'തഗ്ഗുകളുടെ രാജകുമാരൻ എന്ന വിളി ഒരു രസമല്ലേ; എന്റെ അമ്മ നന്നായി തഗ്ഗടിക്കുന്ന ആളായിരുന്നു'; ബൈജു സന്തോഷ്
|ഒരു സിനിമാ നടനെ ജനം പെട്ടെന്ന് ഇഷ്ടപ്പെടും. പക്ഷേ എന്തെങ്കിലുമൊരു തെറ്റ് ചെയ്താൽ ഇതേ ആൾ പെട്ടെന്ന് വെറുക്കപ്പെടുകയും ചെയ്യും.
സിനിമകളുടെ പ്രമോഷനുകളുമായി ബന്ധപ്പെട്ട വാർത്താസമ്മേളനങ്ങളിലും മറ്റും ചോദ്യങ്ങൾ ചോദിക്കുന്നവരോടുള്ള നടീ-നടന്മാരുടെ തഗ്ഗ് മറുപടികൾ വൈറലാവാറുണ്ട്. അത്തരത്തിൽ തഗ്ഗടിക്കുന്ന നടന്മാരിൽ ഒരാളാണ് വില്ലനായും സ്വഭാവനടനായും കോമഡി വേഷങ്ങളിലും തിളങ്ങിനിൽക്കുന്ന ബൈജു സന്തോഷ്. തഗ്ഗടിക്കുന്ന കഴിവ് തനിക്ക് ജന്മനാ കിട്ടിയതാണ് എന്നാണ് ബൈജു പറയുന്നത്. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.
'തഗ്ഗുകളുടെ രാജകുമാരൻ' എന്ന് വിളിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് അങ്ങനെ വിളിക്കുന്നതൊക്കെ ഒരു രസമല്ലേ എന്നായിരുന്നു നടന്റെ മറുപടി. അങ്ങനെയെങ്കിലും ആളുകൾ പറയുന്നുണ്ടല്ലോ. നമ്മളിത് തഗ്ഗാവാൻ വേണ്ടി പറയുന്നതല്ലല്ലോ, പറഞ്ഞുവരുമ്പോൾ അങ്ങനെ സംഭവിച്ചുപോവുന്നതാണെന്നും താരം പറഞ്ഞു.
ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടി എങ്ങനെ പറയുന്നു എന്ന ചോദ്യത്തിന് അത് ജന്മനാ കിട്ടിയതാണ് എന്നായിരുന്നു മറുപടി. ചെറുപ്പത്തിലേ ഉണ്ട്. തന്റെ അമ്മ ഇതുപോലെ തഗ്ഗടിക്കുന്ന ആളായിരുന്നു. അതായിരിക്കും തനിക്ക് കിട്ടിയത്. അമ്മയുടെ ഒരു ആയുസിലാണ് താൻ പിടിച്ചുനിൽക്കുന്നത്. ഒരു 75 വയസു വരെയൊക്കെ പോയാൽ മതി. അതിനുമുകളിൽ പോയാലൊരു ഭാരമല്ലേയെന്നും ബൈജു ചോദിച്ചു.
അതേസമയം, സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് പോയാലും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ രണ്ടുമൂന്ന് ചോദ്യത്തിൽ ഒതുങ്ങുമെന്നും നടൻ പറഞ്ഞു. ബാക്കി പിന്നെ വേറെ കാര്യങ്ങളാണ് പറയുന്നത്. പിന്നെ പഠാനിലേക്കും ഇന്ത്യയിലെ വെവ്വേറെ വിഷയങ്ങളിലേക്കുമാണ് ചോദ്യം പോവുന്നത്. പ്രമോഷൻ ഒരു പാർട്ട് മാത്രമായി ചുരുങ്ങി.
ശരിക്കും പേര് ബി. സന്തോഷ് കുമാർ എന്നാണ്. ബൈജു എന്ന് വീട്ടിൽ വിളിക്കുന്ന പേരാണ്. അന്ന് സന്തോഷെന്നൊരു നടനുണ്ടായിരുന്നു. അതുകൊണ്ടാണ് ബൈജു എന്നിട്ടത്. പിന്നീട് സന്തോഷും കൂടി ചേർത്തു. സന്തോഷെന്ന് കൂടി ചേർത്തിട്ട് പ്രത്യേകിച്ച് മെച്ചമെന്നും കാണുന്നില്ല. ജീവിതത്തിൽ ഒന്നിലും അമിതമായി സന്തോഷിക്കുകയും ദുഃഖിക്കുകയുമൊന്നും ചെയ്യേണ്ട ആവശ്യമില്ല.
അതേസമയം, തെറ്റുകൾ ചെയ്യുന്ന നടന്മാർക്ക് പിന്നെന്ത് സംഭവിക്കുമെന്നും നടൻ ചൂണ്ടിക്കാട്ടി. ഒരു സിനിമാ നടനെ ജനങ്ങൾ പെട്ടെന്ന് ഇഷ്ടപ്പെടും. അദ്ദേഹത്തിന്റെ സിനിമയൊക്കെ കണ്ടിട്ട് ആ ഇഷ്ടം വളരും. പക്ഷേ എന്തെങ്കിലുമൊരു തെറ്റ് ചെയ്താൽ ഇതേ ആൾ പെട്ടെന്ന് വെറുക്കപ്പെടുകയും ചെയ്യും. അത്തരമൊരു മിസ്റ്റേക് വരാൻ പാടില്ല- താരം ചൂണ്ടിക്കാട്ടി.
ഒന്നുകിൽ വലിയ മാളുകളിൽ പോവാതിരിക്കുക. പോയാൽ അവിടെ നമ്മളോടൊത്ത് ഫോട്ടോയെടുക്കാൻ വരുന്നവർക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാനും സംസാരിക്കാനും നമ്മൾ ബാധ്യസ്ഥരാണ്. അല്ലെങ്കിൽ നമ്മൾ ഈ തൊഴിലിന് പോവരുത്. താനത് പാലിക്കാറുണ്ട്. കാരണം അത് ജനങ്ങളുമായുള്ള നമ്മുടെയൊരു പ്രതിബദ്ധതയാണ്- നടൻ വിശദമാക്കി.