'എട്ട് -ഒമ്പത് മാസത്തോളം ഒരു കൈ പാരലൈസ്ഡ് ആയിരുന്നു, സിനിമയൊക്കെ അവസാനിച്ചെന്ന് തോന്നിപ്പോയി'; അനുശ്രീ
|'ശസ്ത്രക്രിയ നടത്തേണ്ട സമയം അതിക്രമിച്ച ശേഷമാണ് പ്രശ്‌നം കണ്ടെത്തുന്നത്'
കൊച്ചി: ശാരീരികമായ അവസ്ഥകളെ തുടർന്ന് ഒമ്പതുമാസത്തോളം ഒരുമുറിയിൽ അടച്ചിട്ട് ജീവിക്കേണ്ടിവന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി അനുശ്രീ. തന്റെ സിനിമാ ജീവിതത്തിന്റെ ആദ്യകാലഘട്ടത്തിലായിരുന്നു തനിക്ക് രോഗാവസ്ഥയുണ്ടായതെന്നും നടി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
'പെട്ടന്ന് ഒരുദിവസം കൈയിൽ ബാലൻസ് കിട്ടാതെയായി.ആദ്യം എന്താണെന്ന് മനസിലായില്ല.ശസ്ത്രക്രിയ നടത്തേണ്ട സമയം അതിക്രമിച്ച ശേഷമാണ് പ്രശ്‌നം കണ്ടെത്തുന്നത്. പിന്നീട് എട്ട്-ഒമ്പത് മാസത്തോളം കൈ പാരലൈസ്ഡ് ആയിപ്പോയെന്നും അനുശ്രീ പറയുന്നു. കള്ളനും ഭഗവതിയും ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങിലായിരുന്നു അനുശ്രീ മനസ് തുറന്നത്.
'ഇതിഹാസ'യുടെ ഷൂട്ടിങ് കഴിഞ്ഞ സമയമാണ്. ഒരുദിവസം കൈയുടെ ബാലൻസ് കിട്ടാതെയായി.ആദ്യം എന്താണെന്ന് മനസിലായില്ല. പിന്നെ ഇടക്കിടക്ക് അതുപോലെ സംഭവിച്ചു. ആശുപത്രിയിൽ പോയി എക്‌സറെയും മറ്റും എടുത്തിട്ടും എന്താണ് കാരണമെന്ന് കണ്ടുപിടിക്കാൻ സാധിച്ചില്ല. പിന്നെയും മൂന്ന് നാല് മാസം കഴിഞ്ഞപ്പോൾ നടത്തിയ പരിശോധനയിലാണ് അധികമായി ഒരു എല്ല് വളർന്നുവരുന്നതാണ് പ്രശ്‌നമെന്ന് കണ്ടെത്തിയത്. അതിൽ ഞെരമ്പൊക്കെ ചുറ്റിപോയിരുന്നു.ഇതിനെ തുടർന്ന് പൾസ് കുറയുന്ന അവസ്ഥയുണ്ടായി. ശസ്ത്രക്രിയ നടത്തേണ്ട സമയം അതിക്രമിച്ച ശേഷമാണ് പ്രശ്‌നം കണ്ടെത്തുന്നത്'...അനുശ്രീ പറയുന്നു.
'പിന്നീട് എട്ട്-ഒമ്പത് മാസത്തോളം കൈ പാരലൈസ്ഡ് ആയിപ്പോയി. ആ ഒമ്പത് മാസത്തോളം ഒരു മുറിക്കുള്ളിലായിരുന്നു ജീവിച്ചത്. സിനിമയൊക്കെ അവസാനിച്ചുപോയെന്ന് തോന്നിപ്പോയ കാലമായിരുന്നു അത്...നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ശരീരത്തിന്റെ ഒരു ഭാഗം അനക്കാൻ കഴിയില്ലെന്നത് വല്ലാത്ത അവസ്ഥയാണ്. ഇതിന്റെ ചികിത്സ തുടരുന്നതിനിടക്കാണ് 'ചന്ദ്രേട്ടൻ എവിടെയാ' എന്ന ചിത്രത്തിൽ അഭിനയിക്കാനായി വിളിക്കുന്നത്. സിനിമ ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞെങ്കിലും അവർ കാത്തിരിക്കാൻ തയ്യാറായിരുന്നു'. അങ്ങനെയാണ് രോഗാവസ്ഥകളെ അതിജീവിച്ച് വീണ്ടും സിനിമയിലെത്തിയതെന്നും അനുശ്രീ പറയുന്നു.
ഈസ്റ്റ്‌കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന കള്ളനും ഭഗവതിയിലും നടൻ വിഷ്ണു ഉണ്ണികൃഷ്ണനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഇന്നാണ് (മാർച്ച് 31) തിയ്യേറ്ററിലെത്തിയത്.