുന്ദൻ. ബാലയക്ക് പണം നൽകിയതിന് രേഖകളുണ്ടെന്നും സൗഹൃദമെന്തെന്ന് താൻ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഉണ്ണിമുകുന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 'ഷെഫീക്കിൻറെ സന്തോഷം' എന്ന സിനിമയിൽ അഭിനയിച്ചതിനും അതിന് പിന്നിൽ പ്രവർത്തിച്ച അണിയറപ്രവർത്തകർക്കും നിർമാതാവും നടനുമായ ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകിയില്ലെന്നായിരുന്നു ബാലയുടെ ആരോപണം.
ട്രോളുകളുടെ പേരിൽ ഒരാൾക്ക് തുക കൂട്ടി നൽകണമെന്നില്ല. സിനിമയിൽ ജോലി ചെയ്ത ആർക്കും പണം നൽകാതിരുന്നിട്ടുമില്ല. നല്ലൊരു നടന്റെ ഭാവിക്ക് വേണ്ടിയാണ് ആ കഥാപാത്രം നൽകിയതെന്നും ബാലയ്ക്ക് രണ്ട് ലക്ഷം രൂപ അക്കൗണ്ടിലേക്ക് നൽകിയെന്നും താരം കൂട്ടിച്ചേർത്തു. ബാല സിനിമയിൽ 20 ദിവസം മാത്രമാണ് ജോലി ചെയ്തതെന്നും താരം വ്യക്തമാക്കി. ബാലയ്ക്ക് പണം നൽകിയതിന്റെ രേഖകള് ഉണ്ണിമുകുന്ദൻ തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
''എന്റെ അടുത്ത സുഹൃത്താണ് ബാല, ഇന്നും ഞാൻ അങ്ങനെ തന്നെ വിശ്വസിക്കുന്നു, പണം വാങ്ങാതെ ബാലയുടെ സിനിമയിൽ ഡെഡ് ബോഡിയായി ഞാൻ അഭിനയിച്ചിട്ടുണ്ട്, സൗഹൃദമെന്താണെന്ന് ഞാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്, ബാലയുടെ രണ്ടാം വിവാഹത്തിന് പോയ ഏക വ്യക്തി ഞാനായിരിക്കും. മറ്റൊരു നടനെ മാറ്റി നിർത്തിയാണ് ബാലയ്ക്ക് എന്റെ ചിത്രത്തിൽ കഥാപാത്രം നൽകിയത്''- ഉണ്ണിമുകുന്ദൻ പറഞ്ഞു.
തനിക്ക് പ്രതിഫലം നൽകിയില്ലെങ്കിലും കുഴപ്പമില്ല അണിയറയിൽ പ്രവർത്തിച്ച മറ്റുള്ളവർക്കെങ്കിലും പണം നൽകണമെന്നും ബാല ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഓൺലൈൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ബാല നിർമാതാവായ ഉണ്ണി മുകുന്ദനെതിരെ ആഞ്ഞടിച്ചത്. ചിത്രത്തിൽ അഭിനയിച്ച സ്ത്രീകൾക്ക് മാത്രം പണം നൽകിയതായും സംവിധായകൻ, ഛായാഗ്രഹകൻ അടക്കമുള്ളവർക്ക് പണം നൽകിയിട്ടില്ലെന്നും ബാല പറയുന്നു. സംഭവം ഇടവേള ബാബുവിനോട് പറഞ്ഞപ്പോൾ പരാതി നൽകാനാണ് ആവശ്യപ്പെട്ടതെന്ന് ബാല അറിയിച്ചു. എന്നാൽ പരാതി നൽകാൻ താൽപര്യമില്ലെന്ന് പറഞ്ഞ ബാല, ഉണ്ണി മുകുന്ദൻ നന്നാവണമെന്ന ആഗ്രഹം മാത്രമേയുള്ളൂവെന്നും വ്യക്തമാക്കി.
ഞാൻ ആദ്യമായി കാണുന്ന സിനിമ താരം അല്ല ഉണ്ണി മുകുന്ദൻ. ഇങ്ങനെ ആളുകളെ പറ്റിച്ച് കൊണ്ടുള്ള സിനിമ ഇനി മലയാളത്തിൽ വേണ്ട, മനുഷ്യൻ മനുഷ്യനായി ഇരിക്കണമെന്നും ബാല പറഞ്ഞു. എന്നെ ചതിച്ചോ കുഴപ്പമില്ല, പാവങ്ങളെ ചതിക്കരുത്. അവൻ ഇനിയും അഭിനയിച്ചോട്ടെ, സിനിമ നിർമിക്കാൻ നിൽക്കണ്ടെന്നാണ് പറയാനുള്ളത്. ഒരു കാലത്ത് ഇതിനെല്ലാം പ്രതിഫലം കിട്ടുമെന്നും ബാല പറഞ്ഞു.
ഉണ്ണി മുകുന്ദനെ നായകനാക്കി അനൂപ് പന്തളം സംവിധാനം ചെയ്ത 'ഷെഫീക്കിൻറെ സന്തോഷം' നവംബർ 25 നാണ് തിയറ്ററുകളിൽ എത്തിയത്. ഒരു ഗൾഫ്ക്കാരൻ നാട്ടിലേക്ക് വരുന്നതും പിന്നെ അവൻറെ ജീവിതത്തിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങളും പ്രണയവും ഒക്കെയാണ് ചിത്രത്തിൻറെ പ്രമേയം. 'മേപ്പടിയാൻ' സിനിമക്ക് ശേഷം ഉണ്ണി മുകുന്ദൻ നിർമിച്ച ചിത്രമാണ് 'ഷെഫീക്കിൻറെ സന്തോഷം' . മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷാൻ റഹ്മാനാണ് ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിച്ചത്.