Entertainment
Kangana Ranaut
Entertainment

'രാഷ്ട്രീയം കഠിനം, സിനിമാ അഭിനയമാണ് എളുപ്പം': കങ്കണ റണാവത്ത്

Web Desk
|
13 Jun 2024 7:55 AM GMT

''ഡോക്ടർമാരെപ്പോലെ കഠിനമായ ജീവിതമാണ് രാഷ്ട്രീയത്തിലേത്. കാരണം അവർക്ക് എപ്പോഴും ബുദ്ധിമുട്ടുകളുള്ള ആളുകളെയാണ് കാണേണ്ടി വരിക''

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹിമാചല്‍പ്രദേശിലെ മാണ്ഡി മണ്ഡലത്തില്‍ നിന്നാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത്ത് വിജയിച്ചുകയറിയത്.

അതിനിടെ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് പോകവെ വിമാനത്താവളത്തില്‍വെച്ച് സുരക്ഷ ഉദ്യോഗസ്ഥയുടെ അടിയേല്‍ക്കുകയും ചെയ്തു. താരത്തിന്റെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട പരാമർശത്തിനായിരുന്നു അടിപൊട്ടിയത്. ഇപ്പോഴിതാ കങ്കണയുടെ മറ്റൊരു പ്രസ്താവനയാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്.

രാഷ്ട്രീയത്തിനേക്കാൾ സിനിമയിൽ അഭിനയിക്കുന്നതാണ് എളുപ്പമെന്നായിരുന്നു കങ്കണയുടെ പ്രസ്താവന. ഹിമാചലി പോഡ്കാസ്റ്റ് എന്ന യൂട്യബ് ചാനലിനോടാണ് കങ്കണ ഇക്കാര്യം പറഞ്ഞത്. ഇതിന് മുമ്പും രാഷ്ട്രീയത്തിൽ ചേരാൻ തനിക്ക് നിരവധി ഓഫറുകൾ ലഭിച്ചിരുന്നുവെന്ന് കങ്കണ അഭിമുഖത്തില്‍ വെളിപ്പെടുത്തി. എന്തുകൊണ്ടാണ് ബി.ജെ.പിയിൽ ചേർന്നതെന്ന ചോദ്യത്തിന് ശരിയായ സമയമാണിതെന്ന് തനിക്ക് തോന്നിയതുകൊണ്ടാണ് ചേര്‍ന്നതെന്നായിരുന്നു മറുപടി.

'' സിനിമയിലെ ജീവിതമല്ല രാഷ്ട്രീയത്തിലേത്. സിനിമാ അഭിനേതാവ് എന്ന നിലയിൽ സെറ്റുകളിലേക്കും മറ്റും പോകുന്നത് പിരിമുറുക്കങ്ങളില്ലാതെയാണ്. മൃദുവായ ജീവിതമായിരിക്കും. എന്നാല്‍ ഡോക്ടർമാരെപ്പോലെ കഠിനമായ ജീവിതമാണ് രാഷ്ട്രീയത്തിലേത്. കാരണം അവർക്ക് എപ്പോഴും ബുദ്ധിമുട്ടുകളുള്ള ആളുകളെയാണ് കാണേണ്ടി വരിക. സിനിമ കാണാൻ പോകുന്നത് വളരെ സന്തോഷത്തോടെയാണ് പക്ഷേ, രാഷ്ട്രീയം അങ്ങനെയല്ല''- കങ്കണ പറഞ്ഞു.

മാണ്ഡി ലോക്‌സഭാ മണ്ഡലത്തിൽ 74,755 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് കങ്കണ വിജയിച്ചത്. കോൺഗ്രസിലെ വിക്രമാദിത്യ സിങിനെ തോൽപിച്ചായിരുന്നു കങ്കണയുടെ ലോക്‌സഭാ പ്രവേശം. തെരഞ്ഞെടുപ്പിന് മുമ്പെ, ബി.ജെ.പി അനുകൂല അഭിപ്രായങ്ങളുമായി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു കങ്കണ.

Related Tags :
Similar Posts