Arjun Radhakrishnan Interview | കണ്ണൂർ സ്‌ക്വാഡ് ഒഴികെ എല്ലാ സിനിമയിലും എത്തിയത് ഓഡിഷൻ വഴി
|ട്രൈ ചെയ്തത് ഹിന്ദി സിനിമയിലേക്കാണ്. ബൈചാൻസിലാണ് മലയാളത്തിലേക്കെത്തിയത് | കൂടുതൽ ഡയലോഗുകൾ ഉണ്ടായിരുന്നെങ്കിൽ ഉളെളാഴുക്കിലെ രാജീവിന് നെഗറ്റീവ് ഫീൽ കിട്ടില്ലായിരുന്നു | ഉള്ളൊഴുക്കിന്റെ വിശേഷങ്ങളും സിനിമാ ജീവിതവുമായി നടൻ അർജുൻ രാധാകൃഷ്ണൻ.
തിയേറ്ററുകളിലെമ്പാടും മികച്ച സ്വീകരണം നേടിക്കൊണ്ട് പ്രദർശനം തുടരുകയാണ് ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക്. അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ കറി & സയനൈഡ് എന്ന നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ ഫിലിം കൂടിയാണ് ഉള്ളൊഴുക്ക്. കുട്ടനാടിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയിൽ മലയാളികളുടെ പ്രിയ താരങ്ങളായ ഉർവശിയും പാർവതി തിരുവോത്തുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. രണ്ട് സ്ത്രീകളുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയിൽ ഉർവശിയുടെയും പാർവതിയുടെയും കരിയർ ബെസ്റ്റ് പ്രകടനങ്ങളിലൊന്നാണ് കാണാൻ കഴിഞ്ഞത്.
സിനിമ കണ്ട പ്രേക്ഷകർ എല്ലാവരും എടുത്ത് പറയുന്ന മറ്റൊരു പെർഫോമൻസ് രാജീവ് എന്ന കഥാപാത്രം ചെയ്ത അർജുൻ രാധാകൃഷ്ണന്റേതാണ്. ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ച അർജുൻ പടയിലെയും ഡിയർ ഫ്രണ്ടിലെയും കണ്ണൂർ സ്‌ക്വാഡിലെയും ഔട്ട്സ്റ്റാൻഡിങ് പെർഫോമൻസുകളോടെ മലയാളികൾക്കും സുപരിചിതനാണ്. ഉള്ളൊഴുക്കിന്റെ വിശേഷങ്ങളും സിനിമാ ജീവിതവുമായി അർജുൻ രാധാകൃഷ്ണൻ മീഡിയവൺ ഓൺലൈനിനൊപ്പം ചേരുകയാണ്.
Q-നിരൂപകർക്കിടയിലും സാധാരണ പ്രേക്ഷകർക്കിടയിലും ഉള്ളൊഴുക്കിന് മികച്ച അഭിപ്രായങ്ങളാണിപ്പോൾ വരുന്നത്. ഈ അവസരത്തിൽ സിനിമയിൽ പ്രധാന വേഷം ചെയ്ത് ഒരു ആക്ടറെന്ന നിലയിൽ അർജുന് എന്താണ് തോന്നുന്നത്? അതിനോടൊപ്പം തന്നെ താങ്കൾ ഉള്ളൊഴുക്കിന്റെ ഭാഗമായത് എങ്ങനെയാണ്?
ഉള്ളൊഴുക്കിന് പ്രേക്ഷകരിൽ നിന്ന് മികച്ച പിന്തുണയാണ് കിട്ടിയത്. ഒരു സീരിയസ് ഇമോഷണൽ ഡ്രാമയായിരുന്നിട്ട് കൂടി ഈ സിനിമക്ക് പ്രേക്ഷകരിൽ നിന്ന് കിട്ടിക്കൊണ്ടിരിക്കുന്ന സ്വീകരണത്തിൽ എനിക്ക് ഭയങ്കര സംതൃപ്തിയും സന്തോഷവുമുണ്ട്. സിനിമ റിലീസായി ഇപ്പോൾ ഒരാഴ്ച കഴിഞ്ഞതേയുള്ളൂ, വരുന്ന ആഴ്ചകളിൽ എങ്ങനെയായിരിക്കും സിനിമ പെർഫോം ചെയ്യുകയെന്ന് അറിയല്ല. എന്തായാലും ഉള്ളൊഴുക്കിന് പ്രേക്ഷകരിൽ നിന്നൊരു സപ്പോർട്ട് കിട്ടിയിട്ടുണ്ട്.
എൻ.എഫ്.ഡി.സി സ്‌ക്രിപ്റ്റ് ലാബിലുണ്ടായിരുന്ന എന്റെ സുഹൃത്ത് വഴിയാണ് ഞാൻ ആദ്യമായി ഉള്ളൊഴുക്കിന്റെ കഥ കേൾക്കുന്നത്. പിന്നീട് അത് അങ്ങനെ വിട്ടു. അതുകഴിഞ്ഞ ഒരു 2-3 വർഷങ്ങൾക്ക് ശേഷമാണ് ക്രിസ്റ്റോ സിനിമയുടെ കാസ്റ്റിങ് ഡയറക്ടർ വഴി എന്നെ വിളിക്കുന്നത്. പിന്നാലെ ഞാൻ ഓഡീഷന് പോകുകയും, സിനിമയിലേക്ക് ക്രിസ്റ്റോ ടോമി സെലക്ട് ചെയ്യുകയുമായിരുന്നു.
Q-അർജുൻ രാധാകൃഷ്ണന്റെ ഫിലിമോഗ്രഫി നോക്കുമ്പോൾ ശ്രീലാൻസർ ഹിന്ദി സിനിമയിൽ നിന്നാണ് തുടക്കം. പിന്നീട് ഹിന്ദി വെബ് സീരിസുകളിലേക്ക് എത്തുന്നു, മലയാളത്തിലേക്ക് വരുന്നു. സിനിമയിലേക്കുള്ള അർജുന്റെ ജേർണി ഇപ്പോൾ ഓർത്തെടുക്കുമ്പോൾ എളുപ്പമായിരുന്നോ? അതോ കല്ലും മുള്ളും നിറഞ്ഞതായിരുന്നോ?
സിനിമയിലേക്ക് എത്തിയ വഴി ഭയങ്കര കടുപ്പമായിരുന്നു. ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് ഏഴ് വർഷത്തോളം സിനിമയിൽ ട്രൈ ചെയ്തു. എന്റെ സ്‌ട്രെഗിളിങ് പീരിയഡെല്ലാം ബോംബെയിലായിരുന്നു. ഹിന്ദി സിനിമയിൽ കേറാനായിരുന്നു ഞാൻ ട്രൈ ചെയ്തത്. അതിനിടയിൽ തിയേറ്റർ എല്ലാം ചെയ്തിരുന്നു.
ആദ്യ സിനിമയായ ശ്രീലാൻസറിന് ശേഷം അമിതാഭ് ബച്ചന്റെ ജുണ്ടാണ് ചെയ്തത്. അതിന് ശേഷം റോക്കറ്റ് ബോയ്‌സ് എന്ന വെബ്‌സീരീസ് ചെയ്യുമ്പോഴാണ് എന്നെ പട സിനിമയിലേക്ക് വിളിക്കുന്നത്. അങ്ങനെ ബൈ ചാൻസിലാണ് ഞാൻ മലയാളത്തിലേക്ക് എത്തിപ്പെട്ടത്. മലയാളത്തിലെ ആദ്യ സിനിമയായി പടയും ഡിയർ ഫ്രണ്ടും ഏതാണ്ട് ഒരുമിച്ചാണ് റിലീസായത്. അതിന് പിന്നാലെയാണ് മലയാളത്തിൽ നിന്ന് ഓഫറുകൾ വരാൻ തുടങ്ങിയത്.
Q-കരിയറിന്റെ തുടക്കകാലത്ത് തന്നെ ഇന്ത്യൻ സിനിമയിലെ തന്നെ മുൻനിര അഭിനേതാക്കളുടെ കൂടെ സ്‌ക്രീൻ ഷെയർ ചെയ്യാൻ അവസരം കിട്ടിയ ആളാണ് അർജുൻ. അമിതാഭ് ബച്ചന്റെ കൂടെ മകനായിട്ട്, മമ്മൂട്ടിയുടെ കൂടെ വില്ലനായിട്ട്, ഇപ്പോൾ ഉർവശിയുടെ കൂടെ. ഈ ചെറിയ കാലയളവിനുള്ളിൽ തന്നെ ഇത്രയും എക്‌സ്പീരിയൻസ്ഡ് ആയിട്ടുള്ള അഭിനേതാക്കളുടെ കൂടെ സിനിമകളിൽ ഭാഗമാകുമ്പോഴുള്ള ഒരു ലേർണിങ് എങ്ങനെയാണ്? അത് തരുന്ന റെസ്‌പോൺസിബിലിറ്റി എത്രത്തോളം വലുതാണ്?
ഇത്രയും വലിയ ആക്ടേഴ്‌സിന്റെ കൂടെ അഭിനയിക്കുമ്പോഴുള്ള ഉത്തരവാദിത്തം വലുതാണ്. നമ്മൾ ചെറുപ്പം തൊട്ട് സ്‌ക്രീനിൽ കാണുന്ന ആളുകളാണ്. പെട്ടെന്ന് അവരുടെ മുന്നിലെത്തി, അവരുടെ കൂടെ അഭിനയിക്കുമ്പോൾ ഉത്തരവാദിത്തവുമുണ്ട് അതിലുപരി പേടിയുമുണ്ടാവും. രണ്ട് മൂന്ന് ദിവസമൊക്കെ അവരുമായി ഇടപഴകുമ്പോഴാണ് നമ്മളൊന്ന് ഓക്കെയാവുന്നത്.
അമിതാഭ് ബച്ചനും, മമ്മൂക്കയും, ഉർവ്വശി ചേച്ചിയുമൊക്കെ 40-50 വർഷമായി സിനിമയിലുള്ളവരാണ്. ഒരു തുടക്കക്കാരനെന്ന നിലയിൽ അവരുടെ കൂടെയെല്ലാം സെറ്റിൽ നിൽക്കുമ്പോൾ സ്വാഭാവികമായും എന്തൊക്കെയാണവർ ചെയ്യുന്നതെന്ന് നമ്മൾ നോക്കിക്കാണും. ഉള്ളൊഴുക്കിന്റെ സെറ്റിൽ ഷൂട്ടിന്റെ ഇടവേളകളിലൊക്കെ ഉർവശി ചേച്ചി എല്ലാവരോടും തമാശയൊക്കെ പറഞ്ഞ് ചിരിച്ചുകൊണ്ട് ഇരിക്കുകയായിരിക്കും. ഷൂട്ട് തുടങ്ങി അടുത്ത നിമിഷം തന്നെ ആ ക്യാരക്ടർ സ്വിച്ച് ഓൺ ആകും. അതെനിക്ക് ഭയങ്കര സർപ്രൈസായിരുന്നു.
Q-അർജുന്റെ 13 വർഷത്തോളമുള്ള ഫിലിം ജേർണി നോക്കുമ്പോൾ വളരെ കുറച്ച് വർക്കുകൾ മാത്രമേ ചെയ്തിട്ടുള്ളൂ. പക്ഷേ ചെയ്ത വേഷങ്ങളെല്ലാം തന്നെ ക്രിട്ടിക്കലായും അല്ലാതെയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. റോക്കറ്റ് ബോയ്‌സിലെ എ.പി.ജെ. അബ്ദുൾ കലാം, മലയാളത്തിലേക്ക് വരികയാണെങ്കിൽ പടയിലെ കളക്ടർ, ഡിയർ ഫ്രണ്ടിലെ ശ്യാം, കണ്ണൂർ സ്‌ക്വാഡിലെ വില്ലൻ, ഇപ്പോൾ ഉള്ളൊഴുക്കിലെ രാജീവ് വരെയുള്ള കഥാപാത്രങ്ങൾ കണ്ടവരാരും മറക്കാനിടയില്ലാത്തതാണ്. ഈ സിനിമകളുടെ എല്ലാം സെലക്ഷൻ പ്രോസസ് എത്തരത്തിലായിരുന്നു. വളരെ സെലക്ടീവായി സിനിമകൾ ചെയ്യാനാണോ അർജുന് താത്പര്യം?
അങ്ങനെയൊന്നുമില്ല, ഈ സിനിമകളിലെല്ലാം എനിക്ക് ഓഫർ വന്നതാണ്. കണ്ണൂർ സ്‌ക്വാഡ് ഒഴികെയുള്ള എല്ലാ സിനിമയിലും ഓഡീഷൻ വഴിയാണ് സെലക്ട് ആയത്. സെലക്ട് ചെയ്യാനായി 10-20 സിനിമകളൊന്നും എനിക്ക് വന്നിട്ടില്ല. ഞാനൊരു തുടക്കക്കാരനാണ് നല്ല ഫിലിം മേക്കേഴ്‌സിന്റെ കൂടെ വർക്ക് ചെയ്യാൻ പറ്റുന്നത് തന്നെ ഒരു അനുഗ്രഹമാണ്.
Q- മലയാള സിനിമയിൽ 2024 ഒരു ഗോൾഡൻ ഇയറാണ്. പണ്ടൊക്കെ കണ്ടന്റിന്റെ പേരിലാണ് മലയാള സിനിമ അറിയപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ വലിയ ബോക്‌സ് ഓഫീസ് വിജയങ്ങളുമായി മലയാളം പേരെടുക്കുന്നുണ്ട്. അതിനോടൊപ്പം തന്നെ പ്രേക്ഷകരെല്ലാം തിയേറ്റർ എകസ്പീരിയൻസിന്റെ പേരിൽ വലിയ കാൻവാസിലുള്ള സിനിമകളെയും ചെറിയ സിനിമകളെയും തരംതിരിക്കുന്നതും നമുക്ക് കാണാം. കുറച്ചധികം ഇൻഡിപെൻഡന്റ് സിനിമകളിലും ചെറിയ ക്യാൻവാസിലുള്ള സിനിമകളിലും ഭാഗമായ ആക്ടറെന്ന നിലയിൽ അർജുന് ഈ ട്രെൻഡ് ആശങ്കയാണോ ഉണ്ടാക്കുന്നത്? അതോ ഇൻഡസ്ട്രിയുടെ വളർച്ചയെക്കുറിച്ച് ഓർത്തുള്ള അഭിമാനമാണോ?
ഒരു ആക്ടറെന്ന നിലയിൽ എല്ലാ സിനിമകളും തിയേറ്ററിൽ കാണാനാണ് എനിക്ക് ഇഷ്ടം. തിയേറ്റർ എക്‌സ്പീരിയൻസ് എന്ന് പറഞ്ഞ് സിനിമകളെ തരംതിരിക്കുന്നത് ഒരു ട്രെൻഡായി നിലനിൽക്കില്ലെന്നാണ് എനിക്ക് തോന്നുന്നത്. എല്ലാതരം സിനിമകൾക്കും തിയേറ്ററിൽ സ്‌പേസ് ഉണ്ടാകണം. ബോക്‌സ് ഓഫീസ് കളക്ഷന്റെ പേരിൽ മാത്രം സിനിമകളെ തരംതിരിക്കുന്നത് നീണ്ടകാലത്തേക്ക് ഉപകരിക്കില്ല.
മഞ്ഞുമ്മൽ ബോയ്‌സ്, പ്രേമലു, ഭ്രമയുഗം പോലുള്ള സിനിമകളെല്ലാം വലിയ ക്യാൻവാസിലാണ് റിലീസാകുന്നത്. ആ സിനിമകളിലെല്ലാം കൊമേഷ്യൽ കണ്ടന്റുള്ളതുകൊണ്ട് അതിന്റെ റീച്ചും വലുതായിരിക്കും. ചെറിയ സിനിമകൾ അത്രയും സ്‌ക്രീനുകളിൽ റിലീസായാൽ അത്രയും വിജയം ചിലപ്പോൾ കിട്ടിയെന്ന് വരില്ല. ആ സിനിമകൾക്ക് അനുസരിച്ചുള്ള സക്‌സസ് അതിന് കിട്ടും. അങ്ങനെ, എല്ലാ സിനിമകൾക്കും തിയേറ്ററുകളിൽ പ്രദർശിപ്പിക്കാനുള്ള അവസരം കിട്ടുമ്പോഴാണ് ഇൻഡസ്ട്രി വലുതാകുന്നത്. എന്നിരുന്നാലും മലയാളം ഇൻഡസ്ട്രി മറ്റു ഇൻഡസ്ട്രികളിൽ നിന്നെല്ലാം വ്യത്യസ്തമാണെന്നാണ് എനിക്ക് തോന്നുന്നുണ്ട്. വലിയ സിനിമകൾക്കിടയിലും ചെറിയെ ക്യാൻവാസിലിറങ്ങിയ നല്ല സിനിമകൾ കാണാനും ഇവിടെ പ്രേക്ഷകരുണ്ട്.
Q-അടുത്ത് കാലത്ത് തന്നെ ഹിറ്റാകുന്ന മലയാളം സിനിമകളെക്കുറിച്ചുള്ള വിമർശനം സ്ത്രീകൾക്ക് പ്രാധാന്യമില്ലെന്നാണ്. എന്നാൽ മലയാള സിനിമയിലെ രണ്ട് മികച്ച അഭിനേത്രികൾ ലീഡ് ചെയ്യുന്ന സിനിമയാണ് ഉള്ളൊഴുക്ക്. ഉള്ളൊഴുക്കിന്റെ വിജയം ഈ വിമർശനങ്ങൾക്കുളള മറുപടിയായിട്ടാണോ തോന്നുന്നത്?
ഉള്ളൊഴുക്ക് എന്നത് രണ്ട് നായികമാർ ലീഡ് ചെയ്യുന്ന ഫാമിലി ഡ്രാമയാണ്. ഉള്ളൊഴുക്കിന് നമ്മുടെ നിലവിലെ വാണിജ്യവിപണത്തിന് ആവശ്യമായ എലമെന്റ് പോലുമില്ല. എന്നിട്ടുപോലും ആ സിനിമക്ക് പ്രേക്ഷകരിൽ നിന്ന് കിട്ടുന്ന മികച്ച പ്രതികരണം ഇൻഡസ്ട്രിയെ സംബന്ധിച്ച് ഒരു പോസിറ്റീസ് സൈനാണ്. ഉള്ളൊഴുക്ക് പോലെ സ്ത്രീ പ്രാധാന്യമുള്ള നല്ല സിനിമകൾ വന്നാൽ അവയും തിയേറ്ററുകളിൽ ഓളമുണ്ടാക്കും. എത് ജോണറിലുള്ള സിനിമകളോ ആവട്ടെ, ആരോ അഭിനയിച്ചോട്ടെ, പക്ഷേ, ബോക്‌സ് ഓഫീസിൽ അനക്കമുണ്ടാക്കിയാൽ അതുപോലുള്ള സിനിമകൾ ഇനിയും വരും.
Q-ഉള്ളൊഴുക്ക് കണ്ട് കഴിയുമ്പോൾ സിനിമയിലെ എല്ലാ കഥാപാത്രങ്ങൾക്കും അവരുടേതായ ശരികളും ന്യായങ്ങളുമുണ്ട്. രാജീവിനും അതുപോലെ തന്നെയാണ്. പക്ഷേ സിനിമയുടെ അവസാനത്തിലേക്ക് വരുമ്പോൾ രാജീവിനെ ഒരു നെഗറ്റീവ് ഷെയ്ഡിലേക്കാണ് കൊണ്ടെത്തിക്കുന്നത്. അത് അൽപ്പം ഫോഴ്‌സ്ഡ് ആയെന്ന തരത്തിലുള്ള വിമർശനങ്ങൾ കേൾക്കുന്നുണ്ട്. അർജുൻ രാജീവിനെ കൺസീവ് ചെയ്യുന്ന സമയത്ത് ഈ ഒരു ആംഗിൾ ആലോചിച്ചിരുന്നോ?
ഉള്ളൊഴുക്കിന്റെ സ്‌ക്രിപ്റ്റ് വായിക്കുമ്പോൾ ഈ ഒരു ആംഗിൾ ഞാനും ആലോചിച്ചിരുന്നു. ഈ ഒരു തരത്തിലുള്ള ഫീഡ്ബാക്ക് തന്നെയാണ് സിനിമ കണ്ട പ്രേക്ഷകരിൽ നിന്ന് എനിക്ക് കിട്ടിയത്. ഒരുപക്ഷേ രാജീവിന് സിനിമയിൽ കൂടുതൽ ഡയലോഗുകൾ ഉണ്ടായിരുന്നെങ്കിൽ പ്രേക്ഷകർക്ക് അത്തരമൊരു ഫീൽ കിട്ടില്ലായിരുന്നു. സ്‌ക്രിപ്റ്റിൽ എഴുതിയിരിക്കുന്നത് അതുപോലെയാണ്, ഡയറക്ടർ കൺസീവ് ചെയ്ത ക്യാരക്ടറും അങ്ങനെയാണ്. അതിൽ കൂടുതൽ ഒന്നും എനിക്ക് ആക്ടടർ എന്ന നിലയിൽ ചെയ്യാനില്ല.
Q- അർജുന്റെ ഇനി വരുന്ന പ്രോജക്ടുകൾ ഏതൊക്കയാണ്? മലയാളത്തിൽ തന്നെ സജീവമാകാനോണോ ഉദ്ദേശിക്കുന്നത്?
അടുത്ത പ്രോജക്ട് ബ്ലൈൻഡ്‌ഫോൾഡ് എന്ന മലയാളം വെബ് സിരീസാണ്. സോണി ലിവിലാണ് റിലീസ് ചെയ്യുന്നത്. അൻസാറുള്ളയാണ് സംവിധായകൻ. പുഴു, ഉണ്ട എന്നീ സിനിമകളുടെ തിരക്കഥയെഴുതിയ എഴുതിയ ഹർഷദിന്റെയാണ് സ്‌ക്രിപ്റ്റ്. മലയാളത്തിൽ എനിക്ക് കുറച്ച് ഓഫറുകൾ കൂടി വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ മലയാളം സിനിമയിൽ കുറച്ചുകൂടി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.