സിനിമയിൽ വന്നശേഷം മറക്കാനാകാത്ത നോമ്പുതുറ മമ്മൂക്കയ്ക്കൊപ്പം ഉളളത്, വിളമ്പി തന്ന് കഴിപ്പിച്ചെന്ന് ആസിഫ് അലി
|ഒരു രാഷ്ട്രീയ പാർട്ടിയുടെയും ആളല്ലെങ്കിലും വാപ്പ പറഞ്ഞുതന്ന രാഷ്ട്രീയമാണ് തന്റെ ഐഡിയോളജിയെന്നും ആസിഫ്
സിനിമയിൽ വന്നശേഷമുളള മറക്കാനാകാത്ത നോമ്പുതുറ മമ്മൂക്കയ്ക്കൊപ്പം ഉളളതാണെന്ന് നടൻ ആസിഫ് അലി. ജവാൻ ഓഫ് വെളളിമല എന്ന സിനിമയുടെ കാലത്താണ് താൻ എന്നും ഓർത്തിരിക്കുന്ന ആ നോമ്പുതുറ ഉണ്ടായതെന്നും ആസിഫ് അലി പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം നോമ്പിനെക്കുറിച്ചും പെരുന്നാളിനെക്കുറിച്ചുമൊക്കെ മനസ് തുറക്കുന്നത്.
ഷൂട്ടിങ് ഉണ്ടെങ്കിലും ഇല്ലെങ്കിലും മുടങ്ങാതെ നോമ്പെടുക്കും. ആദ്യത്തെ അഞ്ചുദിവസമാണ് ബുദ്ധിമുട്ട്. ആ ദിവസങ്ങളിൽ വലിയ സ്ട്രെയിൻ വരുന്ന സീനൊക്കെ കുറച്ച് ബുദ്ധിമുട്ടാകുമെന്ന് നേരത്തെ പറയും. നോമ്പായതു കൊണ്ട് ഷൂട്ടിങ്ങിന് ബുദ്ധിമുട്ട് വരരുതെന്ന നിർബന്ധം തനിക്കുണ്ടെന്നും ആസിഫ് പറയുന്നു.
സിനിമയിൽ വന്നശേഷം മറക്കാനാകാത്ത നോമ്പുതുറ ജവാൻ ഓഫ് വെളളിമലയുടെ ഷൂട്ടിങ്ങ് നടക്കുമ്പോഴാണ്. അന്ന് നോമ്പുകാലമാണ്. മിക്കവാറും ദിവസവും മമ്മൂക്കയ്ക്കൊപ്പം കാരവാനിലാണ് നോമ്പുതുറക്കുന്നത്. ഷൂട്ടിങ് നേരത്തെ തീർന്ന ഒരു ദിവസം മമ്മൂക്ക വിളിച്ചു, വീട്ടിലേക്ക്. ഓരോ വിഭവവും പ്ലേറ്റിലേക്ക് വിളമ്പി തന്ന് കഴിപ്പിച്ചു.
ഒരു രാഷ്ട്രീയ പാർട്ടിയുടെയും ആളല്ലെങ്കിലും വാപ്പ പറഞ്ഞുതന്ന രാഷ്ട്രീയമാണ് തന്റെ ഐഡിയോളജിയെന്നും ആസിഫ് വ്യക്തമാക്കുന്നു. വാപ്പ ഷൗക്കത്ത് അലി തൊടുപുഴ മുനിസിപ്പൽ ചെയർമാനായിരുന്നു. പാർട്ടി ലോക്കൽ സെക്രട്ടറിയായി ഇപ്പോഴും സജീവ രാഷ്ട്രീയത്തിലുണ്ട്. കാര്യങ്ങളൊക്കെ മനസിലാക്കി തുടങ്ങുന്ന പ്രായത്തിൽ എന്നെ എറണാകുളത്തെ ബോർഡിങ് സ്കൂളിലാക്കി. മകൻ രാഷ്ട്രീയത്തിലേക്ക് വരാതിരിക്കാനായിരുന്നു വാപ്പയുടെ ആ നീക്കം. എത്ര ദൂരെയാണെങ്കിലും വോട്ട് ചെയ്യാനായി താൻ നാട്ടിൽ എത്താറുണ്ട്. അഭിനയത്തിനും നിർമ്മാണത്തിനും പുറമെ സംവിധാനത്തിലേക്ക് കൂടി കടക്കുമെന്നും ആസിഫ് പറയുന്നു. സംവിധാന മോഹമുണ്ട്, എപ്പോൾ, എങ്ങനെ എന്നൊന്നും പറയാറായിട്ടില്ലെന്നാണ് താരത്തിന്റെ വാക്കുകൾ.