Entertainment
abbas againt vishal

വിശാല്‍/അബ്ബാസ്

Entertainment

വിശാല്‍ തന്നെക്കുറിച്ച് നുണകള്‍ പ്രചരിപ്പിച്ചു, ആളുകളെ തെറ്റിദ്ധരിപ്പിച്ചു: ആരോപണങ്ങളുമായി നടന്‍ അബ്ബാസ്

Web Desk
|
8 Aug 2023 6:03 AM GMT

ജീവിതത്തില്‍ ഒട്ടേറെ പ്രശ്നങ്ങള്‍ അദ്ദേഹത്തിനുണ്ടെന്ന് എനിക്ക് തോന്നുന്നു

ചെന്നൈ: ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്ന നടനാണ് അബ്ബാസ്. കാതല്‍ ദേശം എന്ന ഹിറ്റ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം കുറച്ചുനാളുകളായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ന്യൂസിലാന്‍റില്‍ സ്ഥിരതാമസമാക്കിയ നടന്‍ ഇപ്പോള്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയിരിക്കുകയാണ്. അതിനിടെ മാധ്യമങ്ങള്‍‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നടന്‍ വിശാലുമായുള്ള വഴക്കിനെക്കുറിച്ചാണ് അബ്ബാസ് തുറന്നുപറഞ്ഞത്.

സിസിഎല്ലിന്‍റെ രണ്ടാം സീസണ്‍ സമയത്താണ് അബ്ബാസും വിശാലും തമ്മില്‍ പ്രശ്നങ്ങള്‍ തുടങ്ങുന്നത്. വിശാല്‍ തന്നെക്കുറിച്ച് നുണകള്‍ പ്രചരിപ്പിച്ചുവെന്ന് അബ്ബാസ് ആരോപിക്കുന്നു. ആദ്യമൊക്കെ താന്‍ വിശാലിനോട് ദേഷ്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് ക്ഷമിച്ചുവെന്ന് ഇനി കണ്ടാല്‍ ഒരു ഹായ് പറയുമെന്നും എന്നാല്‍ അതിനപ്പുറത്തേക്ക് ഒരു ബന്ധമുണ്ടാകില്ലെന്നും അബ്ബാസ് ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

''ജീവിതത്തില്‍ ഒട്ടേറെ പ്രശ്നങ്ങള്‍ അദ്ദേഹത്തിനുണ്ടെന്ന് എനിക്ക് തോന്നുന്നു. എന്‍റെ ഭാഗത്ത് ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. സിനിമയിലുള്ളവര്‍ ഒന്നിച്ചുനില്‍ക്കണമെന്നാണ് എന്‍റെ ആഗ്രഹം. അതുകൊണ്ടാണ് ഞങ്ങള്‍ സിസിഎല്‍ തുടങ്ങിയത്. നക്ഷത്രങ്ങള്‍ തിളങ്ങുന്ന ഒരു രാത്രിയാകുമെന്ന് വിചാരിച്ചെങ്കിലും അത് പാഴായിപ്പോയി. വിശാലിന്‍റെ മനസ്സിൽ എന്തായിരുന്നുവെന്ന് എനിക്കറിയില്ല. ആരോ അവനോട് നുണ പറഞ്ഞു അവന്റെ മനസ്സ് മാറ്റി.. എന്നെ സംബന്ധിച്ചിടത്തോളം ഒരിടത്ത് സ്ഥിരമായി നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.. അങ്ങനെ ഞാൻ പുറത്തിറങ്ങി. ആ സമയം ബുദ്ധിമുട്ടായിരുന്നു. ഞാൻ വിചാരിച്ചതു പോലെ എനിക്ക് ചെയ്യാൻ സാധിച്ചില്ല. പക്ഷെ അവന്റെ ചിന്തകൾ ഏതോ കോണിൽ പോയിരിക്കുന്നു.. ഞാൻ വിചാരിച്ച പോലെ വിശാൽ എപ്പോഴെങ്കിലും ഇതിനെക്കുറിച്ച് ചിന്തിക്കും. എന്തായാലും താനും സിനിമാ കുടുംബമാണ്.. കുടുംബത്തിൽ പ്രശ്‌നമുണ്ട്, വഴക്കുണ്ടായാലും കുടുംബം കുടുംബമാണ്...'' അബ്ബാസ് കൂട്ടിച്ചേര്‍ത്തു.



Related Tags :
Similar Posts