പാചകം ചെയ്ത്, ഭക്ഷണപ്പൊതി കെട്ടി പെപ്പെ; കോവിഡ് ടാസ്ക് ഫോഴ്സില്‍ അംഗമായി ആന്റണി വര്‍ഗീസ്
|കറുകുറ്റി ടാസ്ക് ഫോഴ്സിനൊപ്പം ചേര്‍ന്നാണ് നടന്റെ സേവനപ്രവര്‍ത്തനങ്ങള്‍
അങ്കമാലി ഡയറീസ് എന്ന ഒറ്റച്ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് ആന്റണി വര്‍ഗീസ് എന്ന പെപ്പെ. അങ്കമാലി സ്വദേശി കൂടിയായ നടന് തന്റെ വിശേഷങ്ങള്‍ എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സിനിമയില്ലാതിരിക്കുന്ന ഈ കോവിഡ് കാലത്തും ആരാധകരുടെ കയ്യടി നേടുകയാണ് പെപ്പെ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നാട്ടുകാര്‍ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ് ആന്റണി .
കറുകുറ്റി ടാസ്ക് ഫോഴ്സിനൊപ്പം ചേര്‍ന്നാണ് നടന്റെ സേവനപ്രവര്‍ത്തനങ്ങള്‍. സംഘടനയില്‍ അംഗത്വമെടുത്ത പെപ്പെ ടാസ്ക് ഫോഴ്സിനൊപ്പം എല്ലാം ജോലികള്‍ക്കും മുന്നിലുണ്ട്. വാഹനത്തില്‍ നിന്നും അരിച്ചാക്ക് ഇറക്കാനും പാചകം ചെയ്യാനും ഭക്ഷണപ്പൊതി കെട്ടാനും അവശ്യ സാധനങ്ങള്‍ എത്തിക്കേണ്ടവരുടെ ലിസ്റ്റ് എടുക്കാനുമെല്ലാം പെപ്പെ സംഘടനക്കൊപ്പം നിന്നു. കറുകുറ്റിയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ കാന ശുചീകരണത്തിന് സ്ലാബ് നീക്കം ചെയ്യാനും സഹായിച്ചു. ഇതിനിടയില്‍ സെല്‍ഫി എടുക്കാനെത്തിയവരെയും താരം നിരാശരാക്കിയില്ല. ജോലിക്കിടയിലും ഫോട്ടോ എടുക്കാനും നിന്നുകൊടുത്തു പെപ്പെ. സംഘടനയിലേക്ക് സാമ്പത്തിക സഹായവും നല്കി.
നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന സംഘടനയാണ് കറുകുറ്റി ടാസ്ക് ഫോഴ്സ്. കോവിഡ് മൂലം മരണപ്പട്ട വീടുകള്‍ , കോവിഡ് രോഗികളുടെ വീടുകള്‍ , പൊതു ഇടങ്ങള്‍ എന്നിവ സാനിറ്റെസേഷന് ചെയ്യുക, കോവിഡ് രോഗികള്‍ക്ക് മരുന്ന്, ഭക്ഷണം, താമസ സൗകര്യം, ആംബുലന്‍സ് സര്‍വീസ്, അണുനശീകരണം, വാക്സിന് രജിസ്ട്രേഷന് തുടങ്ങി നിരവധി കാര്യങ്ങള്‍ ടാസ്ക് ഫോഴ്സ് ചെയ്യുന്നുണ്ട്.