നടന് ബാലയുടെ കരള്‍ ശസ്ത്രക്രിയ വിജയം; നാലാഴ്ച ആശുപത്രിയില്‍ തുടരണം
|നിലവില്‍ പോസ്റ്റ് ഓപ്പറേറ്റീവ് ഐ.സി.യുവിലാണ് ബാല
കൊച്ചി: കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന് ബാലയുടെ കരള്‍ മാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ശസ്ത്രക്രിയക്ക് ശേഷം ബാലയുടെ നില തൃപ്തികരമാണെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം. നിലവില്‍ പോസ്റ്റ് ഓപ്പറേറ്റീവ് ഐ.സി.യുവിലാണ് ബാല. നാലാഴ്ചയോളം ആശുപത്രിയില്‍ ഇനിയും ബാല തുടരേണ്ടി വരും.
ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് ഒരുമാസം മുമ്പാണ് ബാലയെ എറണാകുളത്തെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് അതിവേഗം ബാല ജീവിതത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു. കരള്‍മാറ്റ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിർദേശിച്ചത്. ബാലയ്ക്കുവേണ്ടി കരള്‍ പകുത്ത് നല്കാന് നിരവധിപ്പേരാണ് മുന്നോട്ട് വന്നിരുന്നു. അതില്‍നിന്ന് ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു. ദാതാവും പൂര്‍ണ ആരോഗ്യവാനായി ആശുപത്രിയില്‍ തുടരുന്നുണ്ട്. ഭാര്യ എലിസബത്തിനൊപ്പം കഴിഞ്ഞ ദിവസം പങ്കുവച്ച വിഡിയോയിൽ ശസ്ത്രക്രിയയുടെ കാര്യം ബാല സൂചിപ്പിച്ചിരുന്നു.
'അൻപ്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ബാല ചലച്ചിത്ര രംഗത്തേക്കെത്തുന്നത്. 'കളഭം' ആണ് ആദ്യ മലയാള ചിത്രം. മമ്മൂട്ടിയോടൊപ്പം 'ബിഗ് ബി'യിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് പുതിയ മുഖം, അലക്സാണ്ടർ ദി ഗ്രേറ്റ്, ഹീറോ, വീരം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. നടനും സഹനടനായും വില്ലനായും ബാല തിളങ്ങി. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ 'ഷെഫീക്കിന്റെ സന്തോഷം' ആണ് ബാലയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.