അടിമുടി ദുരൂഹത; ദർശന്റെ മുൻ മാനേജരെ കാണാതായിട്ട് എട്ട് വർഷം
|കർണാടകയിലെ ഗഡക് സ്വദേശിയായ മല്ലികാർജുനെ കുറിച്ച് 2016 മുതൽ ഒരു വിവരവുമില്ല
ന്യൂഡൽഹി: ആരാധകനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള കന്നഡ സൂപ്പർ താരം ദർശന്റെ മുൻ മാനേജരെ കാണാതായിട്ട് എട്ട് വർഷം. കർണാടകയിലെ ഗഡക് സ്വദേശിയായ മല്ലികാർജുനെ കുറിച്ച് 2016 മുതൽ ഒരു വിവരവുമില്ല.
കർണാടക ചിത്രദുർഗ സ്വദേശിയായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ ദർശന്റെ വ്യക്തിജീവിതവും വാർത്തകളിലിടം പിടിക്കാൻ തുടങ്ങിയിട്ട് നാളുകളായിരുന്നു. കേസിൽ ദർശന്റെ പങ്ക് വ്യക്തമായതോടെ ദർശന്റെ പേരിൽ നേരത്തേ തന്നെയുള്ള കേസുകളും മറ്റും തലപൊക്കിത്തുടങ്ങി. ഇതിന് പിന്നാലെയാണിപ്പോൾ മുൻ മാനേജരുടെ തിരോധാനവും.
മാനേജരേക്കാളുപരി വ്യക്തിജീവിതത്തിലും ദർശനോട് അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ് മല്ലികാർജുൻ എന്നാണ് വിവരം. ദർശന്റെ ഫിലിം ഷെഡ്യൂളുകളും മറ്റ് പ്രൊഫഷണൽ കാര്യങ്ങളും ക്രമീകരിക്കുന്നതിന് പുറമെ നിർമാണത്തിലും വിതരണത്തിലും ഇയാൾക്ക് പങ്കുണ്ടായിരുന്നു. എന്നാൽ കാര്യമായ സാമ്പത്തികഭദ്രത ഇയാൾക്കുണ്ടായിരുന്നില്ല.
സിനിമാ നിർമാണത്തിൽ നേരിട്ട വലിയ നഷ്ടം മൂലം കനത്ത സാമ്പത്തിക ബാധ്യതയാണ് മല്ലികാർജുൻ നേരിട്ടിരുന്നത്. പ്രശസ്ത നടൻ അർജുൻ സർജയിൽ നിന്ന് ഇയാൾ ഒരു കോടി രൂപ വാങ്ങിയിരുന്നു. അർജുന്റെ 'പ്രേമ ബരാഹ' എന്ന ചിത്രത്തിന്റെ വിതരണക്കാരനായിരുന്നു ഇയാൾ. പണം ആവശ്യപ്പെട്ട് അർജുൻ മല്ലികാർജുന്‍ നോട്ടീസ് അയച്ചതോടെ സംഭവം വലിയ വാർത്തയായി.
ദർശനുമായും മല്ലികാർജുന്‍ സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരം. ദർശന്റെ പേരിൽ പലരിൽ നിന്നായി ഇയാൾ രണ്ട് കോടിയോളം രൂപ വാങ്ങിയിരുന്നു. ഇതറിഞ്ഞതോടെ ദർശനുമായും പ്രശ്നങ്ങളുണ്ടായി.
2016 മുതൽ ഇയാളെക്കുറിച്ച് വീട്ടുകാർക്കോ സുഹൃത്തുക്കൾക്കോ യാതൊരു വിവരവുമില്ല. കൊലപാതകക്കേസിൽ ദർശൻ അറസ്റ്റിലായതോടെ മല്ലികാർജുന്റെ തിരോധാനവും ചർച്ചയാവുകയാണ്. മല്ലികാർജുനെ കാണാതായതിൽ ദർശന്റെ കുടുംബത്തിൽ നിന്ന് ഇതുവരെ യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല.
ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശമയച്ചതിനാണ് രേണുകാസ്വാമി എന്ന യുവാവിനെ ദർശൻ കൊലപ്പെടുത്തിയത്. ഇത്രയധികം പക സൂക്ഷിക്കുന്ന ദർശൻ തന്റെ മാനേജരെയും സമാനരീതിയിൽ കൊലപ്പെടുത്തിയോ എന്നതാണ് ദുരൂഹത.
മാരകമായ 15 മുറിവുകളാണ് രേണുകാസ്വാമിയുടെ ശരീരത്തിൽ കണ്ടെത്തിയത്. മരണത്തിന് മുമ്പ് യുവാവ് ക്രൂരമർദനത്തിനിരയായാതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ദർശനും പവിത്രയും യുവാവിനെ മർദിച്ചതായാണ് പൊലീസിന്റെ കണ്ടെത്തൽ.
മർദനത്തിൽ ബോധരഹിതനായ യുവാവിനെ അക്രമികൾ ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞതായും പൊലീസ് പറയുന്നു. പിന്നീട് ഇയാളെ സുമനഹള്ളിയിലെ അഴുക്കുചാലിൽ തള്ളി. ഇവിടെ നിന്നാണ് പൊലീസ് രേണുകാസ്വാമിയുടെ മൃതദേഹം കണ്ടെത്തുന്നത്.