'പട്ടിയെ കെട്ടിയിട്ട് വളർത്തരുതെന്ന് അയാളോട് നൂറ് തവണ പറഞ്ഞതാണ്'; തനിക്കും പട്ടിയുടെ കടി കിട്ടിയെന്ന് 'പതിനെട്ടാം പടി' താരം
|'ഹിമാചൽ മുതൽ കേരളം വരെ യാത്ര ചെയ്ത് നേരിട്ട് കണ്ട ഒരു വ്യക്തി എന്ന നിലയ്ക്ക് ഞാൻ പറയട്ടെ . നമ്മുടെ കൊച്ചു കേരളത്തിലെ മനുഷ്യരുടെ നായ്ക്കളോടുള്ള സമീപനം ആണ് പ്രശ്നം'
കൊച്ചി: തെരുവ് നായ്ക്കളുടെ കടിയേൽക്കുന്ന വാർത്തയാണ് കേരളത്തിന്റെ നാനാകോണുകളിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പട്ടിയുടെ കടിയേറ്റ 12വയസുകാരി മരണപ്പെട്ടതും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. അതിനിടയിലാണ് തനിക്കും പട്ടിയുടെ കടിയേറ്റെന്ന് സിനിമാ നടൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.
പതിനെട്ടാം പടി, വെള്ളേപ്പം സിനിമകളിലെ അഭിനേതാവ് അക്ഷയ് രാധാകൃഷ്ണനാണ് പട്ടിയുടെ കടിയേറ്റത്. കാലിന് കടിയേറ്റ ചിത്രവും നടൻ ഇന്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. എനിക്കും കടി കിട്ടി എന്നു പറഞ്ഞാണ് ഇൻസ്റ്റഗ്രാം പോസ്റ്റ് തുടങ്ങുന്നത്. കടിച്ച പട്ടിയുടെ ഉടമയോട് നൂറുവട്ടം പറഞ്ഞിട്ടുള്ള കാര്യമാണ് അതിനെ കെട്ടിയിട്ട് വളർത്തരുതെന്ന്. എങ്ങാനും അഴിഞ്ഞ് പോയാൽ ആൾക്കാരെ പിടിച്ച് കടിക്കുമെന്ന് ... പക്ഷെ കടി കിട്ടിയത് എനിക്കായിപ്പോയെന്നും പോസ്റ്റിൽ പറയുന്നു.
നമ്മുടെ കൊച്ചു കേരളത്തിലെ മനുഷ്യരുടെ നായ്ക്കളോടുള്ള സമീപനമാണ് പ്രശ്നമെന്നും കേരളത്തിൽ മാത്രം ഉള്ളോ ഈ തെരുവ് നായ്ക്കൾ എന്നും അദ്ദേഹം പോസ്റ്റിൽ ചോദിക്കുന്നുണ്ട്. ഹിമാചൽ മുതൽ കേരളം വരെ യാത്ര ചെയ്ത് നേരിട്ട് കണ്ട ഒരു വ്യക്തി എന്ന നിലയ്ക്കാണ് ഇതുപറയുന്നത്. ഇവിടത്തെ മനുഷ്യരുടെ ചിന്താഗതി തന്നെയാണ് പ്രശ്നമെന്നും അക്ഷയ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ പോസ്റ്റിന് കീഴെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. എ.സി കാറിൽ പോകുന്നവർക്ക് എന്തുംപറയാമെന്ന് ചിലർ കമന്റു ചെയ്തു. ഇതിന് മറുപടിയുമായി മറ്റൊരു വീഡിയോയും അക്ഷയ് പോസ്റ്റ് ചെയ്തു. ശ്രീകൃഷ്ണന്റെ ഫിൽറ്റർ വേഷത്തിലെത്തിയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തത്. താൻ ദേവലോകത്ത് നിന്ന് എ.സി കാറിൽ വരുമ്പോൾ നായ ലിഫ്റ്റ് ചോദിക്കുകയായിരുന്നെന്നും കാറിൽ വെച്ച് വഴക്കിട്ടെന്നും അങ്ങനെ പട്ടി കാലിൽ കടിക്കുകയായിരുന്നെന്നും പരിഹാസരൂപേണ വീഡിയോയിയൽ പറയുന്നു. അക്ഷയ് നായപ്രേമിയാണ്. നിരവധി നായകളെയും അക്ഷയ് വളർത്തുന്നുണ്ട്.
അക്ഷയ് രാധാകൃഷ്ണന്റെ പോസ്റ്റ് വായിക്കാം...
എനിക്കും കടി കിട്ടി.
ജീവിതത്തിലെ മൂന്നാമത്തെ കടിയാണ് ഇത് . ഇതുവരെ കടിച്ച 3 പട്ടികളും വീടുകളിൽ കെട്ടിയിട്ട് frustrated ആക്കി വളർത്തിയവരാണ്. ഒരോ വ്യക്തിയുടേയും സ്വഭാവം രൂപപ്പെടുന്നത് അവർ വളരുന്ന സാഹചര്യത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും (മനുഷ്യനായാലും മൃഗമായാലും )
രാത്രി നടക്കാനിറങ്ങാൻ ഏറെ ഇഷ്ടമുള്ള ഒരാളാണ് ഞാൻ. എപ്പോഴും ഞാൻ എന്റെ വീരനേം പിള്ളേരേം (Dog buddies) കൂടെ കൂട്ടാറുണ്ട് . ആദ്യമായിട്ടാണ് ഞാൻ ഒറ്റയ്ക്ക് നടക്കാൻ ഇറങ്ങിയത് .അപ്പോഴാണ് 1 വർഷത്തെ ജയിൽ ജീവിതം കഴിഞ്ഞ് പരോളിൽ ഇറങ്ങിയ നിസ്സഹായനായ ഒരു പട്ടി എന്നെ കടിച്ചത് . കടിച്ച പട്ടിയുടെ ഓണറോട് ഞാൻ ഒരു നൂറു തവണ പറഞ്ഞിട്ടുള്ള കാര്യമാണ് 'പട്ടിയെ കെട്ടിയിട്ട് വളർത്തരുത്, എങ്ങാനും അഴിഞ്ഞ് പോയാൽ ആൾക്കാരെ പിടിച്ച് കടിക്കുമെന്ന് ' പക്ഷെ കടി കിട്ടിയത് എനിക്കായിപ്പോയി. എന്റെ വീരൻ കൂടെയുണ്ടായിരുന്നെങ്കിൽ ഒരു പട്ടിയും എന്നെ കടിക്കില്ലായിരുന്നു എന്ന് ഒരു നിമിഷം ഓർത്തു പോയി.
(ഉയർന്നു വരുന്ന പട്ടി കടികളെ കുറിച്ച് )
ഹിമാചൽ മുതൽ കേരളം വരെ യാത്ര ചെയ്ത് നേരിട്ട് കണ്ട ഒരു വ്യക്തി എന്ന നിലയ്ക്ക് ഞാൻ പറയട്ടെ . നമ്മുടെ കൊച്ചു കേരളത്തിലെ മനുഷ്യരുടെ നായ്ക്കളോടുള്ള സമീപനം ആണ് പ്രശ്നം. അല്ല ! കേരളത്തിൽ മാത്രം ഉള്ളോ ഈ തെരുവ് നായ്ക്കൾ? ഇവിടത്തെ മനുഷ്യരുടെ ചിന്താഗതി തന്നെയാണ് പ്രശ്നം .
ആരാണ് പ്രശ്നക്കാർ?
1) അങ്ങോട് ചെന്ന് ഉപദ്രവിച്ച് കടി മേടിച്ച് വീട്ടിൽ പോകുന്നവർ
2) ഒരു കൗതുകത്തിന് പട്ടിയെ മേടിക്കും , കെട്ടിയിട്ട് വളർത്തും കൗതുകം നശിക്കുമ്പോൾ റോഡിൽ ഉപേക്ഷിക്കും ( ഈ രീതിയിൽ വളർത്തിയാൽ കൊച്ചുക്കുട്ടിളെ വരെ കടിക്കും )
നായ്ക്കളെ റോഡിലുപേക്ഷിക്കുന്നവർക്കെതിരെ കേസുമായി പൊലീസ് സ്റ്റേഷനിൽ പോയാലോ, 'ഈ വക ചീള് കേസ് ആയിട്ടൊന്നും വരല്ലേ ' എന്ന ഡയലോഗും .
പ്രശ്നം ഇല്ലാതാക്കണമെങ്കിൽ പ്രശ്നത്തിന്റെ ഉറവിടത്തെ നശിപ്പിക്കണം.
കൂടെ ചിന്താഗതിയിൽ ചെറിയ മാറ്റവും വരുത്തണം..